|

ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളേയും അവഹേളിക്കുന്നു: സലഫി പണ്ഡിതന്‍ മുജാഹിദ് ബാലുശ്ശേരിക്കെതിരെ വി.എച്ച്. പി പ്രവര്‍ത്തകന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിനേക്കാള്‍ മോശമാണ് അമ്പലങ്ങള്‍ക്ക് പണം നല്‍കുന്നതെന്ന തരത്തിലുള്ള മുജാഹിദ് ബാലുശേരിയുടെ തീവ്രനിലപാടുകള്‍ നേരത്തെ വലിയ വിവാദമായിരുന്നു.


കൊച്ചി : മതവിദ്വേഷ പ്രസംഗം നടത്തുവെന്ന പേരില്‍ സലഫി പണ്ഡിതനും പ്രഭാഷകനുമായ മുജാഹിദ് ബാലുശേരിക്കെതിരേ പരാതി. ക്ഷേത്രങ്ങള്‍ വേശ്യാലയം എന്ന് പറഞ്ഞ് നടത്തിയ മതേതര പ്രസംഗത്തിന് എതിരെയാണ് പരാതി.

വി.എച്ച്.പി പ്രവര്‍ത്തകനും, ഹിന്ദു അഡ്വക്കറ്റ് ഫോറം സംസ്ഥാന കമ്മറ്റി മെമ്പറുമായ പ്രതീഷ് വിശ്വനാഥന്‍ പരാതി നല്‍കിയത്. മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗങ്ങള്‍ ഹിന്ദു  ആചാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ ഉള്ളതാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി.

ഏകദൈവാരാധനയില്‍ പങ്കുചേര്‍ക്കുന്ന “ശിര്‍ക്ക്” നെപ്പറ്റി പറയുന്ന മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗങ്ങളുടെ യുട്യൂബ് ലിങ്കുകളാണ് പരാതിയില്‍ തെളിവായി നല്‍കിയിരിക്കുന്നത്.

വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിനേക്കാള്‍ മോശമാണ് അമ്പലങ്ങള്‍ക്ക് പണം നല്‍കുന്നതെന്ന തരത്തിലുള്ള മുജാഹിദ് ബാലുശേരിയുടെ തീവ്രനിലപാടുകള്‍ നേരത്തെ വലിയ വിവാദമായിരുന്നു.

മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ സലഫിപ്രഭാഷകനായ ഷംസുദ്ദീന്‍ പാലത്തിനെതിരെ കാസര്‍കോട് ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. സി. ഷുക്കൂര്‍  നല്‍കിയ പരാതിയില്‍ പോലീസ് യു.എ.പി.എ ചുമത്തിയിരുന്നു.

ഇദ്ദേഹത്തിന്റെ പരാതിയില്‍ തന്നെ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ വകുപ്പ്  പ്രകാരം കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഹൊസ്ദുര്‍ഗ് പൊലീസാണ് ശശികലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.  അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശശികലയുടെ മൂന്ന് പ്രസംഗങ്ങളുടെ സി.ഡിയും അഡ്വ. സി. ഷുക്കൂര്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. മറ്റ് മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുന്നതാണ് പ്രസംഗങ്ങളെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും  അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ശശികല, ആറ്റിങ്ങല്‍ കടലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗവും, ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുമെല്ലാം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് മുജാഹിദീന്‍ ബാലുശ്ശേരിക്കെതിരെയും പരാതിയുമായി വി.എച്ച്.പി നേതാവ് രംഗത്തെത്തിയത്.