തുര്‍ക്കിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു ചരിത്രജയം; ജയം എര്‍ദോഗന്റെ പാര്‍ട്ടിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി
World News
തുര്‍ക്കിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു ചരിത്രജയം; ജയം എര്‍ദോഗന്റെ പാര്‍ട്ടിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2019, 2:56 pm

 

അങ്കാര: തുര്‍ക്കിയുടെ ചരിത്രത്തിലാദ്യമായി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു ജയം. ദെര്‍സിം മുനിസിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് തുര്‍ക്കിയുടെ (ടി.കെ.പി.) ഫാത്തി മെഹ്മത് മശ്റുദുള്ള ജയിച്ചുകയറിയത്.

32.41 ശതമാനം വോട്ട് നേടിയാണ് തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയിലെ തുന്‍സേലി പ്രവിശ്യയിലുള്ള മുനിസിപ്പാലിറ്റിയില്‍ മശ്റുദുള്ള ചെങ്കൊടി നാട്ടിയത്. തുര്‍ക്കി പ്രസിഡന്റായ എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി 14.76 ശതമാനത്തോടെ നാലാം സ്ഥാനത്തായി. പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പീപ്പിള്‍ പാര്‍ട്ടിയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്രധാനമായും കുര്‍ദിഷ് വംശജരുള്ള പ്രവിശ്യയിലാണ് ദെര്‍സിം.

സോഷ്യലിസ്റ്റ് മാതൃക സാധ്യമാണെന്നു രാജ്യത്തെ മുഴുവന്‍ കാണിച്ചുകൊടുക്കുമെന്നായിരുന്നു വിജയത്തിനുശേഷം ഒരു തുര്‍ക്കിഷ് പത്രത്തോട് അദ്ദേഹം പ്രതികരിച്ചത്. ദെര്‍സിമിനു സമീപമുള്ള ഒവാസിക്കിലെ മുന്‍ മേയര്‍ കൂടിയാണു മശ്റുദുള്ള.

സഹകരണ കാര്‍ഷിക ഉത്പാദനം, നികുതിപരമായ സുതാര്യത എന്നിവ ഒവാസിക്കില്‍ നടപ്പാക്കിയതിലൂടെയാണു മശ്റുദുള്ള ജനകീയനാവുന്നത്. കാര്‍ഷിക സബ്സിഡികള്‍ നല്‍കിയതും ഇക്കൂട്ടത്തില്‍പ്പെടും. ഒവാസിക്കില്‍ തുടങ്ങിയ ഈ പദ്ധതികളൊക്കെയും തങ്ങള്‍ ദെര്‍സിമിലേക്കു കൂടി വ്യാപിപിക്കുമെന്നും മശ്റുദുള്ള പറഞ്ഞു.

Also read:ശബരിമലയെ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ അവസരമാക്കി; ആചാരം സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ല: രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്

തുര്‍ക്കിഷ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ 2016-ല്‍ നടത്തിയ പഠനത്തില്‍ ജീവിത നിലവാരക്കണക്കില്‍ ഏറ്റവും മുമ്പില്‍നില്‍ക്കുന്ന നഗരമായി കണ്ടെത്തിയതു ദെര്‍സിമിനെയായിരുന്നു. വിദ്യാഭ്യാസത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നഗരവും മറ്റൊന്നല്ല.

തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കു മാറിയതിനുശേഷം കഴിഞ്ഞവര്‍ഷമാണ് എര്‍ദോഗന്‍ അധികാരത്തിലേറുന്നത്. അതിനുശേഷം ആദ്യമായാണു രാജ്യത്തു തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 16 വര്‍ഷത്തോളമായി തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്ന എര്‍ദോഗന്റെ പാര്‍ട്ടിക്കു തലസ്ഥാനമായ അങ്കാരയിലും രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബുളിലും സ്വാധീനം നഷ്ടപ്പെട്ടുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണു ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിടുന്നത്. രാജ്യത്തു നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനുകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.