| Friday, 11th August 2023, 8:51 pm

കോണ്‍ഗ്രസ് പശ്ചാത്തലത്തില്‍ നിന്ന് ഇടതിന്റെ യുവ മുഖമായി, ജോഡോ യാത്രയിലൂടെ ശ്രദ്ധനേടി; ജയ്ക്കും ഉമ്മനും ഒരു താരതമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പോവുകയാണ് കേരളാ രാഷ്ട്രീയം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തിരുന്നു.

ഇടത് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി. തോമസിനെ സി.പി.ഐ.എം മൂന്നാം അങ്കത്തിന് ഇറക്കും എന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം നാളെ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം കോട്ടയത്ത് നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പുതുപ്പള്ളിയിലെ ഇടത്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ താരതമ്യം ചെയ്യാം

ജെയ്ക്ക് സി. തോമസ്(33)

കോണ്‍ഗ്രസ് കുടുംബ പശ്ചാത്തലമുള്ള ജെയ്ക്ക് സി. തോമസ് കോട്ടയം സി.എം.എസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായ കാലത്ത് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായി.

2016ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആദ്യമായി മത്സരിക്കാനിറങ്ങുമ്പോള്‍ 26 വയസായിരുന്നു ജയ്ക്കിന്റെ പ്രായം. 2016ലും 2021ലും ഉമ്മന്‍ചാണ്ടിക്കെതിരെ മികച്ച പ്രകടനം ജെയ്ക്ക് കാഴ്ചവെച്ചു. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട് 27,092 വോട്ടിനായിരുന്നു പരാജയപ്പെട്ടത്. 2021ല്‍ ഭൂരിപക്ഷം 9044ല്‍ എത്തിക്കാന്‍ ജെയ്ക്കിന് കഴിഞ്ഞു.

കോട്ടയം ജില്ലാ കമ്മിറ്റി, ഡി.വൈ.എഫ്.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു. ഇന്റര്‍നാഷ്ണല്‍ റിലേഷനില്‍ ബിരുദാന്തര ബിരുദമുണ്ട്.

ചാണ്ടി ഉമ്മന്‍(37)

ഉമ്മന്‍ ചാണ്ടിയുടെ മൂന്ന് മക്കളില്‍ രണ്ടാമനായ ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് മത്സരിക്കുന്നത്. എന്‍.എസ്.യു വഴി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്ന ചാണ്ടി ഉമ്മന്‍ ദല്‍ഹി സെന്റ് സ്റ്റീഫന്‍ കോളേജിലെ നാഷ്ണല്‍ സ്റ്റുഡന്‍സ് യൂണിയന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ചാണ്ടി ഉമ്മന്‍ നിയമത്തിലും ബിരുദമുണ്ട്. ക്രിമിനോളജി, കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ലോ എന്നിവയില്‍ എല്‍.എല്‍.എം.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ 4,000 കിലോ മീറ്ററുകളോളം കാല്‍നടയായി അനുഗമിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്‍ ദേശീയ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

Content Highlight:  compare the Left-UDF candidates in Puthupally

We use cookies to give you the best possible experience. Learn more