|

പഠനം നിർത്താൻ ഭാര്യയെ നിർബന്ധിക്കുന്നത് അവളുടെ സ്വപ്നങ്ങൾ തകർക്കുന്നതിനും മാനസിക പീഡനത്തിനും തുല്യമാണ്: മധ്യപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: പഠനം നിർത്താൻ ഭാര്യയെ നിർബന്ധിക്കുന്നത് അവളുടെ സ്വപ്നങ്ങളെ തകർക്കുന്നതിനും മാനസിക പീഡനത്തിന് തുല്യമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന്റേതാണ് നിരീക്ഷണം. യുവതിക്ക് വിവാഹ മോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ഭാര്യയെ പഠനം നിർത്താൻ നിർബന്ധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്നും ഇത് 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(ia) പ്രകാരം വിവാഹമോചനത്തിന് അനുമതി നൽകാനുള്ള കാരണമാണെന്നും കോടതി വിധിച്ചു.

തന്നെ തുടർന്ന് പഠിക്കാൻ അനുവദിക്കാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ ഹരജി തള്ളിക്കളഞ്ഞ ഷാജാപൂരിലെ കുടുംബ കോടതിയുടെ വിധിക്കെതിരെ യുവതി നൽകിയ ഹരജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി.

ഒരു സ്ത്രീ വൈവാഹിക ബാധ്യതകളുടെ പേരിൽ അവളുടെ സ്വപ്നങ്ങളും കരിയറും ത്യജിക്കുന്ന കേസാണിതെന്നും കുടുംബ കോടതി എങ്ങനെ ഇത് തള്ളിക്കളഞ്ഞെന്നും ഹൈക്കോടതി ചോദിച്ചു.

2015 ലാണ് യുവതിയും പ്രതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് ഹരജിക്കാരി 12-ാം ക്ലാസ് പാസായിരുന്നു. തുടർന്ന് പഠനം തുടരാൻ യുവതി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, വിവാഹസമയത് മാതാപിതാക്കളും ഭർതൃവീട്ടുകാരും ഇത് സമ്മതിക്കുകയും ചെയ്തിരുന്നു. പഠനത്തിനായി യുവതിയെ അവരുടെ മാതൃവീട്ടിൽ നിൽക്കാൻ അനുവദിക്കുമെന്നും സമ്മതിച്ചിരുന്നു. തുടർന്ന് വിവാഹശേഷം ഹർജിക്കാരിയെ രണ്ട് ദിവസത്തേക്ക് അവരുടെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ പിന്നീട് യുവതിയെ മാതൃവീട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയോ പഠനം തുടരാൻ അനുവദിക്കുകയോ ചെയ്തില്ല.

പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുകയും ചെയ്തു. ഭർതൃവീട്ടിൽ നിന്ന് യുവതിയെ മദ്യപിച്ച ഭർത്താവ് ബലാത്സംഗം ചെയ്തു. ഇത് അവരുടെ ജീവൻ അപകടത്തിലാക്കി. പിന്നാലെ യുവതി 2005ലെ ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം കേസും വിവാഹമോചനത്തിനുള്ള അപേക്ഷയും ഫയൽ ചെയ്തു.

എന്നാൽ പ്രതികൾ സമർപ്പിച്ച മറുപടിയിൽ, ഭർത്താവിനും ഭർതൃകുടുംബത്തിനും യുവതി തുടർന്ന് പഠിക്കുന്നതിൽ എതിർപ്പില്ലെന്ന് അവകാശപ്പെട്ടിരുന്നു. ബി.എസ്‌സി. കോഴ്‌സിന് ആവശ്യമായ ചെലവുകൾ അവർ നൽകിയിട്ടുണ്ടെന്നും ഹറജിക്കാരിയുടെ തുടർ പഠനത്തിന് സഹകരിക്കുമെന്ന് ഭർത്താവ് ഉറപ്പുനൽകിയെന്നും ഭർതൃകുടുംബം അവകാശപ്പെട്ടു.

ഇതോടെ ന്യായമായ കാരണമില്ലാതെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതായി കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്ജി വിധിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹരജി തള്ളുകയും ചെയ്തു. ഇതിനെതിരെ യുവതി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Compelling Wife To Discontinue Studies Is Akin To Destroying Her Dreams, Amounts To Mental Cruelty: Madhya Pradesh High Court