| Thursday, 3rd March 2022, 6:46 pm

ചരിത്രത്തിലാദ്യം; തമിഴ്‌നാട് മധുരൈയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി.പി.ഐ.എമ്മിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മധുരൈ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സി.പി.ഐ.എം. ചരിത്രത്തിലാദ്യമായാണ് സി.പി.ഐ.എം മധുരൈ കോര്‍പ്പറേഷന്റെ അധികാരസ്ഥാനത്തേക്കെത്തുന്നത്.

സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തോടൊപ്പമാണ് (ഡി.എം.കെ) സി.പി.ഐ.എം തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മധുരൈ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഡി.എം.കെ സി.പി.ഐ.എമ്മിന് നല്‍കുകയായിരുന്നു.

മധുരൈ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമെ തിരുമുരുകന്‍പൂണ്ടി, കൊല്ലങ്കോട് എന്നീ മുനിസിപ്പാലിറ്റികളിലും സി.പി.ഐ.എം അധികാരസ്ഥാനത്തേക്കെത്തിയിട്ടുണ്ട്. ഇരു മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന സുപ്രധാന സ്ഥാനത്തേക്കാണ് സി.പി.ഐ.എം എത്തിയിരിക്കുന്നത്.

ഇതുകൂടാതെ മറ്റ് പല മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തും സി.പി.ഐ.എമ്മിന് പ്രാതിനിധ്യമുണ്ട്. തിരുത്തുറൈപുണ്ടി, പഴനി, ചിദംബരം എന്നീ മുനിസിപ്പാലിറ്റികളിലാണ് സി.പി.ഐ.എം വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തിയത്.

ഭരണവിരുദ്ധ വികാരമില്ലാത്ത തെരഞ്ഞെടുപ്പിനായിരുന്നു തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. ഫെബ്രുവരി 22ന് വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ ലാന്‍ഡ്‌സ്ലൈഡ് വിക്ടറിയായിരുന്നു ഡി.എം.കെ സഖ്യം നേടിയത്.

ഡി.എം.കെയുടെ മുഖ്യ എതിരാളികളായ എ.ഐ.എ.ഡി.എം.കെയുടെ ശക്തിദുര്‍ഗങ്ങളില്‍ പോലും ഡി.എം.കെ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ പോലും ഡി.എം.കെയായിരുന്നു വിജയിച്ചുകയറിയത്.

പളനിസാമിയുടെ വീട് സ്ഥിതി ചെയ്യുന്ന സേലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 23ാം വാര്‍ഡിലാണ് ഡി.എം.കെ സ്ഥാനാര്‍ത്ഥി വിജയിച്ചത്. 1366 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡി.എം.കെയ്ക്കുള്ളത്.

ഡി.എം.കെ സ്ഥാനാര്‍ത്ഥിയായ എ. ശിവകാമി 3,694 വോട്ട് നേടിയപ്പോള്‍ എതിര്‍കക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ടി. ഇന്ദിരയ്ക്ക് 2,328 വോട്ട് മാത്രമാണ് നേടാനായത്.

ആകെയുള്ള സീറ്റുകളില്‍ 75 ശതമാനത്തോളം സീറ്റുകളും ഡി.എം.കെ സ്വന്തം പേരിലാക്കിയിരുന്നു.

Content Highlight: Communist Party of India (Marxist) to get the post of Deputy Mayor of Madurai Corporation, Tamil Nadu

We use cookies to give you the best possible experience. Learn more