| Monday, 21st February 2022, 3:38 pm

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; ചരിത്രത്തിന്റെ അനിവാര്യമായ വിമോചനരേഖ

കെ.ടി. കുഞ്ഞിക്കണ്ണന്‍

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ജീവിതം അനുഭവിക്കാനല്ലാതെ അവകാശപ്പെടാനറിയാത്ത ചൂഷിതരും മര്‍ദ്ദിതരുമായ ജനകോടികളെ വര്‍ഗ്ഗ ബോധത്തിന്റെ കൊടുമുടികളിലേക്കുയര്‍ത്തിയ മഹാകൃതിയാണ്.

174 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്യൂണിസ്റ്റ് ലീഗിന് വേണ്ടി മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധീകരിച്ച മാനിഫെസ്റ്റോ അതിന് ശേഷമുള്ള മനുഷ്യരാശിയുടെ ചരിത്രഗതിയെയാകെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഒരു സ്വതന്ത്ര രാഷ്ട്രീയശക്തിയെന്ന നിലയില്‍ തൊഴിലാളി വര്‍ഗത്തെ വളര്‍ത്തുന്നതിലും ബൂര്‍ഷാ അധികാരിവര്‍ഗങ്ങള്‍ക്കെതിരായ വിമോചന പോരാട്ടങ്ങളെ ത്വരിപ്പിക്കുന്നതിലും മാനിഫെസ്റ്റോയും അതിന്റെ കര്‍ത്താക്കളുടെ കൃതികളും വലിയ പങ്കാണ് വഹിച്ചത്.1871ലെ പാരീസ് കമ്യൂണും 1917ലെ ഒക്ടോബര്‍ വിപ്ലവവും തുടങ്ങി തൊഴിലാളി വര്‍ഗ വിപ്ലവങ്ങള്‍ക്ക് മാനിഫെസ്റ്റോ മാര്‍ഗദര്‍ശനമായി തീര്‍ന്നു.

അതെ, മനുഷ്യസമൂഹത്തിന്റെ ചരിത്രഗതിക്രമത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച കൃതിയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ലോകത്തിലേറ്റവുമധികം വായിക്കപ്പെട്ട കൃതി. ബൈബിളും ഖുറാനും കഴിഞ്ഞാല്‍ ലോകത്തിലേറ്റവുമധികം പ്രചാരം ലഭിച്ച കൃതി. ടെറി ഈഗിള്‍ടെന്‍ നിരീക്ഷിക്കുന്നതുപോലെ 19-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏറ്റവും സ്വാധീനമുണ്ടാക്കിയ ഒരൊറ്റകൃതി മാനിഫെസ്റ്റോ മാത്രമാണ്. മാനിഫെസ്റ്റോവിന്റെ രചയിതാവിനെപോലെ ഒരു ചിന്തകനും രാഷ്ട്രീയക്കാരനും ശാസ്ത്രജ്ഞരും മതനേതാക്കന്മാരും ഇത്രയും നിര്‍ണായകമാംവിധം ചരിത്രത്തിന്റെ ഗതിക്രമത്തെ സ്വാധീനിച്ചിട്ടില്ല. പരിവര്‍ത്തനപ്പെടുത്തിയിട്ടില്ല. മനുഷ്യചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മാര്‍ക്സ് രൂപാന്തരപ്പെടുത്തിയെന്ന കാര്യം കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധര്‍പോലും അംഗീകരിക്കുന്ന വസ്തുതയാണ്.

കടുത്ത സോഷ്യലിസ്റ്റ് വിരുദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ലൂഡ്വിഗ്വോണ്‍ മൈസസ് (കെയ്നീഷ്യന്‍ സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവരികയും മുസോളിനിയുടെ ഫാസിസത്തെ ന്യായീകരിക്കുകയും ചെയ്ത ചിന്തകന്‍. അദ്ദേഹത്തിന്റെ ‘ലിബറലിസം’ എന്ന കൃതി കടുത്ത ഇടതുപക്ഷ വിരുദ്ധത പുലര്‍ത്തുന്നതാണ്.

