ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത് രണ്ടു വര്‍ഷത്തിനിടയ്ക്ക് സംസ്ഥാനത്ത് കലാപങ്ങളൊന്നും ഉണ്ടായില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെട്ടെന്നും അവകാശപ്പെട്ട് യോഗി ആദിത്യനാഥ്.
തന്റെ ആദ്യ ട്വീറ്റില്‍ കലാപ സമാനമായ ഒരു സംഭവവും തന്റെ ഭരണകാലത്ത് സംഭവിച്ചില്ലെന്ന് യോഗി അവകാശപ്പെടുന്നു. സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെട്ടതായും സംഘടിത ആക്രമണങ്ങള്‍ക്ക് തടയിടാന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞതായും ആദിത്യനാഥ് മറ്റൊരു ട്വീറ്റില്‍ പറയുന്നു. “ആസൂത്രിത ആക്രമണങ്ങള്‍ക്ക് തടയിടാനും ക്രമസമാധാനം മെച്ചപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍ക്കും വ്യക്തിപരമായ പ്രശ്‌നങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ സുരക്ഷിതരാണ്”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ കണക്കുകള്‍ അനുസരിച്ച് ആദിത്യനാഥിന്റെ അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് അകലെയാണ്. ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് മാസങ്ങള്‍ക്കകം 2017 മെയ് മാസത്തില്‍ സഹരന്‍പൂരിലുണ്ടായ ജാതി പ്രക്ഷോഭത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2018 ജനുവരിയില്‍ പടിഞ്ഞാറന്‍ യു.പിയിലെ കസ്ഗഞ്ചില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപം ഒരാളുടെ മരണത്തിലാണ് കലാശിച്ചത്. ബുലന്ദ്ശഹറിലുണ്ടായ കലാപത്തില്‍ പെലീസുദ്യോഗസ്ഥനായ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു. 2018 ഡിസംബറില്‍ തന്നെ ഗാസിയാപൂരിലുണ്ടായ പ്രക്ഷോഭത്തില്‍ മറ്റൊരു പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
ഡിസംബര്‍ 26 വരെ മാത്രം സംസ്ഥാനത്ത് 93 അക്രമസംഭവങ്ങളുണ്ടായതായി ഫാക്റ്റ്‌ചെക്കര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018ലാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയാടിസ്ഥാനത്തിലുള്ള വിദ്വേഷ കലാപങ്ങളുണ്ടായത്. ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം ആക്രമണങ്ങളുണ്ടായത്. 27 ആക്രമണങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഇക്കാലയളവില്‍ ഉണ്ടായത്.
പശുവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ 67 ശതമാനവും യു.പിയിലാണെന്ന് ഫാക്റ്റ്‌ചെക്കറിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 2017ല്‍ രാജ്യത്ത് ഏറ്റവും അധികം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതും ആദിത്യനാഥ് ഭരണത്തിലിരിക്കുന്ന ഉത്തര്‍പ്രദേശിലാണ്.
(Inputs from The Quint)