മുംബൈ: മഹാരാഷ്ട്രയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവത്തില്‍ കമ്പനി ഉടമസ്ഥന്‍ അറസ്റ്റില്‍. ഈഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
അപകടത്തിന് പിന്നാലെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തുകൊണ്ട് ഇയാള്‍ നാടുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഐ.പി.സി 304, 338, 337, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം ചട്ടം ലംഘിച്ച് പരസ്യ ബോര്‍ഡ് സ്ഥാപിച്ചതിന് 21 തവണ പിഴ ഈടാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ശ്രമിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ അപകടത്തില്‍ മരണപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും മഹാരാഷ്ട്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുംബൈയിലെ ശക്തമായ മഴയിലും പൊടിക്കാറ്റിലുമാണ് പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് അപകടമുണ്ടായത്. അപകടത്തില്‍ 16 പേര്‍ മരണപ്പെടുകയും 41 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ പെട്ടവരില്‍ ഏതാനും പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപത്തായി സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡാണ് തകര്‍ന്ന് വീണത്. പെട്രോള്‍ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്ക് പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ബില്‍ബോര്‍ഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോട് കൂടിയല്ല എന്ന് സംഭവത്തിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചതെന്ന് ബി.എം.സി (ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Company owner arrested after 16 people died after billboard collapsed