പൊതുമേഖലയും സര്‍ക്കാര്‍ ഇടപെടല്‍ നയങ്ങളും അന്തിമമായി സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന് 1930-കളില്‍ തന്നെ മുതലാളിത്ത രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ മൈസസിന്റെ സിദ്ധാന്തങ്ങളാണ് പില്‍ക്കാലത്ത് നിയോലിബറലിസത്തിന്റെ സൈദ്ധാന്തിക അടിസ്ഥാനമായി തീര്‍ന്നത്). മാനിഫെസ്റ്റോവും അതിലൂടെ ലോകത്ത് അവതരിപ്പിക്കപ്പെട്ട മാര്‍ക്സിസവും മനുഷ്യസമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തെയും അതിന്റെ സാര്‍വത്രിക സ്വഭാവത്തെയും കുറിച്ച് പറയുന്നത് നോക്കൂ; ”ചരിത്രമെന്നെങ്കിലും കണ്ടിട്ടുള്ള ഏറ്റവും ശക്തമായ പരിഷ്‌കരണപ്രസ്ഥാനം, മനുഷ്യരാശിയുടെ ഒരുവിഭാഗത്തില്‍ പരിമിതപ്പെട്ടുനില്‍ക്കാതെ എല്ലാ വംശങ്ങളിലും രാജ്യങ്ങളിലും മതങ്ങളിലും സംസ്‌കാരങ്ങളിലുംപെട്ട ആളുകളില്‍ പിന്തുണക്കപ്പെട്ട ആദ്യത്തെ പ്രത്യയശാസ്ത്രപ്രവണത.”

എറിക്ഹോബ്സാം ചരിത്രപരമായ അനിവാര്യതയുടെ രേഖയെന്നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ രചനയെ വിശേഷിപ്പിച്ചത്. മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടാനായി പിറന്നുവീണ തൊഴിലാളിവര്‍ഗത്തെ ഒരു സ്വതന്ത്ര രാഷ്ട്രീയശക്തിയാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് മാനിഫെസ്റ്റോവിനും അതിന്റെ രചയിതാക്കള്‍ക്കുമുള്ളത്. പ്രായോഗിക വിപ്ലവപ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയെന്ന നിലയിലാണ് മാനിഫെസ്റ്റോ രചിക്കപ്പെടുന്നത്. കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യവും അതിലേക്കെത്താനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ രാഷ്ട്രീയ സമീപനവുമാണ് മാനിഫെസ്റ്റോ വ്യക്തമാക്കുന്നത്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ജീവസത്തയെന്നത് വര്‍ഗസമര സിദ്ധാന്തമാണ്. മാനിഫെസ്റ്റോ തുടങ്ങുന്നത് തന്നെ നാളിതുവരെയുള്ള മനുഷ്യസമൂഹത്തിന്റെ ലിഖിത ചരിത്രമാകെ വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. ഓരോ സമൂഹത്തിലും നടക്കുന്നതും, സമൂഹത്തിന്റെയാകെ വിപ്ലവകരമായ പുനഃസംഘടനയെ ലക്ഷ്യമാക്കിയിട്ടുള്ളതുമായ പോരാട്ടമാണ് വര്‍ഗസമരമെന്ന് മാനിഫെസ്റ്റോ വ്യക്തമാക്കുന്നു. ചരിത്രത്തെ സംബന്ധിച്ച വൈരുദ്ധ്യാത്മകവും ഭൗതികവാദപരവുമായ രീതിശാസ്ത്രമാണ് മാനിഫെസ്റ്റോവിലുടനീളം മാര്‍ക്സും ഏംഗല്‍സും സ്വീകരിച്ചിട്ടുള്ളത്.

