| Tuesday, 1st August 2023, 9:22 am

ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷം; മൂന്ന് മരണം; ബുധനാഴ്ച വരെ ഇന്റര്‍നെറ്റ് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇതുവരെ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പല്‍വാല്‍, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളും ചൊവ്വാഴ്ച അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ഹോം ഗാര്‍ഡാണ്.

സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. മേഖലയില്‍ രാത്രി വൈകിയും സംഘര്‍ഷം നിലനിന്നു. സംഭവസ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

പരസ്പരം കല്ലേറുണ്ടാകുകയും പ്രകടനത്തില്‍ പങ്കെടുത്തവരുടെ കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് വാഹനങ്ങളും കത്തിച്ചു. തുടര്‍ന്ന് ഗുരുഗ്രാം ജില്ലയിലും വാഹനങ്ങള്‍ കത്തിച്ച് നശിപ്പിച്ചിട്ടുണ്ട്.

ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയലാണ് സംഘര്‍ഷം നടന്നത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ യാത്രയിലുണ്ടായത് സംഘര്‍ഷത്തിന് കാരണമാകാമെന്ന് റിപ്പോര്‍ട്ടുണ്ട്. വി.എച്ച്.പി പ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിലേക്ക് നയിച്ചെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

മുസ്‌ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന മേഖലായ നൂഹിലെ ഖെഡ്‌ല മോഡിലെത്തിയപ്പോഴാണ് സംഘര്‍ഷം നടക്കുന്നത്. ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആവശ്യപ്പെട്ടു. നൂഹില്‍ സ്ഥിതി മോശമാണെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. മൂവായിരത്തോളം പേര്‍ നൂഹിലെ ഒരു ക്ഷേത്രത്തില്‍ ബന്ദികളാക്കപ്പെട്ടെന്നും പൊലീസിനോട് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനില്‍ വിജ് പറഞ്ഞു.

CONTENT HIGHLIGHTS: Communal Conflict in Haryana; death three; Internet ban till Wednesday

We use cookies to give you the best possible experience. Learn more