ഹത്രാസ് ദുരന്തം; ഇരകള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം വര്‍ധിപ്പിക്കണം, നിഷ്പക്ഷ അന്വേഷണം നടത്തണം; യോഗിക്ക് കത്തയച്ച് രാഹുല്‍
national news
ഹത്രാസ് ദുരന്തം; ഇരകള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം വര്‍ധിപ്പിക്കണം, നിഷ്പക്ഷ അന്വേഷണം നടത്തണം; യോഗിക്ക് കത്തയച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th July 2024, 6:37 pm

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി കത്തയച്ചത്.

‘ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം വളരെ കുറവാണ്. നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും അത് എത്രയും വേഗം നല്‍കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യു.പി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഹത്രാസില്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ അനാസ്ഥയാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പിന്നാലെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഈ വിഷയവും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും നീതിന്യായ വ്യവസ്ഥയില്‍ ഇരകളായ കുടുംബങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനും ശരിയായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

‘ദുഖത്തിന്റെ ഈ വേളയില്‍, ദുരിതബാധിതരായ കുടുംബങ്ങളെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഈ വിഷയത്തില്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകരും ഞാനും തയ്യാറാണ്. ഈ വിഷയം ഗൗരവത്തോടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ജൂലായ് രണ്ടിനാണ് ആള്‍ദൈവം ഭോലെ ബാബയുടെ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

ദുരന്തത്തെ കുറിച്ച് അന്വേഷിക്കാനും അപകടത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ യു.പി സര്‍ക്കാര്‍ ബുധനാഴ്ച നിയോഗിച്ചിരുന്നു.

ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്. സംഭവത്തില്‍ മുഖ്യപ്രതിയെന്ന് അന്വേഷണ സംഘം പറയുന്ന ദേവപ്രകാശ് മധുകറിനെ ദല്‍ഹിയില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlight: ‘Compensation for Hathras stampede victims inadequate’: Rahul Gandhi to UP CM Yogi Adityanath