| Wednesday, 20th October 2021, 6:04 pm

മുപ്പത് ദിവസം, പത്തിലധികം വര്‍ഗീയ ആക്രമണങ്ങള്‍; കര്‍ണാടകയില്‍ ബി.ജെ.പി പണിയുന്ന 'ഹിന്ദുത്വ രാജ്യം'

അളക എസ്. യമുന

ക്രിസ്ത്യന്‍ പള്ളികളുടെ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരിമാനിക്കുന്നു, ഉടനടി ‘ദൗത്യം’ ഇന്റലിജന്‍സിന് കൈമാറുന്നു. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തയാണിത്. എന്തിനുവേണ്ടിയാണ് ഈ തിരക്കുപിടിച്ച നീക്കം?

രണ്ടാമതൊന്ന് ആലോചിക്കാതെ ഞൊടിയിടയ്ക്കുള്ളില്‍ ഇതിനുള്ള ഉത്തരം ആര്‍ക്കും പറയാം. തീവ്രഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ കാലാകാലങ്ങളായി ഹിന്ദുത്വ സംഘങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുന്ന കുതന്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണിത്.

നാളെയും മറ്റന്നാളും ഇനി വരുന്ന മറ്റെല്ലാ ദിവസങ്ങളിലും ഇത്തരം വാര്‍ത്തകള്‍ നമുക്ക് മുന്നിലേക്ക് വന്നുകൊണ്ടേയിരിക്കും. ഇന്ന് കര്‍ണാടകയിലാണെങ്കില്‍ നാളെ യു.പിയില്‍ നിന്നോ ഗോവയില്‍ നിന്നോ ആവാം.

വെറും 30 ദിവസത്തിനുള്ളില്‍ പത്തിലധികം വര്‍ഗീയ ആക്രമണങ്ങളാണ് തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ കര്‍ണാടകയില്‍ മാത്രം ഉണ്ടാക്കിയിരിക്കുന്നത്. പുറത്തറിയാവുന്ന എണ്ണം മാത്രമാണ് പത്ത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത് മാധ്യമങ്ങളിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും പുറംലോകം അറിഞ്ഞ സംവങ്ങള്‍ മാത്രമാണ്. എന്നാല്‍, ഈ കണക്കിനും അപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്രയോ മനുഷ്യവിരുദ്ധ പ്രവര്‍ത്തികളായിരിക്കും ഹിന്ദുത്വ സംഘങ്ങള്‍ ചെയ്ത് കൂട്ടിയുണ്ടാവുക!.

ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ‘ഭജന’ നടത്തിയ ബജ്‌റംഗ്ദള്‍

ക്രിസ്ത്യന്‍ പള്ളികളെ ഉന്നംവെച്ചുകൊണ്ടുള്ള നിരന്തരമായ ആക്രമണമാണ് സംഘപരിവാര്‍ കര്‍ണാടകയില്‍ നടത്തുന്നത്. ബി.ജെ.പി ഭരിക്കുന്ന ഇടം എന്ന ഒറ്റ ധാര്‍ഷ്ട്യത്തിന്റെ പേരിലാണ് ഇക്കണ്ട ആക്രമണങ്ങളൊക്കെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.

മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചുകൊണ്ടായിരുന്നു കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ താത്കാലിക പള്ളിയില്‍ തീവ്രഹിന്ദു സംഘടനകള്‍ ഭജന നടത്തിയത്. ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി ഭജനയും പ്രാര്‍ത്ഥനയും നടത്തിയത്.

ഹുബ്ബള്ളിയിലെ ബൈരിദേവര്‍കൊപ്പ പള്ളിയിലെത്തിയ പ്രവര്‍ത്തകര്‍ ഉച്ചഭാഷിണികളിലൂടെ ഭജനകളും പ്രാര്‍ത്ഥന ഗാനങ്ങളും പാടുകയും പള്ളിയില്‍ ഉണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്യുകയുമായിരുന്നു.

പള്ളി ആക്രമിച്ചതിന് പിന്നാലെ പള്ളിയിലെ പാസ്റ്റര്‍ സോമു അവരാധിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിന് ചുക്കാന്‍ പിടിച്ചത് പ്രാദേശിക ബി.ജെ.പി എം.എല്‍.എയായ അരവിന്ദ് ബെല്ലാഡായിരുന്നു.

