കോഴിക്കോട്: മുസ്‌ലിം ലോകത്തെ വഞ്ചിച്ചവരാണ് സി.പി.ഐ.എം എന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ നദ്‌വി. കമ്മ്യൂണിസ്റ്റുമായി ഒരിക്കലും ഒന്നിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ സി.പി.ഐ.എമ്മിനെ ഇടതുപക്ഷമെന്നല്ല കമ്മ്യൂണിസമെന്നേ പറയാറുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കമ്മ്യൂണിസമെന്നേ ഞാന്‍ പറയുകയുള്ളൂ. അതില്‍ രമയോ മരമോ ദിവ്യയോ വിദ്യയോ എന്നൊന്നും ഞാന്‍ പറയില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, അവര്‍ക്ക് ആദര്‍ശമുണ്ട്. അവര്‍ മുസ്‌ലിം ലോകത്തെ പറഞ്ഞ് വഞ്ചിച്ചവരാണ്. കൊലച്ചതി ചെയ്തവരാണ്. അവരുടെ നിലപാടുകള്‍ എന്നും അങ്ങനെത്തന്നെയാണ്. അടുത്ത കാലത്ത് മാത്രമേ ഗോവിന്ദന്‍ സാറ് ചെറിയ അഭിപ്രായ വ്യത്യാസം പറഞ്ഞിട്ടുള്ളൂ. അത് നടപ്പിലായിട്ടില്ല.
റഷ്യയിലെ ദശലക്ഷം മുസ്‌ലിങ്ങളോട് ദീനും ഖുര്‍ആനും സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ട് ജനകോടികളെ ഒന്നായി വഞ്ചിച്ചു. ഇതൊക്കെ നീണ്ട കഥയാണ്. കമ്മ്യൂണിസ്റ്റുമായി ഒന്നിക്കാന്‍ കഴിയില്ല,’ നദ്‌വി പറഞ്ഞു.
സമസ്തയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം സി.പി.ഐ.എം നടത്തുന്നുണ്ടോയെന്ന ചോദ്യത്തിന് സമസ്തയെ കൊണ്ട് സി.പി.ഐ.എമ്മിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സമസ്ത പ്രവര്‍ത്തിക്കുന്നതിനെല്ലാം സി.പി.ഐ.എം എതിരാണെന്നും നദ്‌വി പറഞ്ഞു.
‘സെമിനാറുകള്‍ ഇനിയും വരാനിരിക്കുകയാണ്. സമസ്ത മുശാവറ യോഗം ചേര്‍ന്ന് ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ് സമസ്തയുടെ തീരുമാനം. അല്ലാത്തവ വ്യക്തികളുടെ തീരുമാനമാണ്. സമസ്ത മുശാവറ ചേര്‍ന്നത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. അതിന് ശേഷം പലരും പലതും പറയുന്നുണ്ടിവിടെ. പക്ഷേ അതെല്ലാം അവരവരുടെ അഭിപ്രായമാണ്.
സമസ്തയെ കൊണ്ട് സി.പി.ഐ.എമ്മിന് ഒന്നും ചെയ്യാന്‍ കഴിയില്ല. സമസ്ത പ്രവര്‍ത്തിക്കുന്നതിനെല്ലാം സി.പി.ഐ.എം എതിരാണ്. ഖുര്‍ആന്‍ ഓതല്‍, മൗലൂദ് ഓതല്‍, മജ്‌ലിസുന്നൂറ്, മദ്‌റസ നടത്തല്‍ അതിനൊക്കെ അവര്‍ എതിരാണ്,’
മുശാവറ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല സി.പി.ഐ.എം സെമിനാറില്‍ സമസ്ത പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഇത്തരം വിഷയങ്ങള്‍ വരുമ്പോഴൊക്കെ മുശാവറ കൂടാന്‍ കഴിയില്ലല്ലോ. അപ്പോള്‍ അതിന്റെ നേതൃത്വത്തിലുള്ളവര്‍ കൂടിയാലോചിച്ച് തീരുമാനിക്കുന്നുണ്ടാകും,’ അദ്ദേഹം പറഞ്ഞു.
content highlights: Communists are murderers of Muslim world: Bahauddin Nadvi