അക്രമങ്ങള്‍ക്കിരയാകുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം മുടങ്ങുന്നു; പ്രതിഷേധം ശക്തം
Dalit Life and Struggle
അക്രമങ്ങള്‍ക്കിരയാകുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം മുടങ്ങുന്നു; പ്രതിഷേധം ശക്തം
ജിതിന്‍ ടി പി
Wednesday, 25th April 2018, 8:24 pm

അക്രമങ്ങള്‍ക്കിരയാകുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ മാത്രം 35 ലക്ഷം രൂപയോളം വിതരണം ചെയ്യാനുണ്ടെന്ന് ആദി ദ്രാവിഡ സംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി കെ. സോമന്‍ പറയുന്നു. അര്‍ഹമായ തുക നല്‍കാതെ സര്‍ക്കാര്‍ പട്ടിജാതി-പട്ടികവര്‍ഗ വിഭാഗക്കാരെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എസ്.സി-എസ്.ടി ആക്ട് പ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ആക്രമിക്കപ്പെട്ടാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന ദിവസം തന്നെ ഇതിനായി നിശ്ചയിക്കുന്ന ധനസഹായത്തിന്റെ 25 ശതമാനം നല്‍കണമെന്നാണ് നിയമം. ബാക്കി തുക കേസിന്റെ വിധി കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലും നല്‍കണം. കേസിന്റെ സ്വഭാവമനുസരിച്ച് 50,000 രൂപ മുതല്‍ മൂന്നരലക്ഷം രൂപവരെയാണ് ഇരകള്‍ക്ക് ലഭിക്കേണ്ടത്.

 

എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ധനസഹായം നല്‍കാന്‍ ധനകാര്യ വകുപ്പ് തയ്യാറാകുന്നില്ലെന്ന് സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഇരകള്‍ക്ക് ധനസഹായം നല്‍കാന്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് സോമന്‍ മുന്നറിയിപ്പ് നല്‍കി.


Also Read:  യക്ഷിയെ തളച്ചത് മന്ത്രവാദിയല്ല, കെ.എസ്.ഇ.ബിയുടെ ബള്‍ബുകളാണ്; പൊന്നാനിയില്‍ നിന്നും ഒരു കോളേജ് മാഗസിന്‍


“2016 ആഗസ്റ്റില്‍ അങ്കമാലി സ്വദേശിനിയായ ലിസ രാജേഷ് നല്‍കിയ പരാതിയില്‍ ഇതുവരെയും ധനസഹായം ലഭ്യമാക്കിയിട്ടില്ല. ഓണത്തിനിടെ വീടിനുമുന്‍പില്‍വെച്ച് പ്രതി ലിംഗം പുറത്ത് കാണിക്കുകയും ലൈംഗിക ചേഷ്ടകള്‍ ചെയ്തുവെന്നുമാണ് പരാതി. സംഭവത്തില്‍ ആലുവ റൂറല്‍ എസ്.പിയ്ക്ക് നല്‍കിയ പരാതി പ്രകാരം അങ്കമാലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.”

ഈ സംഭവം നടന്നിട്ട് ആഗസ്റ്റിലേക്ക് രണ്ട് വര്‍ഷമാകാനിരിക്കെ ഇതുവരെയും നിയമപരമായി ലഭിക്കേണ്ട ധനസഹായം ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സോമന്‍ പറയുന്നു. “കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ റിമാന്‍ഡ് ചെയ്തിട്ട് രണ്ട് വര്‍ഷത്തോളമായി. കേസ് രജിസ്റ്റര്‍ ചെയ്താല്‍ അന്നുതന്നെ ധനസഹായത്തിന്റെ 25 ശതമാനം നല്‍കണമെന്നാണ് നിയമം.” സോമന്‍ കൂട്ടിച്ചേര്‍ത്തു.

 

അതേസമയം വിഷയത്തില്‍ അനാസ്ഥ കാണിക്കുന്നത് ധനകാര്യ വകുപ്പാണെന്നും സോമന്‍ പറയുന്നു. “പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന് ഇത് സംബന്ധിച്ച കത്ത് കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തുക പാസാക്കിയിരുന്നു. 35 ലക്ഷം രൂപയാണ് എറണാകുളം ജില്ലയില്‍ മാത്രം വിതരണം ചെയ്യാനുള്ളതെന്ന് അങ്ങനെയാണ് മനസിലായത്. സംസ്ഥാനത്തെമ്പാടും ഇത്തരത്തില്‍ കോടിക്കണക്കിന് തുകയാണ് കെട്ടിക്കിടക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗവകുപ്പിന്റെ അനാസ്ഥയെന്ന് ഇതിനെ പറയാനാകില്ല. ധനവകുപ്പ് സാമ്പത്തിക പ്രതിസന്ധി എന്നു പറഞ്ഞാണ് ധനസഹായം തടഞ്ഞുവെച്ചിരിക്കുന്നത്.”


Also Read:  ‘പൂരപ്പറമ്പുകളിലും മറ്റും ഞങ്ങളും നേരിട്ടിട്ടുണ്ട് ലൈംഗിക അതിക്രമങ്ങള്‍’; ഹസ്‌നയുടെ അനുഭവം ശരിവെച്ച് കൂടുതല്‍ സ്ത്രീകള്‍


 

സാമ്പത്തിക പ്രതിസന്ധി എന്നു പറഞ്ഞ് ധനസഹായം തടഞ്ഞുവെക്കുന്ന കാലയളവില്‍തന്നെയാണ് എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മറ്റെല്ലാ മേഖലകളിലും തുക കൃത്യമായി കൊടുക്കുമ്പോള്‍ എന്തിനാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരോട് മാത്രം ഇത്തരത്തില്‍ പെരുമാറുന്നതെന്നും സോമന്‍ ചോദിക്കുന്നു.

 

വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ധനകാര്യമന്ത്രി തോമസ് ഐസകിന് കത്ത് നല്‍കിയിട്ടുണ്ട്. കൃത്യമായ മറുപടി ലഭിക്കാതിരിക്കുകയോ നടപടി ഇല്ലാതിരിക്കുകയോ ചെയ്യുന്ന പക്ഷം എറണാകുളം കളക്ടറേറ്റ് പടിക്കല്‍ സമരം ആരംഭിക്കും. എസ്.സി- എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയ നടപടിയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യം നിഷേധിക്കുന്നതിന് പിന്നിലും ഇത്തരം ഗൂഢാലോചനയുടെ ബാക്കിപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.സി- എസ്.ടി മേഖലയോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന കടുത്ത അവഗണനയുടെ ഉദാഹരണമാണ് ഇത് കാണിക്കുന്നത്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.