കൊച്ചി: പൃഥിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ വാരിയംകുന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നിര്‍മാതാക്കളായ കോമ്പസ് മൂവീസ്.
ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാല്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടില്‍ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നെന്നും എന്നാല്‍ വാരിയംകുന്നന്‍ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങളെന്നുമാണ് കോമ്പസ് മൂവീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലത്തിന്റേയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടേയും അവതരിപ്പിക്കുന്നതായി ഈ സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ആ ദിശയില്‍ വിപുലമായ പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരെപ്പറ്റിയും നടീനടന്മാരെകുറിച്ചുമുള്ള പരിഷ്‌കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും കോമ്പസ് മൂവീസ് അറിയിച്ചു.
വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെന്നും എന്നാല്‍ ഇത് മനസിലാക്കി തന്നെയാണ് ഈ പദ്ധതിക്ക് തങ്ങള്‍ തുടക്കം കുറിച്ചിരുന്നതെന്നും കോമ്പസ് മൂവീസ് ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
”ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിലൂന്നിയ ജന്മിത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം. അത് ചലച്ചിത്രമായി അവതരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ ഉത്തരവാദിത്തം പോലെ തന്നെ പ്രസക്തമാണ് കലാപരമായ ചുമതലാബോധവും.
ആ ഉറച്ച ബോധ്യത്തില്‍ തന്നെയാണ് ഈ പദ്ധതി അര്‍ഹിക്കുന്ന കലാമേന്മയോടേയും സാങ്കേതികത്തികവോടേയും തന്നെ സാക്ഷാത്ക്കരിക്കപ്പെടണം എന്ന നിഷ്‌കര്‍ഷ ഞങ്ങള്‍ വെച്ചുപുലര്‍ത്തിയത്. അതിനായി ഇന്ത്യയിലെ തന്നെ മികച്ച ടെക്‌നീഷ്യന്‍മാരുമായും ചലച്ചിത്ര താരങ്ങളുമായും ഈ പദ്ധതി വിവിധഘട്ടങ്ങളില്‍ ധാരണയായിട്ടുണ്ട്. അങ്ങനെ സാധ്യമായ ഒരു കൂട്ടുകെട്ടില്‍ നിന്നാണ് 2020 ജൂണ്‍ മാസം 22 ന് ഈ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനം സംഭവിക്കുന്നത്.
തുടര്‍ന്ന് ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാല്‍ പ്രഖ്യാപിക്കപ്പെട്ട പ്രൊജക്ടില്‍ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നു. എന്നാല്‍ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദൂരീകരിക്കേണ്ടതുണ്ട്.
കോമ്പസ് മൂവീസ് വാരിയംകുന്നന്‍ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലത്തിന്റേയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടേയും അവതരിപ്പിക്കുന്നതായി ഈ സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആ ദിശയില്‍ വിപുലമായ പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരെപ്പറ്റിയും നടീനടന്മാരെകുറിച്ചുമുള്ള പരിഷ്‌കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും,” കോമ്പസ് മൂവീസ് പറഞ്ഞു.
2020 ജൂണില്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നടന്‍ പൃഥ്വിരാജ് സുകുമാരന് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.
‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്.
മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം. ഇതേ പ്രമേയത്തില്‍ പി.ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വെങ്ങരയും അലി അക്ബറും സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.