| Wednesday, 21st February 2018, 12:22 pm

രോഹിത് വെമുലയുടെ ആത്മഹത്യ; നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ തയാറാണെന്ന് രാധിക വെമുല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രോഹിത് വെമൂലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാല പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ തയ്യാറാണെന്ന് മാതാവ് രാധിക വെമുല അറിയിച്ചു. എട്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

മകന്റെ ആത്മഹത്യക്ക് കാരണക്കാരായ വൈസ് ചാന്‍സ്ലര്‍ അപ്പറാവുവും, ബി.ജെ.പി. നേതാക്കളായ ബന്ധാരു ദത്താത്രേയയും, രാമചന്ദ്രന്‍ റാവുവും, സ്മൃതി ഇറാനിയും തന്നെ നിശബ്ദയാക്കാനാണ് പണം നല്‍കുന്നത് എന്ന് ആരോപിച്ച് നഷ്ടപരിഹാരത്തുക വാങ്ങിക്കുകയില്ലെന്ന് രാധിക വെമുല മുന്‍പ് പറഞ്ഞിരുന്നു. തന്റെ മകന് നീതി കിട്ടാന്‍ വേണ്ടിയാണ് അന്ന് പണം സ്വീകരിക്കില്ലെന്ന് പറഞ്ഞത്.

എന്നാല്‍ പട്ടികജാതി കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത് എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇന്ന് പണം സ്വീകരിക്കാന്‍ തയ്യാറാകുന്നത് എന്ന് രാധിക വെമുല വ്യക്തമാക്കി.

രോഹിത് ഉള്‍പ്പടെ അഞ്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൈദരാബാദ് സര്‍വകലാശാല കടുത്ത നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് 2016 ജനുവരി 17നാണ് രോഹിത് വെമുലയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more