കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വര്‍ഗ്ഗീയത പരത്തുന്ന രീതിയിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കോഴിക്കോട് നഗരത്തിലുയര്‍ന്നു. ഹിന്ദു വേട്ട എന്ന തലക്കെട്ടില്‍ ശബരിമല പ്രക്ഷോഭങ്ങളുടെ ഫ്‌ളക്‌സാണ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്.
‘മറക്കരുത് ഈ മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം’ എന്ന ചോദ്യമുന്നയിക്കുന്ന ബോര്‍ഡില്‍ ശബരിമല പ്രക്ഷോഭ സമയത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പൊലീസ് തടയുന്ന ചിത്രങ്ങളും കെ.പി ശശികലയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശബരിമല കര്‍മസമിതിയുടെ പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ മതവികാരം ഉയര്‍ത്തിയുള്ള ഇത്തരം പ്രചരണം നിയമ വിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്നതിനാല്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നതാണ്.
അതേസമയം ഹിന്ദു വേട്ട എന്ന തലക്കെട്ടില്‍ വര്‍ഗീയ പ്രചാരണം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജാതിയുടെയും സമുദായത്തിന്റെ പേരിലും വോട്ടു ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന നിര്‍ദ്ദേശത്തിന്റെ ലംഘനമാണിതെന്നാണ് അധികൃതര്‍ പറയുന്നത്.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങളുണ്ടാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ രൂക്ഷമാക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രവര്‍ത്തനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും ഏര്‍പ്പെടരുതെന്ന് കമ്മീഷന്‍ പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.
ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ കമ്മീഷന്‍ ഉത്തരവ് ലംഘിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക