| Saturday, 8th April 2023, 4:47 pm

കൊച്ചിക്കാരനല്ലാത്ത കൊച്ചി സ്ലാങ് പറയുന്ന രാഹുല്‍ നമ്പ്യാര്‍, പലക്കാടും മലബാറി ഭാഷ പറയുന്ന പഴയ സിനിമ പോലെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം, സിദ്ദീഖ്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏപ്രില്‍ 6ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് കൊറോണ പേപ്പേഴ്‌സ്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന രാഹുല്‍ എന്ന ചെറുപ്പക്കാരനില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. കൊച്ചി പോലെയൊരു വലിയ സിറ്റിയില്‍ ആദ്യമായി വരുന്ന ഒരാളെന്ന നിലയിലാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന രാഹുലിനെ ആദ്യം സിനിമ പരിചയപ്പെടുത്തുന്നത്.

എന്നാല്‍ കൊച്ചിക്കാരനല്ലാത്ത രാഹുലാകട്ടെ സംസാരിക്കുന്നത് വെള്ളം ചേര്‍ക്കാത്ത കൊച്ചി സ്ലാങ്ങും. സിനിമയുടെ ഒരു ഘട്ടത്തില്‍ നായിക എന്ന തരത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഷെയ്ന്‍ ഇങ്ങനെയാണ് പറയുന്നത് ‘എനിക്ക് ഈ നാടിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ്’ എന്ന്. അവിടെ ഒരോ പ്രേക്ഷകനും വ്യക്തമാകുന്നുണ്ട്, രാഹുല്‍ കൊച്ചിക്കാരനല്ലെന്ന്. പിന്നെ എങ്ങനെയാണ് ഇയാള്‍ കൊച്ചി ശൈലിയില്‍ സംസാരിക്കുന്നത് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

ഇന്ന് മലയാള സിനിമ കൃത്യമായി ഇത്തരത്തിലുള്ള ഭാഷാ വ്യത്യാസങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവന്തപുരം തുടങ്ങിയ ഇടങ്ങളിലെ സ്ലാങ്ങിനെ മനോഹരമായി തന്നെ ഇന്ന് മലയാള സിനിമ ഉപയോഗിക്കുന്നുണ്ട്. അപ്പോഴാണ് പ്രിയദര്‍ശന്‍ ഒട്ടും ശ്രദ്ധിക്കാതെ കൊറോണ പേപ്പേഴ്‌സുമായി വരുന്നത്.

സംവിധായകന്‍ ഇപ്പോഴും തൊണ്ണൂറുകളില്‍ നില്‍ക്കുന്നതിന്റെ പ്രശ്‌നമാണിതെന്നാണ് തോന്നുന്നത്. കാരണം മലയാള സിനിമ പണ്ടൊക്കെ ഇത്തരം ഭാഷാ വ്യത്യാസങ്ങളെ പരിഗണിച്ചിരുന്നില്ല. എല്ലാ കഥാപാത്രങ്ങളും അതിപ്പോള്‍ ഏത് നാട്ടില്‍ നിന്ന് വരുന്നവരായാലും വള്ളുവനാടാന്‍ മലയാളമാണ് സംസാരിച്ചിരുന്നത്. പിന്നീട് അതിലൊക്കെ ചെറിയ തോതിലുള്ള വ്യത്യാസങ്ങള്‍ വരാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍, ഒരു കഥാപാത്രം മുസ്‌ലിമാണെങ്കില്‍ അയാള്‍ സംസാരിക്കുന്നത് എപ്പോഴും മലബാര്‍ മലയാളമായിരിക്കും. ഉദാഹരണത്തിന്, ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ സിനിമയെടുക്കാം. കഥ നടക്കുന്നത് പാലക്കാടന്‍ ഗ്രാത്തിലാണ്. സിനിമയില്‍ എല്ലാവരും പാലക്കാടന്‍ ശൈലിയില്‍ സംസാരിക്കുമ്പോള്‍, ചിത്രത്തില്‍ വരുന്ന തട്ടമിട്ട സ്ത്രീയാകട്ടെ മലബാര്‍ മലയാളമാണ് സംസാരിക്കുന്നത്.

content highlight: comparison of corona papers and meesha madhavan movie

We use cookies to give you the best possible experience. Learn more