ബുള്‍ഡോസിങ്, അറസ്റ്റ്; മുംബൈയില്‍ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയുള്ള വർഗീയ സംഘര്‍ഷം തുടരുന്നു
national news
ബുള്‍ഡോസിങ്, അറസ്റ്റ്; മുംബൈയില്‍ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയുള്ള വർഗീയ സംഘര്‍ഷം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th January 2024, 12:35 pm

 

മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ മുംബൈയില്‍ മീരാ റോഡില്‍ നടന്ന സംഘര്‍ഷത്തില്‍ 13 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്.


പ്രാണ പ്രതിഷ്ഠാ ദിവസം കാവി പതാകകളുമായി കടന്ന് പോയ ബൈക്ക് റാലിക്കെതിരെ കല്ലുകള്‍ എറിഞ്ഞു എന്ന് ആരോപിച്ചാണ് പത്തിലേറെ വരുന്ന ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഘര്‍ഷം നടന്ന പ്രദേശത്തെ ചില വീടുകള്‍ അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇടിച്ചുപൊളിക്കുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്ത് രണ്ടാം ദിവസവും സംഘര്‍ഷം തുടരുന്നുണ്ടെന്നാണ് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്ര സർക്കാരിന്റെ നിർദേശ പ്രകാരം മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പൊലീസിന്റെ സഹായത്തോടെയാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. ഘോഷയാത്രയുടെ ഭാഗമായിരുന്ന വാഹനങ്ങൾക്ക് നേരെ 50-60 പേരടങ്ങുന്ന ആൾക്കൂട്ടം കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ‘സംഭവത്തിൽ 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ നാല് പേരുടെ നില ഗുരുതരമാണ്,’ പൊലീസ് പറഞ്ഞു.

സെക്ഷൻ 307 (കൊലപാതകശ്രമം), മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ (153(എ) (പ്രദേശത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 141 (നിയമവിരുദ്ധമായി സംഘം ചേരൽ) തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എന്നാൽ ഇന്നലെ ആൾക്കൂട്ടം ഓട്ടോറിക്ഷകൾക്കും കടകൾക്കും നേരെ ആക്രമണം നടത്തി. ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ലൈവ് ആയി പുറത്ത് വിടുകയും ചെയ്തു. ആക്രമണം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഹിന്ദുത്വ ആൾക്കൂട്ടം മുസ്‌ലിങ്ങളുടെ കടകളും ഓട്ടോറിക്ഷകളും ആക്രമിക്കുന്നത് സ്വതന്ത്ര വാർത്ത സ്ഥാപനമായ മക്തൂബ് പുറത്ത് വിട്ട വിഡിയോയിൽ വ്യക്തമാണ്.

Content Highlight : Mumbai: Communal violence over Ram Mandir inauguration continues for 2nd day on Mira Road