സിനിമയും അത് മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയവുമൊക്കെ എന്നും മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. നായകനും അവന്റെ പ്രതികാരവും അവന്‍ നേരിടുന്ന പ്രശ്‌നങ്ങളുമൊക്കെ മാത്രം സിനിമക്ക് കഥയായിരുന്ന കാലത്ത് നിന്നും മാറി സിനിമക്ക് ഒരുപാട് വ്യത്യാസങ്ങള്‍ സംഭവിച്ചു.
ഇന്ന് നായകന്റെ പ്രതികാരം മാത്രമല്ല സിനിമക്ക് ആധാരം. 2012ല്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ ഈ മാറ്റം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതുവരെ പുരുഷനാല്‍ വഞ്ചിക്കപ്പെടുന്ന സ്ത്രീക്ക് ഒന്ന് ഉറക്കെ കരയാന്‍ പോലും അവസരം കൊടുക്കാതെ അവന്റെ ഭാര്യയായി മറേണ്ടി വരുന്ന സാഹചര്യമായിരുന്നു മലയാള സിനിമയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ 22fkയിലേക്ക് വരുമ്പോള്‍ തോറ്റുകൊടുക്കാനും സര്‍വവും നഷ്ടപ്പെട്ടവളായി കരുതി നായകന്റെ തന്നെ ഭാര്യയാകാനുമൊന്നും നായികയായ ടെസ തയാറാകുന്നില്ല. നായകന്റെ ആണ്‍ബോധത്തെ പൂര്‍ണമായി അവള്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പിന്നീട് അത് മലയാള സിനിമയിലെ വലിയ ട്രെന്‍ഡായി മാറുകയും ചെയ്തു. അതുവരെ സ്ത്രീപക്ഷ സിനിമകള്‍ പിന്തുടര്‍ന്ന രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമായിരുന്നു അത്.
അവിടെ നിന്നും പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഏതാണ്ട് ഒരേ സ്വഭാവത്തില്‍ മറ്റൊരു സിനിമയും ഇറങ്ങിയിരിക്കുകയാണ്. ജിത്തു ഐസക് തോമസ് സംവിധാനം ചെയ്ത് ഫെബ്രുവരി 3ന് തിയേറ്റിലെത്തിയ സിനിമയാണ് രേഖ. 22fkയുമായി പല താരത്തിലുള്ള സാമ്യവും സിനിമ നിലനിര്‍ത്തുന്നുണ്ട്. സിനിമയുടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും പറഞ്ഞുവരുന്ന കാര്യത്തിന് ചില സാമ്യതകളുണ്ട്. പ്രധാനമായും സിനിമയുടെ ക്ലൈമാക്‌സുകളാണ് ഈ സാമ്യത കൂടുതല്‍ നിലനിര്‍ത്തുന്നത്.
കോട്ടയത്തെ ഒരു സാധാരണ പെണ്‍കുട്ടിയാണ് 22fkയിലെ ടെസ. രേഖയും അങ്ങനെ തന്നെയാണ്. കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമപ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടിയാണ് അവള്‍. എന്നാല്‍ ടെസയും രേഖയും വ്യത്യസ്തര്‍ തന്നെയാണ്. ഫിസിക്കലി വളരെ ശക്തയായ ഒരു കഥാപാത്രമാണ് രേഖയുടേത്. അതുകൊണ്ട് തന്നെ അവള്‍ക്ക് നായകനെ തല്ലിതോല്‍പ്പിക്കുക അത്ര ശ്രമകരമല്ല. എന്നാല്‍ ടെസ അങ്ങനെയല്ല.
രണ്ട് കഥാപാത്രങ്ങളും പ്രണയിച്ച പുരുഷനില്‍ നിന്നും ചതി ഏറ്റുവാങ്ങിയവരാണ്. അതുകൊണ്ട് തന്നെ നായകനാണ് രണ്ട് സിനിമയിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതും. എന്നാല്‍ രേഖയിലേക്ക് വരുമ്പോള്‍ പ്രതികാരത്തിന്റെ കാരണങ്ങള്‍ക്ക് കൂടുതല്‍ ലെയേഴ്‌സ് വരുന്നുണ്ട്. 22fkയില്‍ അങ്ങനെയല്ല. അതാണ് സിനിമകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം.
content highlight: comparison of 22 female kottayam and rekha