ന്യൂദല്‍ഹി: ഇസ്രയേല്‍ എംബസി വാഹനം തകര്‍ത്ത സ്‌ഫോടനത്തില്‍ തകര്‍ത്ത കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സയ്യിദ് മുഹമ്മദ് അഹ്മദ് കാസ്മിയെ അറസ്റ്റ് ചെയ്ത ദല്‍ഹി പോലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. അമേരിക്കയുടേയും ഇസ്രയേലിന്റേയും സമ്മര്‍ദ്ദപ്രകാരമാണ് അറസ്റ്റെന്ന സൂചനകളുമുണ്ട്.
കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് ദല്‍ഹിയില്‍ അടിയന്തിരയോഗം ചേര്‍ന്ന് അറസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ചു. സി.സി.ഐ.എം അധ്യക്ഷന്‍ മുജ്തബ മജ്‌ലിസെ മുശാവറത് പ്രസിഡന്റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍, അഖിലേന്ത്യാ ശിയ ഉലമ കൗണ്‍സില്‍ നേതാവ് ജലാല്‍ ഹൈദര്‍ നഖ് വി , മുസ്‌ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ തസ്‌ലിം റഹ്മാനി, ശിയ പോയിന്റ് പ്രസിഡന്റ് സഹീര്‍ സെയ്ദി മുതിര്‍ന്ന ഉറുദു പത്രപ്രവര്‍ത്തകന്‍ സയ്യിദ് മന്‍സൂര്‍ ആഗ്ര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്തെ മുസ്‌ലിം യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന നടപടി ആവര്‍ത്തിക്കുന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ദോഷകരമാണെന്ന് നേതാക്കള്‍ പറഞ്ഞു. ഉറുദുപത്രപ്രവര്‍ത്തക സമൂഹത്തിലെ ഒരു മുതിര്‍ന്ന അംഗത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത് അങ്ങേയറ്റം ആശങ്കയുണര്‍ത്തുന്നതാണ്. യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റ്.
രാജ്യത്തിന്റെര വലിയ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്യുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് മുഹമ്മദ് അഹ്മദ് കാസ്മിയെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനും ദല്‍ഹി മുഖ്യമന്ത്രിക്കും പോലീസ് കമ്മീഷണര്‍ക്കും കത്തയക്കാനും യോഗത്തില്‍ തീരുമാനമായി. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനേയും നേരില്‍ കണ്ട് പരാതി ബോധിപ്പിക്കും. ദേശീയ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളെയും സമീപിക്കും.
എംബസി വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്ന് ഒരുമാസമായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാതിരുന്ന പോലീസ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടകീയമായി കാസ്മിയെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനം നടന്നതിന് പിന്നാലെ കാസ്മി പലവട്ടം ഇറാനിലേക്ക് ഫോണില്‍ വിളിച്ചുവെന്ന കുറ്റമാണ് പോലീസ് ഉന്നയിക്കുന്നത്. എന്നാല്‍ റേഡിയോ ടെഹ്‌റാന്‍ , ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്‍ന എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് ദല്‍ഹിയില്‍ നിന്നും വാര്‍ത്തകള്‍ നല്‍കുന്ന വ്യക്തിയെന്ന നിലയില്‍ ഫോണ്‍ വിളി തികച്ചും സ്വാഭാവികമാണെന്ന് കാസ്മിയുടെ ബന്ധുക്കളും മാധ്യമസുഹൃത്തുക്കളും പറയുന്നു.
ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിഞ്ഞ 25 വര്‍ഷമായി മാധ്യമലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് കാസ്മി.ബി.ബി.സിയ്ക്കും ദൂരദര്‍ശനും വേണ്ടി 2003 ലെ ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കാസ്മി ശ്രദ്ധേയനാകുന്നത്. ജീവന്‍ നഷ്ടമാകുമെന്ന ഭയത്താല്‍ ഇറാഖിലേക്ക് ആരും പോകാതിരുന്ന ഘട്ടത്തിലാണ് ദൂരദര്‍ശനുവേണ്ടി കാസ്മി ആ ദൗത്യം ഏറ്റെടുത്തത്. കാസ്മിക്ക് അറബി, പേര്‍ഷ്യന്‍, ഉറുദു എന്നീ ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ട്. ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ആല്‍മി സഹാറ, സഹാഫത്ത് എന്നീ പ്രമുഖ പത്രങ്ങള്‍ക്ക് വേണ്ടി സ്ഥിരമായി എഴുതാറുള്ള കാസ്മി അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടുകള്‍ തുറന്നുകാട്ടി ലേഖനങ്ങള്‍ എഴുതിയിരുന്നു.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കാസ്മിയുടെ പല റിപ്പോര്‍ട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കാസ്മിയുടെ അറസ്റ്റില്‍ ദുരൂഹതയുണ്ടെന്ന്് ഭാര്യ ജഹനാര പറഞ്ഞു.