ഒരു പക്ഷേ……… നമ്മുടെ പ്രിയ വിജയന്റെ വിരലുകള്‍ അങ്ങനെ പരിഭവിച്ചാവും അദ്ദേഹത്തിന്റെ എഴുത്തുവഴിയില്‍ ഇടറി നിന്നത്..!
മാര്‍ക്കേസിന്റെ തലച്ചോറ് വിരലുകളോട് പിണങ്ങിപ്പോയത്…!
ദാസ്‌തെവസ്‌കി……. അന്നയെ കൂട്ടു പിടിച്ചത്… വിരലുകള്‍ പരിഭവിച്ചപ്പോള്‍….. ‘പോടാ എനിക്ക് എന്റെ അന്നയുണ്ടെന്ന്’ നാവിനാല്‍ അയാള്‍ വിരലുകളെ വെല്ലു വിളിച്ചു
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
എങ്ങനെയാണ് എഴുത്തുകാര്‍ ഇത്രയും വിശാലമായി എഴുതുന്നത് !! ചെറുപ്പത്തില്‍ എന്റെയൊരു നോവായിരുന്നു ആ അറിവില്ലായ്മ. വായനയുടെ പടികള്‍ പതിയെ ചവിട്ടിയോ ഇഴഞ്ഞോ കയറാന്‍ ശ്രമിക്കുന്ന നാളുകളിലൊന്നില്‍ ഞാന്‍ അതിശയിച്ചു….
ഏതൊരു നോവലും ഒരു വരി മാത്രമല്ലേ…?
രവി തസ്രാക്കില്‍ വന്നിറങ്ങുന്നതും തസ്രാക്കിന്റെ മണ്ണിലൂടെ നടക്കുന്നതും പിന്നെ തിരിച്ചു പോകുന്നതുമായ ആ ഇതിഹാസം ഒരു വരിയിലോ മൂന്നു വാക്കിലോ എഴുത്തുകാരന്റെ മനസ്സില്‍ സൂക്ഷിച്ച ഒരു ഗണിത കൗതുകത്തിന്റെ നിര്‍ദ്ധാരണം .[]
രവിയുടെ അശാന്തമായ യാത്ര !
ഇത്രയുമല്ലേ യഥാര്‍ത്ഥത്തില്‍ ഖസാക്കിന്റെ ഇതിഹാസം. ! എഴുത്തുകാരന്റെ മനസ്സില്‍ തിങ്ങി വിങ്ങി നിന്നിരുന്ന ഈ പ്രഹേളികയുടെ പൊട്ടിച്ചിതറലായിരുന്നു ആ നോവല്‍ ! എഴുത്തുകാരന്‍ അനുഭവിച്ച നോവിനെ വായനക്കാരനിലേക്കെത്തിക്കാന്‍ ഓ.വിയ്ക്ക് ധാരാളം വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നു. അപ്പോഴും എഴുത്തുകാരന്റെ ഉള്ളിലുള്ള ഖസാക്കിനെ വായനക്കാരനു പൂര്‍ണ്ണമായി നല്‍കിയില്ലെന്ന് എഴുത്തുകാരന്‍ ചിന്തിക്കുകയും ആ ചിന്ത അയാളുടെ അശാന്തമായ രാത്രികളെ വീണ്ടും വീണ്ടും പൊള്ളിക്കുകയും ചെയ്തിരിക്കാം.
എഴുത്തുകാരന്‍ ആവുക എന്നത് ഈ ലോകത്തില്‍ ഏറ്റവും വിഷമകരമായ, സ്വയം നോവുന്ന ഒരു നീറ്റലാണ്. എത്ര എഴുതിയാലും സംതൃപ്തനാവാതെ, പൂര്‍ണ്ണമായൊരു വാക്കും ലഭിക്കാതെ പ്രകൃതിയോട് അസൂയപ്പെട്ടും അതിനോട് പരിഭവിച്ചും എഴുത്തുകാരന്‍ അവന്റെ ദിനങ്ങളെയും രാവുകളെയും നശിപ്പിച്ചുകൊണ്ടിരിക്കും.
മാര്‍ക്കേസിന്റെ കോളറാക്കാലത്തെ പ്രണയവും ഒരു വാചകത്തില്‍ അവസാനിക്കും.
പ്രണയ നഷ്ടം സംഭവിച്ചൊരുവന്‍ അത് പൊരുതി നേടുന്നു…!
ഈ പൊരുതി നേടല്‍ സാധാരണ അത്ര കാണാറില്ല. പ്രണയ നഷ്ടം സംഭവിക്കുന്നതോടെ ഒരാള്‍ നിരാശതയിലേക്കോ അല്ലെങ്കില്‍ മറ്റൊരു പ്രണയത്തിലേക്കോ അതുമല്ലെങ്കില്‍ ജീവിതത്തിനൊരു സലാം പറച്ചിലിലെക്കോ ആവും സഞ്ചരിച്ചിരുന്നത് . എന്നാല്‍ മാര്‍ക്കേസ് മറ്റൊരു രീതിയിലാണ് പ്രണയത്തെ നോക്കിക്കണ്ടത്. അത് നഷ്ടമായാല്‍ അതിനെ പിന്തുടരുകയും അതിനെ തിരിച്ച് പിടിക്കുകയും ചെയ്യുകയെന്ന അതി സാഹസം.
