| Wednesday, 10th January 2024, 10:20 am

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അംഗീകാരം നൽകി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഈ വർഷം മാർച്ചിൽ നടക്കുന്ന റഷ്യൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന് റഷ്യൻ നാഷണൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവാദം നൽകി. നിക്കോളായ് ഖാരിറ്റോനോവിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യക്ക് വേണ്ടി പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന മൂന്നാമത്തെ സ്ഥാനാർത്ഥിയാണ് ഖാരിറ്റോനോവ്. കഴിഞ്ഞ വെള്ളിയാഴ്ച ദേശീയവാദിയും എൽ.ഡി.പി.ആർ പാർട്ടി അംഗമായ ലിയോണിഡ് സ്ലട്ട്സ്കിക്കും സെൻട്രിസ്റ്റ് ന്യൂ പീപ്പിൾ പാർട്ടി അംഗമായ വ്ലാഡിസ്ലാവ് ഡ്വാങ്കോവിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അംഗീകാരം ലഭിച്ചിരുന്നു.

റഷ്യക്ക് ഏറ്റവും ശക്തമായ ഒരു ഭാവി ഉണ്ടാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് മത്സരിക്കാനുള്ള അംഗീകാരം ലഭിച്ചതിന് ശേഷം നിക്കോളായ് ഖാരിറ്റോനോവ് പറഞ്ഞു.

കൂടാതെ നിക്കോളായ് ഖാരിറ്റോനോവിന് റഷ്യൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എല്ലാ പിന്തുണയും റഷ്യൻ നിയമങ്ങൾ നൽകുന്നുണ്ടെന്ന്
റഷ്യൻ നാഷണൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർവുമൺ എല്ല പാംഫിലോവ പറഞ്ഞു.

നിലവിലെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉൾപ്പെടെ 8 റഷ്യൻ പൗരന്മാർക്ക് കൂടി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അംഗീകാരം ലഭിക്കാനുണ്ട്.

റഷ്യയിലെ മറ്റൊരു ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയായ കമ്മ്യൂണിസ്റ്റ് ഓഫ് റഷ്യ, സെർജി മാലിങ്കോവിച്ചിനെയാണ് സ്ഥാനാർത്ഥിയായി നിർത്തുന്നത്. ഖാരിറ്റോനോവിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കപ്പെട്ടതോടെ കെ.പി.ആർ.എഫ് പാർട്ടി 15 ഇന പ്രകടനപത്രിക ഉടനെ പുറത്തിറക്കുമെന്ന് പാർട്ടി നേതാവ് ഗെന്നഡി സ്യൂഗനോവ് അറിയിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി സോവിയേറ്റ് യൂണിയൻ പിന്തുടർച്ചക്കാരായി കണക്കാക്കുന്ന കെ.പി.ആർ.എഫ് പാർട്ടി 1990ലാണ് സ്ഥാപിക്കപ്പെടുന്നത്. 1990കളിൽ റഷ്യൻ പാർലമെന്റ് ആയ സ്റ്റേറ്റ് ഡുമയിൽ 450 സീറ്റിൽ 157 എണ്ണം വിജയിച്ചിരുന്നു എന്നാൽ നിലവിൽ 60 സീറ്റുകൾക്ക് താഴെ മാത്രമാണുള്ളത്.

കൂടുതൽ സ്ഥാനാർത്ഥികൾ റഷ്യൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് വരുന്നുണ്ടെങ്കിലും വ്ളാഡിമിർ പുടിൻ തന്നെ അഞ്ചാം തവണയും വിജയിക്കുമെന്നാണ് പറയപ്പെടുന്നത്. 2036 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഭരണഘടനാ ഭേദഗതി 2020ൽ പുടിൻ വരുത്തിയിരുന്നു. 20036 വരെ പുടിൻ തുടരുകയാണെങ്കിൽ റഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രസിഡന്റായി അദ്ദേഹം മാറും. 29 വർഷക്കാലം റഷ്യൻ പ്രസിഡന്റ് ആയിരുന്ന സ്റ്റാലിൻ ആണ് നിലവിൽ പുടിന് മുന്നിലുള്ളത്.

Content Highlights: Communist leader got approval to contest in Russian presidential election.

We use cookies to give you the best possible experience. Learn more