ചരിത്രത്തിന്റെ ഭൗതികവ്യാഖ്യാനമനുസരിച്ച് ഓരോ സമൂഹത്തിലും ഉല്‍പാദനശക്തികളും അവയുടെ വളര്‍ച്ചയുടെ നിലവാരത്തിനനുസരിച്ച് ഉല്‍പാദനബന്ധങ്ങളുമുണ്ട്. നിരന്തരം വളരുകയെന്ന പ്രവണതയാണ് ഉല്‍പാദനശക്തികള്‍ക്കുള്ളത്. എന്നാല്‍ ഉല്‍പാദനബന്ധങ്ങള്‍ ഒരിക്കല്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല്‍ സ്വയം മാറാതിരിക്കാനുള്ള പ്രവണത പ്രകടിപ്പിക്കുന്നു. അതായത് ഉല്‍പാദനശക്തികളും ഉല്‍പാദനബന്ധങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് വര്‍ഗസമരത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്. വര്‍ഗവിഭജിത സമൂഹങ്ങളില്‍ ഈ വിരുദ്ധശക്തികളെ പ്രതിനിധാനം ചെയ്യുന്ന വര്‍ഗങ്ങളും അവ തമ്മിലുള്ള സമരവുമാണ് ചരിത്രത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നത്. മുതലാളിത്ത സമൂഹത്തില്‍ ഈ സമരം കൂടുതല്‍ സങ്കീര്‍ണമായി തീരുന്നുവെന്നതാണ് മുതലാളിത്തത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രാനുഭവങ്ങള്‍ കാണിക്കുന്നത്.

മുതലാളിത്തം കുത്തക മുതലാളിത്തവും സാമ്രാജ്യത്വവുമായി വളരുന്നതോടെ, സാമ്രാജ്യത്വ രാജ്യങ്ങള്‍ ലോകത്തെയാകെ സാമ്പത്തികമായും രാഷ്ട്രീയമായും വിഭജിച്ചെടുക്കുന്നതോടെ പ്രത്യക്ഷപ്പെടുന്ന പുതിയ വൈരുദ്ധ്യങ്ങളെ ലെനിന്‍ വിശകലനം ചെയ്യുകയുണ്ടായി. ഓരോ രാജ്യത്തിനകത്തും ചൂഷകരും ചൂഷിതരും തമ്മിലുള്ള വൈരുദ്ധ്യത്തോടൊപ്പം സാമ്രാജ്യത്വരാഷ്ട്രങ്ങളും മര്‍ദ്ദിത രാഷ്ട്രങ്ങളും ജനതകളും തമ്മിലുള്ള വൈരുദ്ധ്യവും പ്രധാനമായിത്തീരുന്നു.

തൊഴിലാളിവര്‍ഗ നേതൃത്വം അസംതൃപ്തരായ ഇതരവര്‍ഗങ്ങളെയെല്ലാം അണിചേര്‍ത്തുകൊണ്ട് മഹാഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി മാറുമെന്നാണ് മാനിഫെസ്റ്റോ ദീര്‍ഘദര്‍ശനം ചെയ്യുന്നത്. ചരിത്രത്തെയും സാമൂഹ്യപരിവര്‍ത്തനത്തെയും സംബന്ധിച്ച ശാസ്ത്രീയമായ വിശകലനമാണ് മാനിഫെസ്റ്റോ നടത്തുന്നത്. ചരിത്രപരമായ പരിവര്‍ത്തനം നിരന്തരം സംഭവിക്കുന്നത് സ്വന്തം ചരിത്രം നിര്‍ണയിക്കുന്ന മനുഷ്യരിലൂടെയാണെന്നാണ് മാര്‍ക്സിസം കാണുന്നത്. ചരിത്രത്തിന്റെ ഗതിവിഗതികള്‍ കേവലമായ പ്രകൃതി നിയമങ്ങള്‍പോലെയല്ലെന്നും അതില്‍ മനുഷ്യര്‍ക്ക് പ്രധാന പങ്കുണ്ടെന്നും മാര്‍ക്സിസം കാണുന്നു.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അസന്ദിഗ്ധമായ ഭാഷയില്‍ വ്യക്തമാക്കുന്നത് മുതലാളിത്തം അതിന്റെ ശവക്കുഴി തോണ്ടുന്ന ദിവസവും കാത്ത് നാം കയ്യുംകെട്ടി നില്‍ക്കുകയല്ല, വിപ്ലവസമരങ്ങളിലൂടെ മുതലാളിത്തത്തെ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കുകയാണ് വേണ്ടെതന്നാണ്. അതായത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിഭാവനം ചെയ്യുന്നത് ചരിത്രത്തിന്റെ കേവലസാക്ഷികളായ മനുഷ്യരെയല്ല അതില്‍ ഇടപെടുന്നവരെയാണ്. മഹാനായ മാര്‍ക്സ് ഫെയര്‍ബാഹിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ പതിനൊന്നാമത്തെ പോയിന്റായി കുറിച്ചിട്ടത്, ലോകത്തെ വ്യാഖ്യാനിക്കുന്ന തത്വചിന്തയല്ല ലോകത്തെ മാറ്റിത്തീര്‍ക്കുന്ന തത്വചിന്തയാണ് നമുക്ക് ആവശ്യമെന്നാണ്.