പ്രണയം സോപ്പ് കുമിള പോലെ ഉയര്‍ന്ന് പൊങ്ങുമ്പോള്‍…. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകര്‍ന്ന് അന്തരീക്ഷത്തില്‍ മാഞ്ഞുപോകാവുന്ന.. അതിനു പിന്നാലെ പോകുന്നവനെ അവതരിപ്പിക്കാന്‍ അസാധാരണമായ ധൈര്യം ആവശ്യമാണ്. പ്രണയത്തോട് ആഴത്തിലും തീവ്രമായും അടുത്തു നിന്നതിനാലാണ് മാര്‍ക്കേസിനു അതിനു സാധിച്ചത്.
കുറ്റവും ശിക്ഷയും എന്ന ദാസ്‌തേവസ്‌കിയുടെ നോവലും ഒരു വരിയിലൊതുങ്ങും…
അല്ലെങ്കില്‍ എന്തിന് … ആ നോവലിന്റെ രണ്ട് വാക്കുകള്‍ മാത്രം “കുറ്റവും ശിക്ഷയും” മാത്രം മതി, മനോഹരമായ ആ നോവല്‍ ദാസ്‌തേവസ്‌കിക്ക് എഴുതാന്‍! എഴുത്തുകാരന്റെ മനസ്സിനെ നീറ്റിക്കൊണ്ടിരുന്ന പുണ്യപാപ ബോധത്തിന്റെ ആഴത്തിലുള്ളൊരു പരിശോധനയാണു ആ നോവല്‍.
എത്ര എഴുതിയിട്ടും ദാസ്‌തേവസ്‌കിയെന്ന, ഈ ലോകത്തിലെ ഏറ്റവും നിഗൂഡവും തണുത്തുറഞ്ഞതും ഇരുട്ട് നിറഞ്ഞതുമായ ആ മനസ്സിന്റെ ഒരു കോണിലേക്ക് പോലും എഴുത്തുകാരനു കടന്നു ചെല്ലാന്‍ സാധിച്ചില്ല.ദാസ്‌തേവസ്‌കി തന്റെ മനസ്സിനെ സ്വയം തേടിയലഞ്ഞൊരു എഴുത്തുകാരനായിരുന്നു. അയാള്‍ അയാളെ അന്വേഷിക്കുകയായിരുന്നു!
അതാണു വായനക്കാരന്‍ ദാസ്‌തേവസ്‌കിയിലേക്ക് എത്തുമ്പോള്‍ വലിയൊരു കാടിന്റെ ഉള്ളിലേക്കോ, മണലാരണ്യത്തിലെക്കോ പ്രവേശിക്കുന്ന അനുഭവം ഉണ്ടാവുന്നത്.
ഒരു വാക്കിലോ ഒരു നോക്കിലോ ഒരു വരിയിലോ എഴുത്തുണ്ടാവും… കാരണം… ഓരോ വാക്കിന്റെയും ഉള്ളില്‍ അളവില്ലാത്തത്ര ഊര്‍ജ്ജം സംഭരിച്ച് വെച്ചിരിക്കുന്നു. എഴുത്തുകാരന്റെ മനസ്സില്‍ ഒരു “ന്യുക്ലിയര്‍ ഫ്യൂഷന്‍ “നടക്കാനുള്ള ചൂട് ഉണ്ടെങ്കില്‍………എഴുത്തുകാരന്റെ കൈവിരലുകള്‍ അവനോട് പരിതപിക്കും……… ഈ ഊര്‍ജ്ജം മുഴുവന്‍ എന്റെ വിരലിലൂടെ നീ ഇങ്ങനെപകര്‍ത്തിവിട്ടാല്‍…….
ഒരു പക്ഷേ……… നമ്മുടെ പ്രിയ വിജയന്റെ വിരലുകള്‍ അങ്ങനെ പരിഭവിച്ചാവും അദ്ദേഹത്തിന്റെ എഴുത്തുവഴിയില്‍ ഇടറി നിന്നത്..!
മാര്‍ക്കേസിന്റെ തലച്ചോറ് വിരലുകളോട് പിണങ്ങിപ്പോയത്…!
ദാസ്‌തെവസ്‌കി……. അന്നയെ കൂട്ടു പിടിച്ചത്… വിരലുകള്‍ പരിഭവിച്ചപ്പോള്‍….. “പോടാ എനിക്ക് എന്റെ അന്നയുണ്ടെന്ന്” നാവിനാല്‍ അയാള്‍ വിരലുകളെ വെല്ലു വിളിച്ചു.