തിരുവനന്തപുരം: കര്‍ണാടകയിലെ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് ഗ്രാഫിക്‌സിനെതിരെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ കണക്കുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയ ഇമേജുകള്‍ക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
വാര്‍ത്തയില്‍ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ കണക്കുകള്‍ കാണിക്കുമ്പോള്‍ പാകിസ്ഥാൻ പതാകയും ഹിന്ദു ജനസംഖ്യ കണക്കുകള്‍ കാണിച്ചപ്പോള്‍ ഇന്ത്യന്‍ പതാകയും കാണിച്ചതാണ് വിവാദത്തിലായിരിക്കുന്നത്. സുവര്‍ണ ന്യൂസിന്റെ സംഘപരിവാര്‍ വിധേയത്വമാണ് ഇതിലൂടെ തുറന്നുകാണിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വിമര്‍ശനം. ചാനല്‍ വിദ്വേഷത്തിന്റെ മൊത്തക്കച്ചവടക്കാരായെന്നും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശന കുറിപ്പുകളില്‍ പറയുന്നു.
2008 മുതൽ ഏഷ്യാനെറ്റ് സുവർണ ന്യൂസിന്റെ മുഖ്യ ഷെയറുകളും ബി.ജെ.പി രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ്.
ഇന്ത്യൻ മുസ്‌ലിം വിഭാഗം പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്നു എന്ന വർഗീയ വിദ്വേഷം വളർത്തുകയാണ് ചാനലിന്റെ ലക്ഷ്യം എന്നുള്ള വിമര്ശങ്ങളാണ് ഉയരുന്നത്.
കർണാടകയിലെ ഏറ്റവും പ്രശസ്ത വാർത്ത ചാനലും നിഷ്പക്ഷമായി വാർത്തകൾ നൽകുന്ന മതേതര ചാനൽ എന്നുമുള്ള കർണാടക ഏഷ്യനെറ്റിന്റെ വാദമാണ് പൊളിഞ്ഞു വീഴുന്നത് എന്നാണ് വിമർശകരുടെ വാദം.
കോൺഗ്രസ് പാർട്ടി പ്രവർത്തകനായ വിജയ് തോട്ടത്തിൽ ആണ് ഏഷ്യാനെറ്റിന്റെ വർഗീയ വാർത്ത എക്‌സിൽ പങ്കുവെച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറിനെയും വാർത്ത നൽകിയ അവതാരകനെയും അടക്കം വിമർശിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ഇട്ടത്. ഇന്ത്യൻ മുസ്‌ലിങ്ങളെ പാക്കിസ്ഥാനികളായി ചിത്രീകരിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
തങ്ങളുടേത് നിഷ്പക്ഷ, സ്വതന്ത്ര മതേതര വാർത്ത ചാനൽ ആണെന്ന വാദങ്ങൾ പൊള്ളത്തരങ്ങളാണെന്ന് ഇഴകീറി പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കുമെന്നും വിമർശനം ഉയരുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വർഗീയത ഉപയോഗിച്ച് വോട്ട് നേടുക എന്ന തന്ത്രം ഉപയോഗിക്കാനായി ബി.ജെപി പുതിയ ജനസംഖ്യ കണക്കുകൾ പുറത്തു വിട്ടിരുന്നു. ഷെയർ ഓഫ് റിലീജിയസ് മൈനോറിറ്റീസ് : എ ക്രോസ് കൺട്രി അനാലിസിസ് ( 1950 – 2015 ) എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പുറത്തിറങ്ങിയത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതിയാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.
രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 9 . 84 ലിൽ നിന്നും 14 . 09 ശതമാനമായി കൂടിയെന്നും എന്നാൽ ഹിന്ദു വിഭാഗത്തിന്റെ ജനസംഖ്യ 84 .68 ൽ നിന്ന് 78.06 ശതമാനമായി കുറഞ്ഞുമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ റിപ്പോർട്ട് വിവാദമാവുകയും സെൻസെസ് പോലും നടത്താതെ ഇത്തരം വിവരങ്ങൾ നൽകുന്നത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ഇന്ത്യ മുന്നണി വിമർശിച്ചിരുന്നു.
Content Highlight: Communal propaganda of asianet suvarna news