| Saturday, 15th October 2016, 4:56 pm

വിദ്വേഷ പ്രസംഗം; കെ.പി ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മറ്റ് മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുന്നതാണ് പ്രസംഗങ്ങളെന്നും പരാതിയില്‍ പറയുന്നു.


കാസര്‍കോഡ്: മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി.

വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ഐക്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂറാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശശികലയുടെ മൂന്ന് പ്രസംഗങ്ങളുടെ സി.ഡിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മറ്റ് മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുന്നതാണ് പ്രസംഗങ്ങളെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നേരത്തെ സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍  പാലത്തിനെതിരെയും ഷുക്കൂര്‍ ജില്ലാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിരുന്നു.

സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുയും ശത്രുതാമനോഭാവം വളര്‍ത്തി പരസ്പരം അകറ്റുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് ശശികലയുടെ പ്രസംഗങ്ങളെന്നും പരാതിയില്‍ പറയുന്നു. ഓരോപ്രസംഗങ്ങളുടേയും വരികളും വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങളും സൗഹാര്‍ദത്തോടെ ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയ മനസുകളെ പരസ്പരം അകറ്റുന്നതിനും ശത്രുക്കളാക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

മതന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൗരന്മാരാണെന്ന തരത്തിലാണ് ശശികലയുടെ പ്രസംഗത്തിലെ ധ്വനിയെന്നും ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് മതേതര ജാനാധിപത്യ സമൂഹത്തിന് ഗുണകരമല്ലെന്നും നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. കാഞ്ഞങ്ങാട്ടുവെച്ചാണ് ശശികയുടെ പ്രസംഗങ്ങള്‍ കേട്ടതും ഡൗണ്‍ലോഡ് ചെയ്തതെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ച് ഭാവിയില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുവാന്‍ സാഹചര്യങ്ങള്‍ നല്‍കരുതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ശശികല, ആറ്റിങ്ങല്‍ കടലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗവും, ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുമെല്ലാം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more