തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭയുടെ ഇടയലേഖനം. ബീഹാറിലെ പോലെ കേരളത്തിലും സാമുദായിക ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന് സര്‍ക്കാരിനോട് ലത്തീന്‍ സഭ ആവശ്യപ്പെട്ടു. ലത്തീന്‍ കത്തോലിക്ക ദിനത്തില്‍ പള്ളികളില്‍ വായിക്കാനായി തയ്യാറാക്കിയ ഇടയലേഖനത്തിലാണ് സഭയുടെ വിമര്‍ശനം.
ലത്തീന്‍ കത്തോലിക്കക്കാര്‍ക്ക് സര്‍ക്കാര്‍ സാമൂഹികമായ നീതി നിഷേധിക്കുന്നുവെന്ന് ഇടയലേഖനത്തില്‍ സഭ ആരോപിച്ചു. മുന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട പിന്നാക്കക്കാര്‍ക്ക് സാമ്പത്തികമായ പിന്തുണയും സംവരണവും സര്‍ക്കാര്‍ നല്‍കിയെന്നും ഇടയലേഖനം പറയുന്നു. എന്നാല്‍ ജനാധിപത്യ സമൂഹത്തില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാധിനിത്യം സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഉറപ്പ് വരുത്തുന്നില്ലെന്നും ലത്തീന്‍ സഭ വിമര്‍ശിച്ചു.
വിഴിഞ്ഞത്തും മുതലപൊഴിയിലും നിരവധി ലത്തീന്‍ കത്തോലിക്കക്കാര്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടെന്നും പ്രബലരായവരെ കേസുകളില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍ ലത്തീന്‍ കത്തോലിക്കക്കാരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.
സര്‍ക്കാരിന്റെ മൂലധന വാണിജ്യ താത്പര്യങ്ങള്‍ തീരദേശമേഖലയെ ബുദ്ധിമുട്ടിലാക്കുമെന്നും, തീരദേശ ഹൈവേയും സാഗര്‍ മാല പദ്ധതിയും തീരശോഷണത്തിന് കാരണമാകുമെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Community census should be implemented in Kerala like Bihar: Latin Catholic Church against Kerala Government