| Friday, 2nd September 2016, 2:26 pm

'അമുസ്‌ലിംങ്ങളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ച് മതി' ; കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്‌ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളില്‍ പോകരുത്.  ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക പോലും ചെയ്യരുതെന്നും തന്റെ പ്രസംഗത്തില്‍ ശംസുദ്ദീന്‍ പാലത്ത് പറയുന്നു.


കോഴിക്കോട്:  വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രസംഗവുമായി സലഫീ പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്ത്. മുസ്‌ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്. സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്തരുത്. അമുസ്‌ലിം കലണ്ടര്‍ ഉപയോഗിക്കരുത് തുടങ്ങിയ അങ്ങേയറ്റം പ്രതിലോമകരമായ കാര്യങ്ങളാണ് ഇയാളുടെ പ്രസംഗത്തില്‍ പരമാര്‍ശിക്കുന്നത്. കോഴിക്കോട് കാരപറമ്പില്‍ നടന്ന പരിപാടിയെന്ന പേരില്‍ പ്രസംഗതത്തിന്റെ റെക്കോര്‍ഡിങ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ടിപി അബ്ദുള്ള കോയ മദനി നേതൃത്വം നല്‍കുന്ന ഔദ്യോഗിക മുജാഹിദ് വിഭാഗത്തില്‍ നിന്നും വിഘടിച്ച് പോന്ന വിഭാഗത്തില്‍പ്പെട്ടയാളാണ് ശംസുദ്ദീന്‍ പാലത്ത്. മുജാഹിദ് ബാലുശ്ശേരി നേതൃത്വം നല്‍കുന്ന “വിസ്ഡം” ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം നേരത്തെ ഒരു ലൈംഗികപവാദ കേസില്‍പ്പെട്ട് പൊതുരംഗത്ത് നിന്നും പിന്‍വാങ്ങിയിരുന്നു.

മുസ്‌ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തില്‍ പൊതു സമൂഹത്തില്‍ അമുസ്‌ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും ശംസുദ്ദീന്‍ പാലത്ത് പറയുന്നു.

വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്‌ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളില്‍ പോകരുത്.  ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക പോലും ചെയ്യരുതെന്നും തന്റെ പ്രസംഗത്തില്‍ ശംസുദ്ദീന്‍ പാലത്ത് പറയുന്നുണ്ട്.

ഇതര മതസ്ഥരോട് പരസ്പര സ്‌നേഹവും ആത്മബന്ധവും ഒരു നിലയ്ക്കും അനുവദിച്ചിട്ടില്ല. അവരോട് കൂടിചേരലോ മാനസിക അടുപ്പമോ സ്‌നേഹ ബന്ധമോ ഒരുഘട്ടത്തില്‍ പോലും ഉണ്ടാവരുത്. അവരോട് സ്‌നേഹം പുലര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഏകദൈവ വിശ്വാസത്തിലേക്ക് (തൗഹീദ്) അവരെ ആകര്‍ഷിക്കാനാവില്ലെന്നും ശംസുദ്ദീന്‍ പാലത്ത് പറയുന്നു.

അവര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം കാരണം അവരോട് വെറുപ്പാണെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തില്‍ പെരുമാറണം. ഈ വെറുപ്പ് മാറണമെങ്കില്‍ നിങ്ങള്‍ തൗഹീദ് വിശ്വാസത്തിലേക്ക് വരണം. അങ്ങനെ അവരോടുള്ള വെറുപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട്, അക്കൂട്ടരെ നിങ്ങളുടെ മതത്തിലേക്ക് ആകര്‍ഷിക്കണം. അതാണ് വലാഅ്, ബാറാഅ് പ്രകാരമുള്ള ബോധനശൈലി. വലാഅ്, ബറാഅ് എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമായ തൗഹീദ് കഴിഞ്ഞാല്‍ ഏറ്റവും സുപ്രധാനമാണ് എന്നതാണ് പ്രസംഗത്തില്‍ ശംസുദ്ദീന്‍ പാലത്ത് പറയുന്നത്.


ഓണവും ക്രിസ്മസ്സും ഒക്കെ ഒരു മുസ്‌ലിമിന് നിഷിദ്ധമാണ്. കാഫിറുകളുടെ അഥവാ മുസ്‌ലിങ്ങളല്ലാത്തവരുടെ നാട്ടില്‍ സ്ഥിര താമസം ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അനുവദിക്കപ്പെട്ടതല്ല. അതുകൊണ്ട് മുസ്‌ലിം രാജ്യത്തേക്ക് ഹിജ്‌റ പോകാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. കാരണം, കുഫ്ര് അഥവാ അനിസ്‌ലാമിക വിശ്വാസം ഒരു രോഗമാണ്. ഈ രോഗം വിശ്വാസികളിലേക്ക് പടരാതിരിക്കാനുള്ള പോംവഴി ഹിജ്‌റയാണെന്നും പ്രസംഗത്തില്‍ പറയുന്നു.