വിശ്വനാഥ് എന്ന ഹിന്ദുവിനെ മത പരിവര്‍ത്തനം നടത്തുന്നതിനായി പള്ളിയിലെത്തിക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ബജ്റംഗ്ദളിന്റെ ആക്രമം. ഇതിന്റെ പശ്ചാത്തലത്തിലാണ് ബജ്റംഗ്ദള്‍ ക്രിസ്ത്യന്‍ പള്ളി കൈയേറിയത്. മതപരിവര്‍ത്തനത്തിനെതിരെ ഭജന നടത്തി തങ്ങളുടെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു എന്നാണ് ബജ്റംഗ്ദളിന്റെ വാദം.എന്നാല്‍, തങ്ങള്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന ആരോപണം തള്ളി പള്ളി അധികാരികള്‍ രംഗത്തുവന്നിരുന്നു.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം, മതവികാരത്തെ വ്രണപ്പെടുത്താനുള്ള മനഃപൂര്‍വ്വവും ദുരുദ്ദേശപരവുമായ പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഹിന്ദു യുവതിക്കൊപ്പം കാറില്‍ സഞ്ചരിച്ചതിന് മുസ്‌ലിം യുവാവിന് ബജ്‌രംഗ് ദളിന്റെ മര്‍ദ്ദനം

ഹിന്ദു യുവതിയെ കാറില്‍ കയറ്റിയതിനായിരുന്നു മുസ്‌ലിം യുവാവിനെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചത്. കാറിലുണ്ടായികരുന്ന യുവതിയെ ഇവര്‍ ഭീഷമിപ്പെടുത്തുകയും ചെയ്തു.

ഒക്ടോബര്‍ 9 ന് മൂദ്ബിദ്രിയുലാണ് സംഭവം. മുസ്‌ലിം യുവാവിന്റെ കാറില്‍ യാത്ര ചെയ്തതിനായിരുന്നു ആക്രമണം.യുവാവിനേയും യുവതിയേയും ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ഇവരുടെ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യയ്‌തെങ്കിലും മൂദ്ബിദ്രി എം.എല്‍.എ ഉമാനാഥ് കൊട്ടിയാന്‍ നേരിട്ടിടപെട്ട് പ്രതികളെ ജാമ്യത്തിലിറക്കുകയുമായിരുന്നു. ഹിന്ദുത്വപ്രവര്‍ത്തകരുടെ അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെ രംഗത്തുവന്നിരുന്നു.

മുസ്‌ലിം ദമ്പതികളുടെ ഇറച്ചിക്കടയ്ക്ക് നേരെ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം

ഒക്ടോബര്‍ എട്ടിന് കൂട്ടമായെത്തിയ ഹിന്ദുത്വപ്രവര്‍ത്തകര്‍ മുസ്‌ലിം ദമ്പതികളുടെ ഇറച്ചിക്കട അടിച്ചുതകര്‍ത്തു. നഗരത്തില്‍ കണ്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തി.

ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാംസം വില്‍ക്കുന്ന എല്ലാ കടകളും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സംഘത്തിന്റെ ആക്രമണം.

യുവതിക്കും സഹപ്രവര്‍ത്തകര്‍ക്കും നേരെ ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകരുടെ ആക്രമണം

കര്‍ണാടകയിലെ പുത്തൂരില്‍ സെപ്റ്റംബര്‍ 20 ന് യുവതിക്കും സഹപ്രവര്‍ത്തകര്‍ക്കും നേരെ ഹിന്ദു ജാഗരണ വേദിക് നടത്തിയ ആക്രമണം ആരും മറന്നുകാണില്ല. വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ പരസ്പരം സംസാരിച്ചുവെന്നാരോപിച്ചായിരുന്നു ഇവരുടെ ആക്രമണം.

കോടതിയില്‍ നിന്ന് തന്റെ കാര്‍ എടുക്കാന്‍ പോകുംവഴിയായിരുന്നു രാജേശ്വരരി എന്ന യുവതിക്കും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേല്‍ക്കുന്നത്. രാജേശ്വരിയുടെ സുഹൃത്തുക്കളായ ശിവ്, മുഹമ്മദ് അര്‍ഫാത്ത് എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. അര്‍ഫാത്തിന്റെ കൂടെ സഞ്ചരിച്ചതായിരുന്നു അക്രമികളുടെ ‘ പ്രശ്‌നം’.

ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബജ്‌രംഗ് ദളിന്റെ ആക്രമണം

പൂത്തുരിലെ സംഭവത്തിന് സമാനമായ ആക്രമണം തന്നെയായിരുന്നു മംഗളൂരുവിനടുത്തുള്ള സൂറത്ത്കല്‍ ടോള്‍ പ്ലാസയിലും സംഭവിച്ചത്. ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന ആറ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

കാറില്‍ മാല്‍പെ ബീച്ചില്‍ നിന്ന് മടങ്ങുന്നതിനിടെ അക്രമികള്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുസ്‌ലിം യുവാക്കളുമായി സൗഹൃദം കൂടിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമണം.

തൊപ്പി ധരിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് ട്യൂഷന്‍ സെന്ററില്‍ മര്‍ദ്ദനം

തൊപ്പി ധരിച്ചെത്തിയതിന്റെ പേരിലായിരുന്നു കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഇലക്കല്‍ പട്ടണത്തില്‍ 14 വയസ്സുള്ള രണ്ട് മുസ്‌ലിം ബാലന്മാരെ 15 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ ഹിന്ദു മതത്തില്‍പ്പെട്ട കുട്ടികളെ പ്രകോപിപ്പിച്ച് മുസ്‌ലിം ബാലനെ ആക്രമിക്കുകയായിരുന്നു.

മുസ്‌ലിം സുഹൃത്തിനൊപ്പം സഞ്ചരിച്ച ഹിന്ദു യുവാവിനും യുവതിക്കും ബജ്‌രംഗ് ദളിന്റെ ആക്രമണം

ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍, കദ്രിയിലാണ് സംഭവം നടക്കുന്നത്. മുസ്‌ലിം സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടയിലാണ് മൂന്ന് സഹപാഠികള്‍ക്ക് നേരെ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേര്‍ അവരെ ആക്രമിക്കുകയായിരുന്നു. മുസ് ലിം യുവാവ് പെണ്‍കുട്ടിയോട് സംസാരിച്ചതായിരുന്നു ആക്രമിക്കാനുള്ള ഇവരുടെ കാരണം. ഇവരെ കൊലപ്പെടുത്തുമെന്നും ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്‍സ്റ്റിറ്റിയൂഷന്‍ പാര്‍ക്കിന് സ്റ്റാന്‍ സ്വാമിയുടെ പേര് നല്‍കിയ സെന്റ് അലോഷ്യസ് കോളേജിന് നേരെ സംഘപരിവാറിന്റെ ഭീഷണി

ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് തടവിലിരിക്കെ മരിച്ച മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേര് സെന്റ് അലോഷ്യസ് ഇന്‍സ്റ്റിറ്റിയൂഷനിലെ പാര്‍ക്കിന് നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്തുകൊണ്ടായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്. വി.എച്ച്.പി, എ.ബി.വി.പി, ബജ്റംഗ്ദള്‍ നേതാക്കളാണ് പാര്‍ക്കിന് സ്റ്റാന്‍ സ്വാമിയുടെ പേരിട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്.

പത്രസമ്മേളനം വിളിച്ചാണ് വി.എച്ച്.പി, എ.ബി.വി.പി, ബജ്റംഗ്ദള്‍ നേതാക്കള്‍ സെന്റ് അലോഷ്യസിനെതിരെ ഭീഷണി മുഴക്കിയത്. സ്റ്റാന്‍ സ്വാമി യു.എ.പി.എ തടവുകാരനായിരുന്നെന്നും അദ്ദേഹത്തിന് ഭീകരവാദവുമായും നക്സലിസവുമായും ബന്ധമുണ്ടെന്നുമായിരുന്നു വി.എച്ച്.പി ആരോപിച്ചത്.

തീരുമാനവുമായി മുന്നോട്ട് പോയാല്‍ സ്ഥാപനത്തിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തി.