ലോകത്തെ മാറ്റിത്തീര്‍ക്കാനുള്ള തത്വശാസ്ത്രത്തിന്റെ രാഷ്ട്രീയ പ്രയോഗരേഖയെന്ന നിലയിലാണ് മാനിഫെസ്റ്റോ പ്രകാശിതമാകുന്നത്. ലോകത്തെ മാറ്റാന്‍ കഴിയുമെന്ന ദൃഢനിശ്ചയമാണ് മാനിഫെസ്റ്റോ വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാര്‍ക്സിസം ഉന്നയിക്കുന്ന മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നല്‍കുന്നത്.

1. ലോകത്തെ മാറ്റാന്‍ കഴിയുമോ?
2. എങ്ങനെ മാറ്റാന്‍ കഴിയും?
3. ആ മാറ്റത്തിന് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന സാമൂഹ്യശക്തി ഏതാണ്?

ഈ മൂന്ന് ചോദ്യങ്ങള്‍ക്കും തങ്ങള്‍ ജീവിച്ച ചരിത്ര സാഹചര്യത്തില്‍ നിന്നും തങ്ങളുടെ അനുഭവത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ സംക്ഷിപ്തമായ ഉത്തരമാണ് മാനിഫെസ്റ്റോവിലൂടെ മാര്‍ക്സും ഏംഗല്‍സും നല്‍കുന്നത്.
മാനിഫെസ്റ്റോവിന്റെ അര്‍ത്ഥശാസ്ത്രപരവും തത്വചിന്താപരവുമായ അര്‍ത്ഥതലങ്ങളെ മനസ്സിലാക്കണമെങ്കില്‍ 1844നും 1848നുമിടക്ക് മാര്‍ക്സും ഏംഗല്‍സും എഴുതിയ കൃതികളെ പഠിക്കേണ്ടിവരും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലേക്ക് അവരെങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് മനസ്സിലാക്കാന്‍ ഈയൊരു പഠനം അത്യാവശ്യമാണ്.

1844-ലാണ് മാര്‍ക്സും ഏംഗല്‍സും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. മാര്‍ക്സും ആര്‍ണോള്‍ഡ് റൂഷും ചേര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചിരുന്ന ‘ജര്‍മ്മന്‍-ഫ്രഞ്ച് പഞ്ചാംഗം’ എന്ന ആനുകാലികം പുറത്തിറക്കുന്നതിന് മാര്‍ക്സ് ഏംഗല്‍സിന്റെ സഹായം തേടുകയുണ്ടായി. ഒരു ലക്കം മാത്രമെ അത് പുറത്തിറങ്ങിയിട്ടുള്ളൂ.

അതിലാണ് ഏംഗല്‍സ് ‘അര്‍ത്ഥശാസ്ത്രവിമര്‍ശനത്തിന്റെ രൂപരേഖകള്‍’ എന്ന ലേഖനം എഴുതിയത്. സ്വകാര്യസ്വത്ത് സനാതനമല്ലെന്നും ചരിത്രത്തിന്റെ ഒരു പ്രത്യേക ദശാസന്ധിയില്‍ ആവിര്‍ഭവിച്ചതാണെന്നും അതിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നും ആ ലേഖനത്തില്‍ ഏംഗല്‍സ് സമര്‍ത്ഥിച്ചു. ചരിത്രപരമായ ഭൗതികവാദ സമീപനത്തില്‍നിന്ന് ഏംഗല്‍സ് മുതലാളിത്തം ചരിത്രത്തിലെ ഒരു സവിശേഷഘട്ടം മാത്രമാണെന്നും അത് പരിവര്‍ത്തനവിധേയമാണെന്നും സ്ഥാപിച്ചു. ബൂര്‍ഷ്വാ സമൂഹത്തിലെ എല്ലാ ശത്രുതകളുടെയും അടിയിലുള്ളത് സ്വകാര്യസ്വത്താണെന്നും അത് സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ ഒരു വിപ്ലവത്തിലേക്ക് സമൂഹത്തെ നയിക്കുമെന്നും ഏംഗല്‍സ് സമര്‍ത്ഥിച്ചു.

‘ഹെഗലിന്റെ നിയമശാസ്ത്രവിമര്‍ശനത്തിനുള്ള ഒരു സംഭാവന’ എന്ന മാര്‍ക്സിന്റെ ലേഖനവും ഇതിലാണ് പ്രസിദ്ധീകരിച്ചത്. സമൂഹത്തിന്റെ പരിവര്‍ത്തനവും വിപ്ലവകരമായ പുനഃസംഘടനയും നിര്‍വ്വഹിക്കാന്‍ പോകുന്ന യഥാര്‍ത്ഥ ശക്തി തൊഴിലാളിവര്‍ഗമാണെന്ന് ആ ലേഖനത്തില്‍ മാര്‍ക്സ് വ്യക്തമാക്കി. വസ്തുനിഷ്ഠമായ കാരണങ്ങളാല്‍ തൊഴിലാളിവര്‍ഗത്തിന് ചൂഷണത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാനും മര്‍ദ്ദിതരും മര്‍ദ്ദകരും ഇല്ലാത്ത വ്യവസ്ഥ സൃഷ്ടിക്കാനും കഴിയുമെന്നാണ് മാര്‍ക്സ് സമര്‍ത്ഥിച്ചത്. മുതലാളിത്ത സാമൂഹ്യബന്ധങ്ങളെയും അതിനെ നിര്‍ണയിക്കുന്ന വര്‍ഗഘടനയെയും അതിനകത്ത് വിവിധ വര്‍ഗങ്ങളുടെ പദവിയെയും പങ്കിനെയും സവിശേഷസ്വഭാവങ്ങളെയും അപഗ്രഥനവിധേയമാക്കിക്കൊണ്ടാണ് മാര്‍ക്സ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെക്കുന്നത്.

ഇതോടൊപ്പം മാര്‍ക്സ് വിപ്ലവകാരിയായ വര്‍ഗവും വിപ്ലവകരമായ സിദ്ധാന്തവും തമ്മിലുള്ള പരസ്പര ബന്ധത്തെയും സംയോജനത്തെയും സംബന്ധിച്ച വീക്ഷണവും മുന്നോട്ടുവെച്ചു. മാര്‍ക്സ് എഴുതിയത് ദീര്‍ഘമെങ്കിലും ഇവിടെ ഉദ്ധരിക്കുന്നു;

”തീര്‍ച്ചയായും വിമര്‍ശനത്തിന്റെ ആയുധം ആയുധങ്ങള്‍കൊണ്ടുള്ള വിമര്‍ശനത്തിന് പകരമാവാന്‍ സാധ്യമല്ല. ഭൗതികശക്തികൊണ്ടുതന്നെ ഭൗതികശക്തിയെ പുറത്താക്കണം. എന്നാല്‍ ബഹുജനങ്ങളെ പിടികൂടുന്നതോടുകൂടി സിദ്ധാന്തവും ഒരു ഭൗതിക ശക്തിയായിത്തീരുന്നു. സിദ്ധാന്തം അതിന്റെ മാനവികത തെളിയിക്കുന്നതോടെ അതിന് ബഹുജനങ്ങളെ പിടികൂടാന്‍ കെല്‍പ്പുണ്ടാവുന്നു; സിദ്ധാന്തം സമൂലപരിവര്‍ത്തനവാദി(റാഡിക്കല്‍)യാകുന്നതോടെ അതിന്റെ മാനവികത തെളിയിക്കുന്നു. റാഡിക്കലാവുകയെന്ന് പറഞ്ഞാല്‍ ശരിക്കും മൂലത്തില്‍ (നാരായവേരുകളില്‍) കടന്നു പിടിക്കുകയെന്നാണ് അര്‍ത്ഥം. എന്നാല്‍, മനുഷ്യനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ തന്നെയാണ് മൂലം…

