മോഡേൺ കാഴ്ചപ്പാടുള്ള മായയുടെ പഴഞ്ചൻ മോഹനനോടുള്ള പ്രണയം
Film News
മോഡേൺ കാഴ്ചപ്പാടുള്ള മായയുടെ പഴഞ്ചൻ മോഹനനോടുള്ള പ്രണയം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 5:42 pm

റോണി ഡേവിഡിനെയും വിൻസിയെയും പ്രധാന കഥാപാത്രങ്ങളാക്കി ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് പഴഞ്ചൻ പ്രണയം. ചിത്രം നവംബർ 24നാണ് തിയേറ്ററിലെത്തിയത്. ഗ്രാമീണ പശ്ചാത്തലിൽ ഒരു പ്രണയ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്.

പഴഞ്ചൻ പ്രണയം എന്ന ചിത്രത്തിൽ ഒരു സാധാരണ നാട്ടിൻപുറത്തുകാരി മായ എന്ന കഥാപാത്രത്തെയാണ് വിൻസി അവതരിപ്പിക്കുന്നത്. വീട്ടിലെ പ്രാരാബ്ദം കൊണ്ട് പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ജോലിക്ക് പോകേണ്ടിവന്ന ഒരു പെൺകുട്ടിയാണ് മായ. പഴഞ്ചനായ മോഹന്റെ ജീവിതത്തിലേക്ക് മായ എന്ന സാധാരണ പെൺകുട്ടി കടന്നുവരുന്നതും അതിലൂടെ അവർ പ്രണയത്തിലേക്ക് എത്തുന്നതുമാണ് കഥ.

ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളും ഉള്ള ഒരു സാധാരണ പെൺകുട്ടിയെയാണ് മായയിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ അമ്മക്ക് ഒരു സാരി വാങ്ങി കൊടുക്കാൻ അച്ഛൻ മായയോട് പറയുമ്പോൾ 9000 രൂപയാണ് തനിക്ക് കിട്ടുന്നതെന്നും തന്നെ പഠിപ്പിക്കാത്തതുകൊണ്ട് നല്ല ജോലി കിട്ടില്ലെന്നുമൊക്കെ മായ പറയുന്നുണ്ട്. എന്നാൽ മോഹന്റെ വീട്ടിൽ ജോലി ലഭിച്ചതിന് ശേഷം മായ സാരി വാങ്ങി അമ്മക്ക് കൊടുക്കുന്നുണ്ട്. ഇതിലൂടെ കുടുംബത്തോടുള്ള മായയുടെ സ്നേഹത്തെയാണ് കാണിക്കുന്നത്.

പഴഞ്ചൻ കാഴ്ചപ്പാടുള്ള മോഹനെ ആദ്യം മായക്ക് ഇഷ്ടമില്ലായിരുന്നു. എന്നാൽ മോഹനെ മനസിലാക്കുകയും അവനോട് സ്നേഹം തോന്നുകയും ചെയ്യുന്നു. ബിജേഷ് എന്ന ഒരു ഗൾഫുകാരനുമായി മായക്ക് കല്യാണം ഉറപ്പിച്ചെങ്കിലും അത് ചില കാരണങ്ങളാൽ മുടങ്ങിപ്പോകുന്നു.

ബിജേഷും മായയും തമ്മിൽ പ്രണയമല്ലെന്നും മറിച്ച് കുടുംബത്തിന്റെ പ്രാരാബ്ദം മൂലം കല്യാണം കഴിക്കാൻ നിർബന്ധിതയാവുകയാണെന്നും നമുക്ക് മനസ്സിലാകും. കാരണം ബിജേഷ് കല്യാണം ഉറപ്പിച്ചതിനുശേഷം ബന്ധം വേണ്ടെന്ന് വെക്കുന്നത് മായ അംഗീകരിക്കുന്നുണ്ട്. ബ്രേക്ക് അപ്പ് ചെയ്യാൻ വേണ്ടി ബിജേഷ് വരുമ്പോഴും മായക്ക് ആ വാർത്ത സന്തോഷകരമായിരുന്നു. കാരണം മോഹൻ തന്നോട് കാണിക്കുന്ന സ്നേഹവും അടുപ്പവും അവളെ പ്രണയത്തിലേക്ക് നയിച്ചിരുന്നു.

ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് മോഹൻ. 40 വയസ്സ് കഴിഞ്ഞിട്ടും പെണ്ണ് കിട്ടാതെ അലയുന്ന മോഹന്റെ കഥാപാത്രത്തെ വളരെ രസകരമായിട്ടാണ് റോണി ഡേവിഡ് അവതരിപ്പിച്ചിട്ടുള്ളത്. മായയും മോഹനും കുടുംബത്തിന് വേണ്ടി ജീവിക്കുന്ന രണ്ടു വ്യക്തികൾ ആണ്. മോഹൻ ഒരു പഴഞ്ചൻ ആണെങ്കിലും അച്ഛനോട് യഥാർത്ഥ സ്നേഹം ഉള്ള ഒരു മകനാണെന്ന് നമുക്ക് മനസിലാകും.

 

ചിത്രത്തിൽ മായ വളരെ സാധാരണക്കാരുടെ വസ്ത്രധാരണയാണെങ്കിലും മോഡേൺ കാഴ്ചപ്പാടുമുള്ള വ്യക്തിയാണ്. മോഹൻ സാധാരണ ഫോണാണ് ചിത്രത്തിൽ ഉപയോഗിക്കുന്നത്. മറിച്ച് മായ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുമുണ്ട്. മായ മോഡേൺ ചിന്താഗതി ഉള്ള ആളാണെന്നും മോഹൻ പഴയകാലഘട്ടത്തിലൂടെയാണ് ജീവിക്കുന്നതെന്നും ഇതിൽ നിന്നും വ്യക്തമാണ്.

വീട്ടുജോലിക്ക് വേണ്ടി മോഹന്റെ വീട്ടിലെത്തുന്ന മായക്ക് അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ ആഴം മനസ്സിലാവുകയും മോഹൻ എന്ന വ്യക്തിയെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് കഥ. തന്റെ സുഹൃത്തായ ജിഷയെ മോഹൻ പെണ്ണുകാണാൻ പോയിരുന്നെന്ന് മോഹൻ മായയിൽ നിന്നും മറച്ചു വെച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ അവസാന ഭാഗത്തിലാണ് മോഹൻ അത് മായയോട് പറയുന്നത്.

മോഹൻ തുറന്നു പറയുന്നത് ചിത്രത്തിൽ കാണിക്കുന്നില്ലെങ്കിലും ജിഷയുടെ എൻഗേജ്മെന്റിന് പോകുമ്പോൾ മോഹനനെ ജിഷക്ക് മായ പരിചയപെടുത്തുന്നുണ്ട്. അതിലൂടെ മോഹൻ മായയോട് സത്യം പറഞ്ഞെന്ന് നമുക്ക് വ്യക്തമാണ്. അതുപോലെ പണവും പ്രതാപവും ഉള്ള ഒരാളെ കണ്ടെത്താൻ എളുപ്പമാണെന്നും എന്നാൽ നല്ല മനസ്സുള്ള ഒരാളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും മായ ജിഷയോട് പറയുന്നുണ്ട്.

ആ ഒരൊറ്റ വാക്കിൽ നിന്നും മോഹനൻ എന്ന വ്യക്തിയെ മായ കൃത്യമായി മനസ്സിലാക്കി എന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട്. പഴഞ്ചനായ മോഹൻ മായയെ പ്രണയിക്കുന്നു എന്നതാണ് ചിത്രത്തിലൂടെ ബിനീഷ് പറഞ്ഞുവെക്കുന്നത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു സാധാരണ രണ്ട് പേരായ മായയും മോഹനും ഒന്നിക്കുന്നതാണ് കഥ.

Content Highlight: Comparison of Maya and Mohan’s character in Pajanchan Pranayam movie