മജുവിന്റെ സംവിധാനത്തില്‍ അലന്‍സിയര്‍ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമാണ് അപ്പന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അലന്‍സിയറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്നാണ് പലരും ഇട്ടിയെന്ന കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.
സിനിമ കണ്ടുതീരുവോളം ഇട്ടിയെന്ന കഥാപാത്രം പ്രേക്ഷകരെ വലിയൊരളവില്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അലന്‍സിയറിന്റെ അഭിനയ മികവ് തന്നെയാണ് അപ്പന്റെ വിജയമായി പലരും ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം നടന്‍ തിലകനുമായുള്ള ചില താരതമ്യവും അലന്‍സിയറിന്റെ കാര്യത്തില്‍ വന്നിരുന്നു.
എന്നാല്‍ തിലകനുമായി തന്നെ താരതമ്യം ചെയ്യുന്നതിലുള്ള വിയോജിപ്പ് പറയുകയാണ് അലന്‍സിയര്‍. തിലകനുമായി തന്നെ താരതമ്യപ്പെടുത്തുന്നത് ശുദ്ധ അസംബന്ധമാണെന്നാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. അപ്പന്‍ എന്ന സിനിമ മികച്ചതായെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനാണെന്നും അലന്‍സിയര്‍ പറയുന്നുണ്ട്.
നടന്‍ തിലകനുമായുള്ള താരതമ്യം അസംബന്ധമാണ്. ഞാന്‍ ഇത് മുന്‍പും പറഞ്ഞിട്ടുണ്ട്. ആ മഹാനായ നടനൊപ്പം എന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഞാന്‍ എനിക്ക് അറിയാവുന്ന രീതിയിലാണ് അഭിനയിക്കുന്നത്. അവരൊക്കെ ചെയ്തു കൂട്ടിയിരിക്കുന്ന കഥാപാത്രങ്ങള്‍ എത്രയാണ്.
എന്നെ എന്തിനാണ് ആ മനുഷ്യനുമായി താരതമ്യം ചെയ്യുന്നത്. താരതമ്യം എന്ന് പറയുന്നത് വാസ്തവത്തില്‍ അസംബന്ധമാണ്. താരതമ്യം ചെയ്യരുത്. തിലകന്‍ചേട്ടനോളം എത്താനൊന്നും എനിക്ക് പറ്റില്ല. എനിക്ക് എന്നോളം എത്താനേ പറ്റൂ. ഇരകള്‍ എന്ന സിനിമയെ കുറിച്ചൊക്കെ പറയുന്നത് വ്യാഖ്യാനങ്ങളാണ്. അതുകൊണ്ട് അത്തരം കമ്പാരിസണ്‍സ് ഒന്നും വേണ്ട.
അപ്പന്‍ ഇറങ്ങിയ ശേഷം എന്നെ പല സിനിമക്കാരും വിളിച്ചു. അവര്‍ പറയുന്നത് എന്റെ പെര്‍ഫോമന്‍സ് ഗംഭീരമായെന്നാണ്. അതല്ല അതിനൊരു വേരുണ്ട്. മജുവിന്റെ സ്‌ക്രിപ്റ്റാണ് ആ വേര്. അദ്ദേഹത്തിന്റെ സംവിധാനമാണ് ഇതിന്റെ കാതല്‍. അവിടെയാണ് ഞങ്ങള്‍ പൂത്തുലഞ്ഞത്. ആ വേരില്ലെങ്കില്‍ ഞങ്ങളില്ല.
അപ്പന്‍ പൂര്‍ണമായും മജുവിന്റെ സൃഷ്ടിയാണ്. അദ്ദേഹം കലഹിച്ചും പ്രേമിച്ചും സ്‌നേഹിച്ചും ഉണ്ടായി വന്ന അപ്പനാണ്. സിനിമയുടെ കഥ കേട്ടപ്പോള്‍ ഇങ്ങനെ ഒരു അപ്പന്‍ എവിടേയെങ്കിലും ഉണ്ടാകുമോ എന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ സിനിമ കണ്ട ശേഷം എന്നെ വിളിച്ച പലരും പറയുന്നത് അവരുടെ പരിസരത്ത് ഇങ്ങനെയൊരു അപ്പനുണ്ടെന്നും അവര്‍ക്ക് അത് റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നുമാണ്. സത്യത്തില്‍ ഇങ്ങനെയും അപ്പന്‍മാരുണ്ട് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല, അലന്‍സിയര്‍ പറഞ്ഞു.
Content highlight: compare me with actor Tilakan is totaly absured says actor alanciear