ജര്‍മനിക്ക് പ്രായോഗികമായി സാധ്യമായ ഒരേയൊരു മോചനം, മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉന്നതമായിട്ടുള്ളത് മനുഷ്യന്‍ തന്നെയാണെന്ന് വിളംബരം ചെയ്യുന്ന സിദ്ധാന്തത്തിന്റെ നിലപാടില്‍ നിന്ന് തുടങ്ങുന്ന മോചനമാണ്.. ഈ മോചനത്തിന്റെ മസ്തിഷ്‌കം തത്വചിന്തയാണ്; അതിന്റെ ഹൃദയം തൊഴിലാളിവര്‍ഗവും.

തൊഴിലാളിവര്‍ഗത്തെ നാമാവശേഷമാക്കാതെ (വര്‍ഗവ്യത്യാസങ്ങളില്ലാതാക്കാതെ) തത്വചിന്തയെ ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയില്ല; തത്വചിന്തയെ ഒരു യാഥാര്‍ത്ഥ്യമാക്കാതെ തൊഴിലാളിവര്‍ഗത്തെ നാമാവശേഷമാക്കാനും സാധ്യമല്ല… തത്വചിന്ത അതിന്റെ ഭൗതികോപകരണങ്ങളെ തൊഴിലാളിവര്‍ഗത്തില്‍ കണ്ടെത്തുന്നതുപോലെ, തൊഴിലാളിവര്‍ഗം അതിന്റെ ആത്മീയോപകരണങ്ങളെ തത്വചിന്തയില്‍ കണ്ടെത്തുന്നു.”

ഏംഗല്‍സിന്റെ ‘അര്‍ത്ഥശാസ്ത്ര വിമര്‍ശനത്തിന് ഒരു രൂപരേഖ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാര്‍ക്സ് ‘അര്‍ത്ഥശാസ്ത്ര ദാര്‍ശനിക കുറിപ്പുകള്‍’ 1844-ല്‍ എഴുതുന്നത്. ബൂര്‍ഷ്വാ സമൂഹത്തെക്കുറിച്ചുള്ള അപഗ്രഥനാത്മകമായ ഒരു പഠനമാണ് ഈ കൃതി. ബൂര്‍ഷ്വാ സമ്പദ്വ്യവസ്ഥയുടെ അനിവാര്യമായ എല്ലാ പ്രധാന പ്രതിഭാസങ്ങളും ഉടലെടുക്കുന്നത് ഉല്‍പാദനഉപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയില്‍ നിന്നാണെന്നും ദാരിദ്ര്യമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കണമെങ്കില്‍ സ്വകാര്യ ഉടമാസമ്പ്രദായത്തെ ഇല്ലാതാക്കണമെന്നും മാര്‍ക്സ് സമര്‍ത്ഥിച്ചു.

