ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും താരതമ്യം ചെയ്ത് മുന്‍ ഡച്ച് താരം റാഫേല്‍ വാന്‍ഡര്‍ വാര്‍ട്ട്.
മെസി ഗോള്‍ സ്‌കോറര്‍ മാത്രമല്ലെന്നും മികച്ച പ്ലേമേക്കര്‍ കൂടിയാണെന്നുമാണ് വാര്‍ട്ട് പറഞ്ഞത്. എന്നാല്‍ റൊണാള്‍ഡോയുടെ ലക്ഷ്യം കളിയില്‍ ഗോള്‍ നേടുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
‘ഞാന്‍ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. നിങ്ങള്‍ക്കവനൊപ്പം എത്താന്‍ കഴിയില്ല. അതിവേഗതയുള്ള താരമാണ് മെസി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ശാന്തനാണ്. എന്നാലും അദ്ദേഹത്തിന് നിര്‍ണായക പാസുകള്‍ നല്‍കാനാകും.
അതേസമയം റൊണാള്‍ഡോ ശരീരത്തെയും ഗോളുകളെയും ആശ്രയിച്ചാണ് കളിക്കുന്നത്. പക്ഷെ മെസി വെറുമൊരു ഗോള്‍ സ്‌കോറര്‍ മാത്രമല്ല, അതിലുപരി നല്ലൊരു പ്ലേമേക്കര്‍ കൂടിയാണ്,’ വാര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ നൈസിനെതിരെ നടന്ന മത്സരത്തില്‍ മെസി ഗോള്‍ സ്‌കോര്‍ ചെയ്തതോടെ താരം യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി നേടുന്ന മൊത്തം ഗോളുകളുടെ എണ്ണം 702 തികഞ്ഞു.
നൈസിനെതിരെ പി.എസ്.ജി നേടിയ രണ്ട് ഗോളുകളില്‍ ഒന്ന് മെസിയുടെ സംഭാവനയായിരുന്നു. യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി 701 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. റൊണാള്‍ഡോയെക്കാള്‍ 105 മത്സരങ്ങള്‍ കുറച്ച് കളിച്ചിട്ടാണ് മെസി ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ബാഴ്‌സലോണക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്. പി.എസ്.ജിയില്‍ 68 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 34 മത്സരങ്ങള്‍ കളിച്ച മെസി 19 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാള്‍ഡോ തന്റെ ക്ലബ്ബായ അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി.
Content Highlights: Comparison between Lionel Messi and Cristiano Ronaldo