| Sunday, 26th March 2017, 10:25 am

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം: രണ്ടുപേര്‍ കൊല്ലപ്പെട്ടു; 50ഓളം വീടുകള്‍ അഗ്നിക്കിരയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം. ഗുജറാത്തിലെ പടാന്‍ ജില്ലയില്‍ത ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഘര്‍ഷമുടലെടുത്തത്.

അക്രമസംഭവങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 10ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 50ഓളം വീടുകളും നിരവധി വാഹനങ്ങളും അഗ്നിക്കിരയായി.

വാഡാവല്ലി ഗ്രാമത്തില്‍ ഹൈസ്‌കൂള്‍ പരീക്ഷയ്ക്കു പോകുകയായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ ചെറിയൊരു തര്‍ക്കമാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്കെത്തിയതെന്ന് പാടന്‍ പൊലീസ് സൂപ്രണ്ട് അശ്വിന്‍ ചൗഹാന്‍ പറഞ്ഞു.

സംഘര്‍ഷം സമീപത്തെ മൂന്ന് ഗ്രാമങ്ങളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം വീടുകള്‍ കൊള്ളയടിക്കുകയും ഒരു പ്രത്യേക മതവിഭാഗക്കാരുടെ 50ഓളം വീടുകള്‍ക്ക് തീയിടുകയുമായിരുന്നു. വീടുകള്‍ക്കു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ഡസനോളം വാഹനങ്ങള്‍ക്കും തീയിട്ടു.

മെഹ്‌സാന, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നും 10 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജു ചെയ്തു. എന്നാല്‍ ഇവര്‍ പിരിഞ്ഞുപോകാതായതോടെ പൊലീസ് വെടിയുതിര്‍ത്തു. പൊലീസ് വെടിവെപ്പില്‍ ഒരു യുവാവ് കൊല്ലപ്പെടുകയും ചെയ്തു.

വെടിവെപ്പിലും കല്ലേറിലുമായി 10ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more