| Wednesday, 5th April 2017, 3:53 pm

ശശീന്ദ്രന്‍ തന്നെ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു; ഫോണ്‍ വിളി വിവാദത്തില്‍ പരാതിയുമായി മാധ്യമപ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയുമായി ഫോണ്‍ വിവാദത്തില്‍ കുറ്റാരോപിതയായ മംഗളം ചാനലിലെ മാധ്യമപ്രവര്‍ത്തക രംഗത്ത്.

തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് യുവതി പരാതി നല്‍കിയത്. മന്ത്രി തന്നെ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

യുവതിയുടെ മൊഴി സിജെഎം കോടതി രേഖപ്പെടുത്തി. എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട് മംഗളം ടെലിവിഷന്‍ പുറത്തുവിട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

ഇന്നലെ മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം അഞ്ച് പേര്‍ തിരുവന്തപുരം പൊലീസ് ആസ്ഥാനത്ത് ഹാജരായിരുന്നു.

മംഗളം ടെലിവിഷന്‍ സിഇഓ അജിത് കുമാര്‍, എംബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്, കെ ജയചന്ദ്രന്‍ എന്നിവരായിരുന്നു ഇന്നലെ ചോദ്യം ചെയ്യലിനായി പൊലീസ് ആസ്ഥാനത്ത് ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചിരുന്നു.


Dont Miss പൊലീസ് നടപടിയെ ന്യായീകരിച്ച് ലോക്‌നാഥ് ബെഹ്‌റ: സംഘര്‍ഷമുണ്ടായത് ബാഹ്യ ഇടപെടല്‍ മൂലമെന്ന് വിശദീകരണം


മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ചായിരുന്നു മന്ത്രിയുടേതെന്ന പേരില്‍ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. മന്ത്രിയോട് പരാതി പറയാനെത്തിയ വീട്ടമ്മയോട് മന്ത്രി ലൈംഗിക ചുവയോടെ സംസാരിക്കുന്നതിന്റെ ഓഡിയോ എന്നുപറഞ്ഞുകൊണ്ടായിരുന്നു വാര്‍ത്ത പുറത്തവി്ടത്.

വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും ആദ്യം ചാനല്‍ അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പൊലീസ് അന്വേഷണവും പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചെന്നും മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് ഫോണ്‍ ചെയ്യിക്കുകയായിരുന്നുവെന്നും പറഞ്ഞ് സി.ഇ.ഒ അജിത് കുമാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more