| Sunday, 20th February 2022, 9:55 am

കമ്യൂണിസ്റ്റ് പാര്‍ട്ടി ജിഹാദികളുമായി കൂട്ടുകൂടി ജനങ്ങളെ വെല്ലുവിളിക്കുന്നു: ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി ജിഹാദികളുമായി കൂട്ടുകൂടി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

തല്ലിക്കൊല്ലുന്നവനും ആക്രമണം നടത്തുന്നവനും പ്രോത്സാഹനം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ബി ടീമാണ് വി.ഡി. സതീശന്റെ കീഴിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിക്കുകയാണ്. കൊച്ചി കിഴക്കമ്പലത്തെ ട്വന്റി20 പ്രവര്‍ത്തകന്റെ കൊലപാതകം അപലപനീയമാണ്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെക്കൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ നാട്ടിലുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കച്ചവടം ചെയ്യാനും കട തുറക്കാനും ഉത്സവത്തില്‍ പങ്കെടുക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കൊലപാതക പരമ്പര അരങ്ങേറുന്ന സംസ്ഥാനത്ത് മോര്‍ച്ചറി വരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളുണ്ടെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തലയോട്ടിയിലെ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിലായി ക്ഷതം കണ്ടെത്തി. ക്ഷതമേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ട പിടിച്ചു. കരൾ രോ​ഗവും മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സി.പി.ഐ.എം പ്രവർത്തകർ ആക്രമിച്ചതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ട്വന്റി ട്വന്റി കിഴക്കമ്പലത്തിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്.ഐ.ആറിൽ പൊലീസ് പറയുന്നു. നേരത്തെ കിറ്റെക്സ് എംഡി ആരോപിച്ചതിന് സമാനമാണ് എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ. ട്വന്റി-20 യുടെ പഞ്ചായത്ത് അംഗമായ നിഷ അലിയാർ നൽകിയ പരാതിയിലാണ് ഇപ്പോൾ എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്.

കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെട്ട സൈനു​ദ്ദീൻ ദീപുവിനെ കഴുത്തിന് പിടിച്ച് തള്ളി നിലത്തിട്ട ശേഷം തലയിൽ പലതവണ ചവിട്ടിയെന്നും മറ്റു പ്രതികൾ ആ സമയത്ത് ദീപുവിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. പരാതിക്കാരിയെ സി.പി.ഐ.എം പ്രവർത്തകർ അസഭ്യം പറഞ്ഞെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.


Content Highlights: Communist Party joins with jihadists to challenge people: BJP leader A.N. Radhakrishnan

We use cookies to give you the best possible experience. Learn more