| Saturday, 15th May 2021, 8:02 am

അധിനിവേശ ആക്രമണങ്ങള്‍ അംഗീകരിക്കില്ല, ഫലസ്തീനിനൊപ്പം; പിന്തുണയുമായി ഇസ്രാഈല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഫല്‌സീതിനികള്‍ക്ക് നേരെ ഇസ്രാഈല്‍ സര്‍ക്കാര്‍ ആക്രമണം ശക്തമാക്കുന്നതിനിടയില്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രാഈലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. അധിനിവേശ ശക്തികള്‍ക്ക് ഫലസ്തീന്‍ ജനതയെ തകര്‍ക്കാനാവില്ലെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഹദാഷ് (ഡെമോക്രാറ്റിക് ഫ്രന്റ് ഫോര്‍ പീസ് ആന്റ് ഈക്വാലിറ്റി) മുന്നണിയും ചേര്‍ന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്തവാനയില്‍ പറഞ്ഞു.

കിഴക്കന്‍ ജറുസലേമിലും മസ്ജിദുല്‍ അഖ്‌സാ പള്ളിയിലും അധിനിവേശ സൈന്യം നടത്തിയ ക്രിമിനല്‍ ആക്രമണത്തെയും ഷെയ്ഖ് ജറാ, ബാബ് അല്‍-അമുദ് എന്നിവിടങ്ങളില്‍ ആഴ്ചകളായി തുടരുന്ന ആക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്നണിയും പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രാഈല്‍ സര്‍ക്കാരിന്റെ അധിനിവേശം, യഹൂദവല്‍ക്കരണം, സെറ്റില്‍മെന്റ് പദ്ധതികള്‍ എന്നിവയെ ജറുസലേമിലെ പൊരുതുന്ന ഫലസ്തീനികള്‍ പരാജയപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. കുടിയേറ്റ സംഘങ്ങള്‍ നടത്തിയ ‘പരേഡ്’ പരാജയപ്പെട്ടെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

തീവ്ര വലതുപക്ഷ ജൂതര്‍ മെയ് 10 തിങ്കളാഴ്ച നടത്തിയ ജറുസലേം പതാക ദിനം മസ്ജിദുല്‍ അഖ്‌സ പ്രദേശങ്ങളില്‍ തുടര്‍ന്നുവന്നിരുന്ന ആക്രമണങ്ങളെയും സംഘര്‍ഷത്തെയും കൂടുതല്‍ ശക്തമാക്കിയിരുന്നു. 1976ല്‍ കിഴക്കന്‍ ജറുസലേം പിടിച്ചടക്കിയതിന് പിന്നാലെയാണ് ഇസ്രാഈല്‍ ഏറെ പ്രകോപനപരമായ രീതിയില്‍ ജറുസലേം പതാകദിനം ആഘോഷിക്കാന്‍ തുടങ്ങിയിരുന്നത്.

അധിനിവേശ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്ക് ഫലസ്തീന്‍ ജനതയുടെ ആത്മാഭിമാനത്തെ തകര്‍ക്കാനാവില്ലെന്നാണ് ഇസ്രാഈല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അധിനിവേശ നീക്കങ്ങളോട് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതികരിച്ചത്.

പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നതിനെയും നസറെത്ത്, ഹൈഫ, ഉം-അല്‍-ഫഹാം, തുടങ്ങി വിവിധ പ്രദേശങ്ങളില്‍ യുവാക്കളെ അറസ്റ്റ് ചെയ്യുന്നതിനെയും അപലപിക്കുന്നുവെന്നും കൂടാതെ ഷെയ്ഖ് ഗ്രാച്ചിനോടും ജറുസലേമിലെ ഫലസ്തീനികളോടും ഫലസ്തീന്‍ ജനത നടത്തുന്ന പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം തുടരാന്‍ ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഫലസ്തീനെതിരെയുള്ള ഇസ്രാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകരാഷ്ട്രങ്ങളും ഇസ്രാഈലിലെ തന്നെ വിവിധ ഗ്രൂപ്പുകളും ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്നാണ് നെതന്യാഹു സര്‍ക്കാരിന്റെ നിലപാട്.

ഗാസയിലെ ഹമാസിനെതിരെയുള്ള ആക്രമണത്തില്‍ ഒരുതരത്തിലുള്ള അനുകമ്പയും വരുത്താന്‍ ഇസ്രാഈല്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞു. ‘അവര്‍ ഞങ്ങളുടെ തലസ്ഥാനം ആക്രമിച്ചു, അവര്‍ ഞങ്ങളുടെ നഗരങ്ങളില്‍ റോക്കറ്റിട്ടു. ഇതിന് അവര്‍ വലിയ വില നല്‍കേണ്ടിവരും,” നെതന്യാഹു പറഞ്ഞു.

ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രാഈല്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നേരിട്ടുള്ള ആക്രമണത്തിലേക്ക് ഇസ്രാഈല്‍ കടന്നിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 126 ആയി. കൊല്ലപ്പെട്ടവരില്‍ 36 പേര്‍ കുട്ടികളാണ്. 920 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2014നു ശേഷം ഇസ്രാഈല്‍ ഗാസക്ക് നേരെ നടത്തുന്ന ശക്തമായ ആക്രമണമാണിത്.
അതേസമയം ഫലസ്തീനിലെ ഹമാസ് ഭരണകൂടം ഇസ്രാഈലില്‍ നടത്തിയ ആക്രമണത്തില്‍ 7 പേരാണ് കൊല്ലപ്പെട്ടത്.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കുമെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Communist Party of Israel supports Palestine and condemns Israel’s attack in Gaza

Latest Stories

We use cookies to give you the best possible experience. Learn more