2023 സീസണോടെ എം.എസ്. ധോണി ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുമെന്നായിരുന്നു ആദ്യം മുതല്‍ ഉണ്ടായിരുന്ന സൂചനകള്‍. എന്നാല്‍ തന്റെ ഫിറ്റ്‌നസ് അനുവദിക്കുകയാണെങ്കില്‍ അടുത്ത ഒരു സീസണില്‍ കൂടി ചെന്നൈ ജേഴ്‌സി അണിയുമെന്നാണ് ഐ.പി.എല്‍ കിരീട നേട്ടത്തിന് പിന്നാലെ താരം പ്രതികരിച്ചത്.
ഐ.പി.എല്ലില്‍ ധോണിയുടെ സാഹചര്യത്തിന് സമാനമാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ദേശീയ ജേഴ്‌സിയില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനവും. 2022ലെ ഖത്തര്‍ ലോകകപ്പിന് പിന്നാലെ താരം വിരമിക്കുമെന്നായിരുന്നു ടൂര്‍ണമെന്റിന് മുമ്പുള്ള അഭ്യൂഹങ്ങള്‍.
എന്നാല്‍ ലോകകപ്പില്‍ അര്‍ജന്റീന ജേതാക്കളായി. മെസിയെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനൊക്കെ പിന്നാലെ അടുത്ത ഒരു ലോകകപ്പ് കൂടി കളിച്ചേക്കുമെന്ന സൂചനയാണ് താരം നല്‍കിയത്.
മെസിയും ധോണിയും സമന്മാരാകുന്നത് അവസാന ടൂര്‍ണമെന്റില്‍ ഇരുവരുടെയും ടീം ചാമ്പ്യന്മാരായതും ഈ ടൂര്‍ണമെന്റുകളില്‍ ഇരുവര്‍ക്കും കിട്ടിയ ആരാധക പന്തുണയുമാണ്.
ഖത്തര്‍ ലോകകപ്പിന്റെ മുഖമാകാന്‍ ലയണല്‍ മെസിക്ക് കഴിഞ്ഞിരുന്നു. അതുപോലെ 2023 സീസണില്‍ ഐ.പി.എല്‍ മത്സരങ്ങളെല്ലാം ധോണിക്ക് സ്‌പെഷ്യലായിരുന്നു.
പ്രാഥമിക ഗ്രൂപ്പ് ഘട്ടങ്ങളിലെ മത്സരങ്ങളിലെല്ലാം ബ്രോഡ്കാസ്റ്റിങ്ങ് പ്ലാറ്റ് ഫോമുകളില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പായിരുന്നു ചെന്നൈയുടെ മത്സരങ്ങള്‍ക്കുണ്ടായിരുന്നത്. അതില്‍ തന്നെ ധോണി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഈ എണ്ണം വര്‍ധിച്ചിരുന്നു.
അടുത്തത്, ഇരുവരുടെയും പ്രായമാണ്. ധോണിക്ക് 41 വയസാണിപ്പോള്‍. ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് വലിയ പ്രായമാണ്. അതുകൊണ്ട് തന്നെ 42ാം വയസില്‍ വീണ്ടും അടുത്ത സീസണില്‍ തിരികെവരാന്‍ ധോണിക്കാകുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.
ലയണല്‍ മെസിക്ക് 35 വയസായി, 35ാം വയസിലും മെസി നല്ല ഫിറ്റ്‌നസോടെയാണ് ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞ് നടക്കുന്ന ലോകകപ്പ് ആകുമ്പോഴേക്ക് ഫുട്‌ബോള്‍ പോലെ നല്ല ഫിറ്റനസ് വേണ്ട ഗെയിം കളിക്കാന്‍ മെസിക്കാകുമോ എന്നതാണ് ചോദ്യം. ഈ അര്‍ത്ഥത്തില്‍ ധോണിയുടെ ഐ.പി.എല്‍ വരമിക്കലും മെസിയുടെ ദേശീയ ജേഴ്‌സിയില്‍ നിന്നുള്ള വിരമിക്കലിനും ഒരുപാട് സാമ്യതകളുണ്ട്.