| Friday, 10th February 2023, 9:52 pm

ജന ഗണ മന തിരുത്തിയതിനെ വാഴ്ത്തിപ്പാടുന്ന ക്രിസ്റ്റഫര്‍ | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിനൊപ്പം തന്നെ ചര്‍ച്ചയാവുകയാണ് എന്‍കൗണ്ടര്‍ കില്ലിങ്ങും. ക്രിസ്റ്റഫര്‍ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ബയോഗ്രഫിയില്‍ ചര്‍ച്ചയാക്കേണ്ടതും ഈ എന്‍കൗണ്ടര്‍ കില്ലിങ്ങുകള്‍ തന്നെയാണ്. നിയമ വിരുദ്ധമായ ഈ കൊലപാതകങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും കാണുന്ന പ്രേക്ഷകനെയും ഒപ്പം സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ക്രിസ്റ്റഫര്‍.

ക്രൂരന്മാരായ റേപ്പിസ്റ്റുകളെ അതേ ക്രൂരതയോടെ കൊല്ലുന്നത് കാണിക്കുമ്പോള്‍ കാണുന്ന പ്രേക്ഷകര്‍ക്കും അത് സംതൃപ്തിയുണ്ടാക്കും. ഒരു എന്‍കൗണ്ടര്‍ കില്ലിങ്ങില്‍ സംഭവിക്കാവുന്ന ചില പ്രശ്നങ്ങളുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുക, തെളിവുകള്‍ നശിക്കുക, മറ്റ് പ്രതികളെ പിടിക്കാനുള്ള വഴി അടയുക എന്നിങ്ങനെ നിരവധി പിഴവുകള്‍ ഒരു എന്‍കൗണ്ടര്‍ കില്ലിങ്ങില്‍ ഉണ്ടാകാം. അതൊന്നും അഡ്രസ് ചെയ്യാതെ ഈ ‘നീതി നടപ്പാക്കലിനെ’ വാഴ്ത്തുകയാണ് ക്രിസ്റ്റഫര്‍ ചെയ്യുന്നത്.

ഒരു പെണ്‍കുട്ടി റേപ്പ് ചെയ്യപ്പെടുമ്പോള്‍ അവിടെ നിയമസംവിധാനങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയോ സാമൂഹിക സാഹചര്യങ്ങളോ പിന്നീട് അതില്‍ രാഷ്ട്രീയവും ഉന്നതവുമായ സ്വാധീനങ്ങളുടെ ഇടപെടലുകളോ വേണ്ട രീതിയില്‍ ചിത്രത്തില്‍ കാണിക്കുന്നില്ല.

ഇവിടെയാണ് ജന ഗണ മന വ്യത്യസ്തമായി നില്‍ക്കുന്നത്. എന്‍കൗണ്ടര്‍ കില്ലിങ്ങുകളെ പറ്റിയുള്ള ചര്‍ച്ച അടുത്തിടെ ഉയര്‍ത്തിയ മറ്റൊരു മലയാള ചിത്രം ജന ഗണ മനയാണ്. എന്‍കൗണ്ടര്‍ കില്ലിങ്ങുകളോട് അനുകൂലമായി പൊതുജനവികാരം എങ്ങനെ ഉയരുന്നുവെന്നും അത് ഏതൊക്കെ രീതിയില്‍ സമൂഹത്തില്‍ പ്രതിഫലിക്കുന്നുവെന്നുമൊക്കെ ജന ഗണ മന സംസാരിച്ചിരുന്നു.

ഒരു ക്രൈം നടക്കുമ്പോള്‍ നിയമ സംവിധാനങ്ങള്‍ക്ക് സംഭവിക്കുന്ന വീഴ്ച അല്ലെങ്കില്‍ പ്രതികള്‍ക്ക് അനുകൂലമായ ഇടപെടല്‍, ആ ക്രൈമിലേക്ക് നയിക്കുന്ന സാമൂഹിക ഘടനയും ജാതി രാഷ്ട്രീയവും ഇതെല്ലം കോടതി വാദങ്ങളില്‍ പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥന്‍ വിശദീകരിക്കുന്നുണ്ട്.

ക്രിസ്റ്റഫറില്‍ നായകന്‍ കൊല്ലുന്നവരെല്ലാം മന്ത്രിമാരുടെയും ഉന്നതരുടെയും മക്കളാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അതല്ല സ്ഥിതി. രാജ്യത്ത് നടന്നിട്ടുള്ള ഭൂരിഭാഗം ഏറ്റുമുട്ടല്‍ കൊലകളിലും കൊല്ലപ്പെട്ടിട്ടുള്ളത് പൊലീസിനെ ഏതിര്‍ക്കാന്‍ കഴിയാത്തവരോ ഉന്നത സ്വാധീനമില്ലാത്തവരോ ആണ്.

ആര് കൊല്ലപ്പെടുന്നു എന്നതിനുപുറമേ ചര്‍ച്ചയാവേണ്ടത് നിയമത്തെ സംരക്ഷിക്കേണ്ടവര്‍ എന്‍കൗണ്ടര്‍ കില്ലിങ്ങുകളിലൂടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്നതാണ്. തെളിവുകളോ അന്വേഷണമോ ഇല്ലാതെ ഒരാള്‍ അയാളുടെ നീതി നടപ്പാക്കാന്‍ തുടങ്ങിയാല്‍ ഇവിടെ നിയമവ്യവസ്ഥയുടെ ആവശ്യം ഇല്ലല്ലോ.

ഇല്ലാതാവേണ്ടത് വ്യക്തികളല്ല, അവരെ അതിലേക്ക് നയിക്കുന്ന അല്ലെങ്കില്‍ അതിനുള്ള അവസരം ഉണ്ടാക്കികൊടുക്കുന്ന നിയമ സംവിധാനങ്ങളിലെ പിഴവുകളും സാമൂഹിക സാഹചര്യങ്ങളുമാണ്.

Content Highlight: Comparison between jana gana mana and christopher movie

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്