രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് മദനോത്സവം. കേരളത്തിലെ രണ്ട് മുന്നണികളെ മുന്‍നിര്‍ത്തി ആക്ഷേപഹാസ്യ സ്വഭാവത്തില്‍ സഞ്ചരിക്കുന്ന സിനിമ കൂടിയാണിത്.
സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന മദനന്‍ മല്ലക്കരയും ബാബു ആന്റണിയുടെ മദനന്‍ മഞ്ഞക്കാരനും ഇടയിലുള്ള പ്രശ്‌നങ്ങളിലൂടെയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ രതീഷ് ട്രോളാന്‍ ശ്രമിക്കുന്നത്. അടുത്തിടെ കേരളത്തില്‍ സംഭവിച്ച നിരവധി രാഷ്ട്രീയ സാഹചര്യങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുമുണ്ട്.
‘പാര്‍ട്ടി ഓഫീസിന് ബോംബ് എറിഞ്ഞാല്‍ ഇപ്പോള്‍ കേസെടുക്കില്ല’, ‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ദേശീയ കോണ്‍ഗ്രസില്‍ സീറ്റിന് വേണ്ടി തമ്മില്‍ തല്ല് തുടങ്ങി’ പോലെയുള്ള ഡയലോഗുകള്‍ ചിരിക്കപ്പുറം പലര്‍ക്കിട്ടുമുള്ള ‘കൊട്ട്’ എന്ന നിലയിലും പരിഗണിക്കാവുന്നതാണ്.
സിനിമയുടെ തുടക്കത്തില്‍ ചുവന്ന പെട്ടിയില്‍ നിറയെ പണവുമായി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന മദനന്‍ മഞ്ഞക്കാരന്‍ തിയേറ്ററില്‍ ചിരി പടര്‍ത്തുന്നതിനോടൊപ്പം കഴിഞ്ഞ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെയും ഓര്‍മപ്പെടുത്തുന്നുണ്ട്. അധികാരത്തില്‍ എത്താന്‍ പരാക്രമം കാണിക്കുന്നയാളാണ് മഞ്ഞക്കാരന്‍. അയാളാകട്ടെ ഒന്ന് ജയിച്ച് കിട്ടാന്‍ ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണ്. ഒടുവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൃത്യമായി അയാള്‍ കര്‍ണാടകയില്‍ എത്തിച്ചേരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
എന്നാല്‍ ആക്ഷേപഹാസ്യമെന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ ചില പോരായ്മകള്‍ ചിത്രത്തിനുണ്ടെന്ന് പറയാം. സിനിമ കഥ പറയുന്ന പശ്ചാത്തലത്തില്‍ എവിടെയും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ കുറിച്ച് പറയുന്നില്ല. അതോടൊപ്പം തന്നെ മലയാളത്തിലെ പല സിനിമകളും ഇക്കാലം കൊണ്ട് നിര്‍മിച്ചെടുത്ത രാഷ്ട്രീയക്കാരെല്ലാം കുഴപ്പക്കാരാണെന്ന അരാഷ്ട്രീയ ബോധം ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.
നിരന്തരം ശ്രീനിവാസന്‍ സിനിമകള്‍ മുന്നോട്ട് വെച്ച ആശയങ്ങളാണ് അരാഷ്ട്രീയതയും തൊഴിലാളി വിരുദ്ധതയുമൊക്കെ. മദനോത്സവം ശ്രീനിവാസന്‍ സിനിമകളുടെ സ്വഭാവത്തിലേക്ക് പോകുന്നില്ലെങ്കിലും ഒന്ന് തെറ്റിയാല്‍ അവിടേക്ക് തന്നെ എത്തിച്ചേരുമായിരുന്നു.
content highlight: comparison of sandesham movie and madanolsavam movie