പിന്നീട് മൂലധനത്തില്‍ മാര്‍ക്സ് പ്രത്യയശാസ്ത്ര സമഗ്രഥയോടെ വിശകലനം ചെയ്യുന്ന അന്യവല്‍ക്കരണത്തെക്കുറിച്ചുള്ള നിരീക്ഷണവും ഈ കൃതിയിലൂടെ മുന്നോട്ടുവെച്ചു. ബഹുമുഖമായ സര്‍ഗപ്രവര്‍ത്തനവും അനന്തമായ പുരോഗതിയും രൂപപ്പെടുത്താന്‍ സാധിക്കുന്ന ഒരു ജീവിയായി മനുഷ്യനെ പരിണമിപ്പിച്ചത് അദ്ധ്വാനമാണ്. വ്യക്തിത്വത്തിന്റെയും സമൂഹത്തിന്റെയും വികാസത്തില്‍ അദ്ധ്വാനത്തിന്റെ പങ്കെന്ത് എന്ന അന്വേഷണമാണ് മാര്‍ക്സ് നടത്തിയത്. മനുഷ്യനെ മനുഷ്യനാക്കുന്ന സാരസര്‍വ്വസ്വം എന്നത് അദ്ധ്വാനമാണെന്ന് മാര്‍ക്സ് വിശദീകരിച്ചു. പക്ഷെ മുതലാളിത്ത വ്യവസ്ഥയില്‍ അദ്ധ്വാനത്തിന്റെ ഉല്‍പന്നം തൊഴിലാളിയില്‍ നിന്ന് കവര്‍ന്നെടുത്ത് ഉല്‍പാദന ഉപകരണങ്ങളുടെ ഉടമയായ മുതലാളി തൊഴിലാളിയെ അടക്കിവാഴുന്ന ഒരു ശക്തിയായി മാറുന്നു. അദ്ധ്വാനത്തിന്റെ ഉല്‍പന്നവും അദ്ധ്വാനത്തിന്റെ ഉപകരണവും നഷ്ടപ്പെടുന്ന തൊഴിലാളി വെറും കൂലിയടിമയാകുന്നു.

ഇത് സാമൂഹ്യവും രാഷ്ട്രീയവും ആശയപരവും മറ്റെല്ലാ രൂപങ്ങളിലുമുള്ള അന്യവല്‍ക്കരണത്തെ ദൃഢീകരിച്ച് നിര്‍ത്തുന്നു. മുതലാളിത്ത ഉല്‍പാദനം സൃഷ്ടിക്കുന്ന ഈ അന്യവല്‍ക്കരണം മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെ വികൃതമാക്കുന്നു. വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുന്നു. തൊഴിലെടുക്കുന്നവരും എടുക്കാത്തവരും തമ്മില്‍ ശത്രുത വളരുന്നു. ഇത് തൊഴിലാളികള്‍ക്കിടയില്‍തന്നെ പരസ്പരം അന്യവല്‍ക്കരണത്തിന് കാരണമാകുന്നുവെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നു. ബൂര്‍ഷ്വാ സമൂഹത്തില്‍ പണം എല്ലാത്തിനും മാനദണ്ഡമാകുന്നുവെന്നും അതെല്ലാ മാനുഷിക മൂല്യങ്ങളെയും അടക്കിഭരിക്കുന്നുവെന്നുമുള്ള മാനിഫെസ്റ്റൊയിലെ വാക്കുകള്‍ ഓര്‍ക്കുക.

മുതലാളിത്തം സൃഷ്ടിക്കുന്ന അന്യവല്‍ക്കരണത്തെയും കപടാവബോധത്തെയെും വിശകലനം ചെയ്തുകൊണ്ട് മാര്‍ക്സ് എഴുതി; ‘‘കൂറിനെ വഞ്ചനയായും സ്നേഹത്തെ ദ്വേഷമായും ദ്വേഷത്തെ സ്നേഹമായും ധര്‍മ്മത്തെ അധര്‍മ്മമായും അധര്‍മ്മത്തെ ധര്‍മ്മമായും വിഡ്ഢിത്തത്തെ ബുദ്ധിയായും ബുദ്ധിയെ വിഡ്ഢിത്തമായും രൂപാന്തരപ്പെടുത്താന്‍ പണത്തിന് കഴിയും.”

(1844നും 1848-നുമിടക്ക് മാര്‍ക്സും ഏംഗല്‍സും എഴുതിയ കൃതികള്‍, മാനിഫെസ്റ്റോവിന്റെ അര്‍ത്ഥതലങ്ങളെ സ്വാധീനിച്ച സൈദ്ധാന്തിക വീക്ഷണങ്ങളെ മനസ്സിലാക്കാന്‍ വായിക്കേണ്ടതാണ്. മാര്‍ക്സിന്റെ തത്വചിന്താപരവും ധനശാസ്ത്രപരവുമായ കയ്യെഴുത്തുപ്രതികള്‍, പരിശുദ്ധകുടുംബം, ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി, ജര്‍മ്മന്‍ പ്രത്യയശാസ്ത്രം, തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം, മൂലധനവും കൂലിവേലയും തുടങ്ങിയവ).

