സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇറോട്ടിക് ഴോണറിലുള്ള സിനിമയാണ് ചതുരം. സ്വാസിക, അലന്‍സിയര്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെലേന എന്ന പെണ്‍കുട്ടി അതി സമ്പന്നനും ആണ്‍ബോധവും വെച്ചുപുലര്‍ത്തുന്ന എല്‍ദോ എന്നയാളെ വിവാഹം ചെയ്ത് അയാളുടെ നാട്ടിലെത്തുന്നതും പിന്നീട് നടക്കുന്ന പല സംഭവങ്ങളുമാണ് ചതുരത്തിന്റെ പശ്ചാത്തലം.
സിനിമയിപ്പോള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, തോറ്റുകൊടുക്കാന്‍ അനുവദിക്കാത്ത ആണ്‍ബോധം, ലൈംഗികതയില്‍ മാത്രം ഒതുങ്ങുന്ന പ്രണയം, പ്രണയത്തിലെ ടോക്‌സിസിറ്റി തുടങ്ങി പല കാര്യങ്ങളും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ സിനിമ കഥ പറയുന്ന പ്രധാന പ്ലോട്ട് പല കാലങ്ങളിലായി മലയാളത്തില്‍ വന്നുപോയിട്ടുണ്ടെന്ന് സിനിമ കാണുന്ന ഓരോരുത്തര്‍ക്കും തോന്നാന്‍ സാധ്യതയുണ്ട്.
വാര്‍ധക്യത്തിലെത്തിയിരിക്കുന്ന സമ്പന്നനായ ഒരാളെ വിവാഹം ചെയ്യുന്ന സ്ത്രീയും പിന്നീട് അയാളുടെ മരണശേഷമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാഹചര്യങ്ങളുടെ ഭാഗമായോ സ്വത്ത് അതേ സ്ത്രീയുടെ കയ്യിലേക്ക് വരുന്നതുമൊക്കെ എഴുപതുകളിലെയും എണ്‍പതുകളിലെയും മലയാള സിനിമയിലെ പ്രധാന പ്ലോട്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ കഥ ഏതെങ്കിലും തരത്തില്‍ പുതുമ നിലനിര്‍ത്തുന്നില്ല.
ഹരിഹരന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ശരപഞ്ജരം എന്ന സിനിമയുടെ കഥയുമായി വലിയ രീതിയില്‍ ചതുരം സാമ്യത പുലര്‍ത്തുന്നുണ്ട്. ജയന്‍, ഷീല എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയത്. സമ്പന്ന കുടുംബത്തില്‍പ്പെട്ട സ്ത്രീക്ക് വീട്ടില്‍ ജോലി ചെയ്യാനെത്തുന്ന ചെറുപ്പക്കാരനോട് തോന്നുന്ന പ്രണയമാണ് അവിടെയും പ്രധാന വിഷയം.
പാരലൈസ്ഡായി കിടക്കുന്ന ഭര്‍ത്താവും രണ്ട് കഥയിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നാല്‍ രണ്ട് സിനിമയും മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയം വ്യത്യസ്തമാണ്. ഭര്‍ത്താവിന്റെ സാനിധ്യമില്ലാതെയാകുന്ന ഇങ്ങനെയാണ് എന്ന പൊതുബോധം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന ചിത്രമാണ് ശരപഞ്ജരം എന്നാല്‍ ചതുരം അങ്ങനെയല്ല. . ചതുരത്തിലെ അഭിനേതാക്കളുടെ പ്രകടനം മികച്ചതാണ്. കഥയിലെ ആവര്‍ത്തന വിരസത ഒരു പരിധിവരെ ഇല്ലാതാകുന്നതിന്റെ പ്രധാന കാരണം സ്വാസിക അടക്കമുള്ളവരുടെ പ്രകടനമാണ്.
content highlight: comparison of malayalam movie sharapancharam anfb chathuram