ഇന്ത്യ പോലുള്ള കുഫ്‌റിന്റെ നാട്ടില്‍ നിന്ന് ഹിജ്‌റ പോകല്‍ പുണ്യമാണ്. രാഷ്ട്രത്തോട് ബാധ്യതയും കടപ്പാടും ഇല്ല. “സ്വരാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ്” എന്നു പറയുന്ന മുസ്‌ലിം പണ്ഡിതന്‍മാര്‍ കള്ളന്‍മാരാണ്. എത്രതന്നെ സേച്ഛ്വാധിപതികളും അക്രമകാരികളും ആണെങ്കിലും മുസ്‌ലിം നാടുകളിലെ ഭരണാധികാരികള്‍ക്കെതിരെ വിമര്‍ശനം പാടില്ല.  ഒരു മുസ്‌ലീം രാജ്യവുമായി നമ്മുടെ രാജ്യം യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പിന്തുണയ്ക്കാന്‍ പാടില്ലെന്നും ഇദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്നു.

സൗദിയിലെ വിവാദ പണ്ഡിതനായ ഷെയ്ഖ് സ്വാലിഹ് ഫൗസാന്റെ “അല്‍ വലാഅ് വല്‍ ബറാഅ് ഫില്‍ ഇസ്ലാം” (ബന്ധവും ബന്ധ വിച്ഛേദനവും ഇസ്ലാമില്‍) എന്ന വിവാദ ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഇത്തരം പ്രതിലോമകരമായ ആശയങ്ങള്‍ മതബോധനമെന്ന പേരില്‍ പ്രസംഗത്തില്‍ ശംസുദ്ദീന്‍ പാലത്ത് ഉദ്ദരിക്കുന്നത്. ഭീകര ഗ്രൂപ്പുകളായ അല്‍ ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് നേതാക്കള്‍ നിരന്തരം എടുത്തുദ്ധരിക്കുന്ന പണ്ഡിതനാണ് മേല്‍ പറഞ്ഞ സ്വാലിഹ് ഫൗസാന്‍.

സ്വാലിഹ് ഫൗസാന്റെ കൃതിയോ “വലാഅ് ബറാഅ്” (ബന്ധവും വിച്ഛേദനവും) ആശയങ്ങളോ മുസ്‌ലിം ലോകം അംഗീകരിക്കുന്നതല്ല. അല്‍ഖ്വയ്ദയുടെ ഉപദേഷ്ടാവും സംഘടനയുടെ പ്രേരക ശക്തിയുമായി പ്രവര്‍ത്തിച്ചിരുന്ന അന്‍വര്‍ അല്‍ ഔലാക്കിയെ പോലുള്ളവരാണ് ഇത്തരം സംജ്ഞകളുടെ പ്രയോക്താക്കള്‍.


വിഘടിത മുജാഹിദ് ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രചരണ മാധ്യമമായ ദഅ്‌വ വോയ്‌സി (DA”WA VOICE)ലാണ് ഈ വിഷലിപ്തമായ പ്രസംഗം അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇതേ സൈറ്റില്‍ തന്നെയാണ് ഹുസൈന്‍ സലഫി, സിപി സലീം, മുജാഹിദ് ബാലുശേരി, അബ്ദുല്‍ ജബ്ബാര്‍ മദീനി തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അപ്‌ലോഡ് ചെയ്തിട്ടുള്ളതെന്നതും ഗൗരവകരമാണ്.

കേരളത്തില്‍ നിന്നും ചെറുപ്പക്കാരെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നുവെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ ചെറുപ്പക്കാരില്‍ തീവ്ര ആത്മീയത കുത്തിവെക്കുന്ന പ്രാസംഗികര്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവുകള്‍ പുറത്തു വരുന്നത്.

ഹൈന്ദവ ഭൂരിപക്ഷ രാജ്യമായ ഇന്ത്യയില്‍ ജീവിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയില്ലെന്നും അതിനാല്‍ യഥാര്‍ത്ഥ മുസ്‌ലിമായി ജീവിക്കണമെങ്കില്‍ പൂര്‍ണ്ണ ഇസ്‌ലാമിക അന്തരീക്ഷമുള്ള നാട്ടിലേക്ക്(ദാറുല്‍ ഇസ്‌ലം) പലായനം ചെയ്യണമെന്നത് മുസ്‌ലിങ്ങളുടെ ബാധ്യതയാണെന്ന് വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നവരാണ് കാണാതായ ഈ ചെറുപ്പക്കാരെന്ന് അവരുടെ സുഹൃത്തുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more