World News
കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 25, 05:43 pm
Sunday, 25th December 2022, 11:13 pm

കാഠ്മണ്ഡു: പുഷ്പ കമല്‍ ധഹല്‍ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയാകും. പ്രതിപക്ഷ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയുടെയും മറ്റ് പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് പുഷ്പ കമല്‍ ധഹല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

പ്രചണ്ഡ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാവുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് സത്യപ്രതിജ്ഞ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായിരുന്നു പ്രചണ്ഡ. 2008ലും 2016ലുമാണ് പ്രചണ്ഡ മുമ്പ് രണ്ട് തവണ നേപ്പാള്‍ പ്രധാനമന്ത്രിയായത്.

13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1996 മുതല്‍ 2006 വരെ മാവോയിസ്റ്റ് രീതികളില്‍ സായുധ പോരാട്ടത്തിന് ശ്രമിച്ച പ്രചണ്ഡ, 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ നേപ്പാളില്‍ തൂക്കുസഭയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡയായിരിക്കും പ്രധാനമന്ത്രി എന്നാണ് ധാരണ. 275 അംഗമുള്ള സഭയില്‍ 165 പേരുടെ പിന്തുണയും പ്രചണ്ഡ ഉറപ്പാക്കികഴിഞ്ഞു.