| Wednesday, 30th December 2020, 4:09 pm

പൈനാപ്പിള്‍ പെണ്ണും അണ്ടങ്കാക്ക കൊണ്ടക്കാരിയും ;പാട്ടുകളില്‍ തമിഴും മലയാളവും നേര്‍ക്കുനേര്‍ നിന്നാല്‍

Sreejith Radhakrishnan

തമിഴ് ഒരു മനോഹര ഭാഷയാണ്. മലയാളത്തില്‍ എടി പെണ്ണേ ഫ്രീക്ക് പെണ്ണേ, പൈനാപ്പിള്‍ പെണ്ണേ ചോക്ലേറ്റ് പീസേ, വയ്യാ വയ്യാ വൈദ്യരെ ഒക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്ന ന്തൂട്ട് വരികളാണ് എന്ന ഫീല്‍, അണ്ടങ്കാക്ക കൊണ്ടക്കാരി, അപ്പടി പോട്, റൗഡി ബേബി ഒന്നും കേള്‍ക്കുമ്പോള്‍ തോന്നാറില്ല. കാരണം തമിഴ് ഭാഷയില്‍ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ഒരു അഴകുണ്ട്. വൈദ്യുതി എന്ന വാക്ക് ഒരു മെലഡി ഗാനത്തില്‍ ഉപയോഗിക്കാന്‍ പറ്റുമോ, തമിഴില്‍ കഴിയും. അവിടെ അത് മിന്‍സാരം ആവുന്നു. മിന്‍സാര കണ്ണാ, മിന്‍സാര പൂവേ എത്ര മനോഹരമായ പ്രയോഗങ്ങള്‍.

ചുരിദാറും സ്വര്‍ഗ്ഗവും, എങ്ങനെ ചേരും ഒരു പ്രണയ ഗാനത്തില്‍ പക്ഷേ തമിഴില്‍ വന്നപ്പോള്‍ ‘ചുടിതാര്‍ അണിന്ത് വന്ത സ്വര്‍ഗമെ എന്‍ മീതു കാതല്‍ വന്തത് എന്നായി. അതുകൊണ്ടാണ് തമിഴ് ഗാനങ്ങളുടെ മലയാളീകരണം ഇത്ര ബോറായി നമുക്ക് തോന്നുന്നത്.

ഒരു കഥ സൊല്ലട്ടുമാ ? രക്ഷകന്‍ എന്ന ഫിലിമിന് വേണ്ടി എ.ആര്‍ റഹ്മാന്‍ ഇട്ട ഒരു സോഫ്റ്റ് മെലഡിക്ക് വൈരമുത്തു എഴുതികൊടുത്ത വരികള്‍ ചന്ദിരനെ തൊട്ടതു യാര്‍ ആംസ്‌ട്രോങ്ങാ എന്നാണ്. കേട്ടിട്ട് റഹ്മാന്‍ പറഞ്ഞു ഞാനിത്ര സോഫ്റ്റ് ആയി ചെയ്ത ട്യൂണില്‍ ആംസ്ട്രോങ് എന്ന വാക്ക് ഒരിക്കലും സെറ്റ് ആവില്ല. പക്ഷെ ഇതൊരു പുതുമയല്ലേ എന്ന് വൈരമുത്തു. അവസാനം ഗായകന്‍ വരട്ടെ, എന്നിട്ട് പാടി കേട്ടിട്ട് സെറ്റ് ആവുന്നില്ലെങ്കില്‍ മാറ്റാം എന്ന് തീരുമാനമെടുത്തു. ഒടുവില്‍ കല്ലിനെ പൂവാക്കുന്ന ഗായകന്‍ വന്നു പാടി. ചന്ദിരനെ തൊട്ടതു യാര്‍ ആംസ്‌ട്രോങ്ങാ. (കേട്ടു നോക്കുക) ഹരിഹരന്‍.

വൈരമുത്തുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഹരിഹരന്‍ വന്നപ്പോള്‍ സ്ട്രോങ്ങും ലൈറ്റ് ആയി. നമുക്ക് ഇവിടെ ഗാനങ്ങളില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത വാക്കുകള്‍ പോലും തമിഴ് ഗാനങ്ങളില്‍ വരുമ്പോള്‍ നമുക്ക് അരോചകമായി തോന്നില്ല.
ഉപ്പുകരുവാട് ഊറവച്ച സോറ്, ഉണക്കമീനും പഴങ്കഞ്ഞിയും എന്നോ,കാതല്‍ റോജാവേ, പിഷാരടി പാടിയ പോലെ ‘പ്രേമ റോസാപൂവേ എവിടെ നീ എവിടെ കണ്ണീര്‍ വരുന്നുണ്ടെടീ കണ്ണില്‍ എന്നോ കേള്‍ക്കേണ്ടി വരും. മലയാളത്തെ കുറച്ചു കാണുകയല്ല. സിനിമാഗാനങ്ങളില്‍ തമിഴിനെ അപേക്ഷിച്ചു പരിമിതികള്‍ ഉണ്ടെന്നു മാത്രം.

സാക്കടയ്ക്കുള്‍ പോയി സുത്തം സെയ്യും പേര് നാലു നാള് ലീവ് പോട്ട നാറി പോകും നാട്, ‘ഇത് ദേവൂടാ ദേവൂടാ എന്ന ഗാനത്തിലെ വരികള്‍ ആണ്. പല തൊഴിലുകളെ കുറിച്ചും മനോഹരമായി ആ പാട്ടില്‍ പറയുന്നുണ്ട്. നിറങ്ങളെ കുറിച്ച് പാടിയ പച്ചയ് നിറമേ, പ്രകൃതിയിലെ നിറങ്ങളെ പെണ്ണിലെ വര്‍ണങ്ങളിലേക്ക് ഇതിലും ഭംഗിയായി എങ്ങനെയാണ് ചേര്‍ത്ത് വയ്ക്കുന്നത്.

പെണ്ണഴകിനെ നദികളോട് ഉപമിച്ച ‘നദിയെ നദിയെ കാതല്‍ നദിയെ നീയും പെണ്‍ താനേ’ അതുപോലെ സുഖമാണ കുറല്‍ യാറന്റ്രാല്‍ സുശീലാവിന്‍ കുറല്‍ എന്‍ട്രെന്‍, മുത്തമിട്ട നെത്തിയിലെ മാര്‍പുക്ക് മത്തിയിലെ സത്തു വിട തോനുതെടീ എനക്ക്, ഉന്‍ സമയലറയില്‍ നാന്‍ ഉപ്പാ സക്കരയാ, കട്ടിലിടും വയതില്‍ തൊട്ടിലിട സൊന്നാല്‍ സരിയ സരിയാ, വാനിന്‍ നീലം കൊണ്ടുവാ പേനമയ്യോ തീര്‍ന്തിടും, ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത അത്ര വരികളും പ്രയോഗങ്ങളും ഉണ്ട് തമിഴില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Comparison between thamil and malayalam songs by Sreejith Radhakrishnan

Sreejith Radhakrishnan

We use cookies to give you the best possible experience. Learn more