1848 ഫെബ്രുവരിയിലാണ് മാര്‍ക്സ് മാനിഫെസ്റ്റോ എഴുതി പൂര്‍ത്തിയാക്കുന്നത്. മാര്‍ച്ച് മാസത്തിലാണ് അത് ആദ്യമായി അച്ചടിച്ച് വിതരണം ചെയ്യപ്പെടുന്നത്. ഇതേ കാലഘട്ടത്തിലാണ് യൂറോപ്പിനെ പിടിച്ചുകുലുക്കിയ ജനങ്ങളുടെ കലാപങ്ങളും വിപ്ലവ സമരങ്ങളും പൊട്ടിപ്പുറപ്പെടുന്നത്. ഫ്രഞ്ച് ചക്രവര്‍ത്തിയായ ലൂയിഫിലിപ്പിനെതിരെ പാരീസിലെ ജനങ്ങള്‍ കലാപം ആരംഭിച്ചു. 1848 ഫെബ്രുവരി 24ന് ചക്രവര്‍ത്തിയെ സിംഹാസനത്തില്‍ നിന്ന് താഴെയിറക്കിയതോടെയാണ് കലാപം അവസാനിച്ചത്.

മാര്‍ച്ച് 18ന് ബര്‍ലിനിലെ തൊഴിലാളികള്‍ പ്രഷ്യന്‍ കൈസറായ ഫ്രെഡറിക് വില്യം നാലാമനെതിരായി കലാപം ആരംഭിച്ചു. തൊഴിലാളി കലാപം അതിനിഷ്ഠൂരമായി അടിച്ചമര്‍ത്തപ്പെട്ടു. മാര്‍ച്ച് മാസത്തില്‍ തന്നെ പോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ തൊഴിലാളികളുടെ കലാപം ആരംഭിക്കുകയും അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പലതും ഭരണകൂടത്തിന് അംഗീകരിക്കേണ്ടിവരികയും ചെയ്തു.

തൊഴിലാളികള്‍ നടത്തിയ മാനിഫെസ്റ്റോ ചര്‍ച്ചയുടെ ഫലമായിട്ടാണ് കലാപമെന്നതായിരുന്നു ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ആംസ്റ്റര്‍ഡാമില്‍ നടന്ന കുറ്റവിചാരണയില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അത്യന്തം പ്രകോപനപരമായ ഒരു ലഘുലേഖയായി വിശേഷിപ്പിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ ദുരുദ്ദേശ്യങ്ങളെ വ്യക്തമാക്കുന്ന മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ ആക്ഷേപകരമായ കൃതിയെന്നാണ് മാനിഫെസ്റ്റോക്കെതിരെ കുറ്റോരോപണം ഉയര്‍ന്നത്. ഫ്രാന്‍സിലും ജര്‍മ്മനിയിലുമെല്ലാം മാനിഫെസ്റ്റോയുടെ കോപ്പികള്‍ കണ്ടുകെട്ടപ്പെട്ടു. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ താമസിച്ചിരുന്ന കാള്‍ മാര്‍ക്സിനെ നാടുകടത്തി. ഈ പ്രതികൂലതകള്‍ക്കിടയിലും മാനിഫെസ്റ്റോ നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.

ഭരണാധികാരികള്‍ ഏറ്റവും വെറുക്കുന്ന ലഘുലേഖയായിരിക്കുമ്പോള്‍ തന്നെ അത് ഏറ്റവും അധികം ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ലഘുലേഖയായി സ്വീകരിക്കപ്പെട്ടുവെന്നതാണ് വസ്തുത. ബൂര്‍ഷ്വാ അധികാരിവര്‍ഗങ്ങളുടെ സിംഹാസനങ്ങളെ ഞെട്ടിവിറപ്പിച്ചുകൊണ്ടാണ് മാനിഫെസ്റ്റോ ലോകത്തെല്ലായിടത്തുമുള്ള തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ചത്.

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more