എന്നാല്‍, മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രിസ്ത്യന്‍ പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയുടെ പേര് ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തിലെ പാര്‍ക്കിന് നല്‍കുന്നതിന് സംഘപരിവാര്‍ സംഘടനകള്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും അവരെന്തിനാണ് എതിര്‍ക്കുന്നതെന്നും സെന്റ് അലോഷ്യസ് ഇന്‍സ്റ്റിറ്റിയൂഷനിലെ ഫാദര്‍ മെല്‍വിന്‍ പിന്റോ ചോദിച്ചിരുന്നു. ഇത്തരം ഭീഷണികള്‍ക്ക് തങ്ങള്‍ വഴങ്ങില്ലെന്നും തീരുമാനവുമായി മുന്നോട്ടപോകുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകന് നേരെ ഹിന്ദു ജാഗരണ വേദിന്റെ ആക്രമണം

ഉര്‍ദു ദിനപത്രത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സഫ്ദര്‍ കൈസര്‍ എന്ന മാധ്യമപ്രവര്‍ത്തകന് നേരെയായിരുന്നു സെപ്റ്റംബര്‍ 16 ന് കര്‍ണ്ണാടകയിലെ മൈസൂരുവിലെ നഞ്ചന്‍ഗുഡില്‍ മര്‍ദ്ദനം നടന്നത്. ഒരു ക്ഷേത്രം പൊളിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടത്. എടുത്ത ദൃശ്യങ്ങള്‍ മുഴുവനായും ഡിലീറ്റ് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകനെ ഹിന്ദുത്വ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തി ശ്രീറാം സേന

ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിനാണ് 24 വയസുകാരനായ അര്‍ബാസ് അഫ്താബ് മുല്ലയെന്ന യുവാവിനെ ശ്രീ റാം സേന പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. റെയില്‍വേ ട്രാക്കിലായിരുന്നു മുല്ലയുടെ മൃതദേഹം കിടന്നിരുന്നത്.

മുല്ല ഒരു ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. സംഭവത്തില്‍ ഹിന്ദുത്വ വലതുപക്ഷ സംഘടനയായ ശ്രീറാം സേനയുടെ നേതാവ് ഉള്‍പ്പെടെ 10 പേര്‍ പിടിയിലായിരുന്നു.

കൃത്യമായ ഹിന്ദുത്വ അജണ്ടയുടെ പുറത്താണ് കര്‍ണാടകയിലെ ഓരോ ആക്രമണവും നടക്കുന്നതും ഇനി നടക്കാന്‍പോകുന്നതും. ഭരിക്കുന്നത് തീവ്രഹിന്ദുത്വം മുറകെ പിടിക്കുന്ന ബി.ജെ.പി ആയതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ ഒഴികെയുള്ള മത വിഭാഗങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട സാഹചര്യം പോലും അക്രമികള്‍ക്ക് ഉണ്ടാവുന്നില്ല.

മൂദ്ബിദ്രിയില്‍ മുസ്‌ലിമായ ഡ്രൈവറോടൊപ്പം സഞ്ചരിച്ചെന്ന് പറഞ്ഞുകൊണ്ട് ഹിന്ദുത്വപ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ഇതിന് ഒരു ഉദാഹരണമാണ്.
ഹിന്ദുത്വപ്രവര്‍ത്തകരുടെ ഈ അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെ രംഗത്തുവന്നു.

സമൂഹത്തിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും അവിടെ ചില വിഷയങ്ങളുണ്ടാവുമ്പോള്‍ ആളുകള്‍ക്ക് ശക്തമായ വികാരങ്ങളും പ്രതികരണങ്ങളുണ്ടാവുമെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞത്.

മൂദ്ബിദ്രിയില്‍ നടന്നത് ഒരു സാമൂഹിക പ്രശ്നമാണെന്നും സമൂഹത്തില്‍ വേണ്ടത് ധാര്‍മികതയാണെന്നും ധാര്‍മികതയില്ലെങ്കില്‍ സ്വാഭാവികമായ പ്രതികരണങ്ങളുണ്ടാവുമെന്നും ബൊമ്മെ പറഞ്ഞുവെച്ചു. ഹിന്ദുക്കളല്ലെങ്കില്‍ കര്‍ണടകയില്‍ സ്വസ്ഥമായി ജീവിക്കേണ്ട എന്ന ബി.ജെ.പിയുടെ അജണ്ടയായിരുന്നു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പരസ്യമായി വിളിച്ചുപറഞ്ഞത്.

Content Highlights:  Communal violence of  Hindutva Groups in Karnataka, against Muslims, Christains

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more