അടുത്തിടെ തെന്നിന്ത്യയില്‍ തന്നെ ചര്‍ച്ചയായി മാറിയ ചിത്രമാണ് മാരി സെല്‍വരാജിന്റെ മാമന്നന്‍. ശക്തമായ ജാതി രാഷ്ട്രീയം സംസാരിച്ച മാമന്നന്‍ തിയേറ്ററുകളിലെ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.
ആദ്യ സിനിമയായ പരിയേറും പെരുമാള്‍ കൊണ്ട് തന്നെ തരംഗം സൃഷ്ടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. ജാതീയ വിവേചനം ശക്തമായി നിലനില്‍ക്കുന്ന തമിഴ് ഗ്രാമങ്ങളിലെ കീഴാളരുടെ ദുരിതങ്ങളെയും അതിജീവത്തേയും തുറന്നുകാട്ടിയ മാരി ചിത്രം സിനിമാ പ്രേമികള്‍ക്ക് ഒരു പാഠ പുസ്തകമാണ്.
ഇതിന് ശേഷം പുറത്തിറങ്ങിയ കര്‍ണനിലും ഇതേ പാത തന്നെയാണ് സംവിധായകന്‍ പിന്തുടര്‍ന്നത്. മാരി സെല്‍വരാജിന്റെ മൂന്നാമത്തെ ചിത്രം എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാവുന്ന പ്രതീക്ഷകള്‍ ഏറെയാണ്.
ആദ്യ രണ്ട് ചിത്രങ്ങളിലേതു പോലെ തന്നെ സാധാരണ ജീവിതത്തിലും അധികാര കേന്ദ്രങ്ങളിലും ജാതി കീഴാള വിഭാഗത്തെ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നത് തന്നെയാണ് മാമന്നനിലും പറയുന്നത്. ചിത്രത്തെ പറ്റി ഒറ്റവാക്കില്‍ പറഞ്ഞാല്‍ രോമാഞ്ചം നല്‍കിയ ഫസ്റ്റ് ഹാഫെന്നും തമിഴ് കൊമേഴ്സ്യല്‍ ലെവല്‍ സെക്കന്റ് ഹാഫെന്നും വിശേഷിപ്പിക്കാം.
മാരി സെല്‍വരാജ് സ്‌റ്റൈലില്‍ ബിംബങ്ങളും ഇമേജറികളുമെല്ലാം മാമന്നനിലും വരുന്നുണ്ട്. കണ്ണിന് ഒട്ടും സുഖകരമല്ലാത്ത ക്രൂരമായ ഭൂതകാലങ്ങളിലേക്ക് പോവുമ്പോള്‍ ഫ്രെയ്മുകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലേക്കാവുന്നുണ്ട്. മേലാളരുടെ കീഴില്‍ ഇത്രയും കാലം നിന്ന ‘മണ്ണ്’ കസേരയുറപ്പിച്ച് ഇരിക്കുന്ന രംഗമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഫസ്റ്റ് ഹാഫ് കാണാന്‍ വേണ്ടി മാത്രം മാമന്നന്‍ കണ്ടാലും ലാഭമാണ്.
സെക്കന്റ് ഹാഫില്‍ മാരി സെല്‍വരാജ് ശൈലിയില്‍ നിന്നും ചിത്രം മാറി സഞ്ചരിക്കുന്നുണ്ട്. പിന്നീട് ടിപ്പിക്കല്‍ തമിഴ് പൊളിറ്റിക്കല്‍ സിനിമകളില്‍ കാണുന്നത് പോലെ വോട്ടുപിടുത്തവും ഭീഷണിപ്പെടുത്തലും ആക്ഷന്‍ രംഗങ്ങളുമാവും കാണുന്നത്. ഇതില്‍ ചെറിയ അസംതൃപ്തി തോന്നാമെങ്കിലും അവസാന രംഗം തരുന്ന ആത്മസംതൃപ്തി അതിനെ മറികടക്കും. ആ ഒറ്റ സീന്‍ തനി മാരി സെല്‍വരാജ് സിനിമകളിലെ ഏറ്റവും ശക്തമായ ഇമേജുകളിലൊന്നായിരിക്കും.
മാമന്നന്‍ ഒരു മികച്ച തിയേറ്റര്‍ വാച്ച് തന്നെയാണ്. എന്നാല്‍ ഏറ്റവും മികച്ച മാരി സെല്‍വരാജ് ചിത്രം പരിയേറും പെരുമാള്‍ തന്നെയാവും. ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറവും നായകനും അവന്റെ കറുത്ത പട്ടിയും പ്രേക്ഷക മനസില്‍ ആഴത്തില്‍ തറഞ്ഞുകിടപ്പുണ്ട്. കര്‍ണനിലേയും നായകന്റെ പോരാട്ടവീര്യവും ആശയങ്ങളും പ്രേക്ഷകരില്‍ സ്വാധീനമുണ്ടാക്കും. മാരി സെല്‍വരാജിന്റെ സിനിമ അനുഭവങ്ങളില്‍ പരിയേറും പെരുമാളും കര്‍ണനും തന്നെയാവും മുന്നിട്ടു നില്‍ക്കുന്നത്.
Content Highlight: comparison between mari selvaraj previous movies and maamannan