വൈക്കം മുഹമ്മദ് ബഷീറിന്റെ ജനപ്രിയമായ ചെറുകഥകളിലൊന്നാണ് നീലവെളിച്ചം. ആ ചെറുകഥയെ ആസ്പദമാക്കി ബഷീര്‍ തിരക്കഥയെഴുതിയ സിനിമയായിരുന്നു ഭാര്‍ഗവീനിലയം. 1964ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. ആളൊഴിഞ്ഞ വീടുകളെ നോക്കി ‘ഇതെന്താ ഭാര്‍ഗവി നിലയമോ’ എന്ന് ചോദിക്കാത്ത മലയാളി ചുരുക്കമായിരിക്കും.
അത്രയേറെ മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ് പോയ ചിത്രങ്ങളിലൊന്നാണ് അത്. നസീര്‍, മധു, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് ഭാര്‍ഗവി നിലയത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.വിന്‍സന്റ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ്.
എം.എസ് ബാബുരാജിന്റെ സംഗീതമാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. അതേ ചിത്രത്തിന്റെ റീമേക്കുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ആഷിഖ് അബു. നീലവെളിച്ചം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തിയത്.
കോമഡിയുടെ അരികുപിടിച്ച് വളരെ രസകരമായി പ്രേക്ഷകനെ ഒട്ടും മടുപ്പിക്കാതെ കഥ പറഞ്ഞ സിനിമയായിരുന്നു ഭാര്‍ഗവി നിലയം. എന്നാല്‍ നീലവെളിച്ചത്തിലാകട്ടെ കുറേക്കൂടി ഗൗരവ സ്വഭാവത്തിലാണ് സംവിധായകന്‍ കഥ പറയാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാത്തരം പ്രേക്ഷകരെയും തിയേറ്ററിലെത്തിക്കാന്‍ ചിത്രത്തിന് കഴിയാതെ വരുന്നു.
ചിത്രത്തില്‍ സാഹിത്യകാരനായെത്തുന്ന ടൊവിനോയുടെ കഥാപാത്രം പഴയ സിനിമയില്‍ അവതരിപ്പിച്ചത് മധുവായിരുന്നു. വളരെ രസകരമായാണ് ആ കഥാപാത്രത്തെ അദ്ദേഹം കൈകാര്യം ചെയ്തത്. അസ്വാഭാവികമായി സംസാരിക്കുന്ന, തമാശകളിലൂടെ പുത്തന്‍ ശൈലി തീര്‍ത്ത സുല്‍ത്താനെ അതിന്റെ എല്ലാ ഭംഗിയോടെയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
എന്നാല്‍ ടൊവിനോയിലേക്ക് വരുമ്പോള്‍ ബഷീറിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റം സംഭവിക്കുന്നുണ്ട്. മലയാളി ഇന്ന് വരെ കാണാത്ത ഗൗരവക്കാരന്റെ രൂപമാണ് നീലവെളിച്ചത്തില്‍ ബഷീറിന്. തമാശ പോലും ഗൗരവത്തോടെ മസില്‍ പിടിച്ച് പറയുന്ന ടൊവിനോ ആസ്വാദ്യകരമായി തോന്നുന്നില്ല.
ഭാര്‍ഗവി നിലയത്തില്‍ കുതിരവട്ടം പപ്പു അവതരിപ്പിച്ച അതേ പേരില്‍ തന്നെയുള്ള കഥാപാത്രം ഈ സിനിമയില്‍ അവതരിപ്പിച്ചത് രാജേഷ് മാധവനാണ്. പപ്പു അനശ്വരമാക്കിയ കഥാപാത്രത്തെ അത്രകണ്ട് ഗംഭീരമാക്കാന്‍ രാജേഷിന് കഴിയുന്നില്ല. അല്ലെങ്കില്‍ അതിനുള്ള സ്‌പേസ് സിനിമ ആ കഥാപാത്രത്തിന് നല്‍കുന്നില്ലെന്ന് പറയാം.
content highlight: comparison of bhargavinilayam movie and neelavelicham movie