ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മിശ്രവിവാഹിതരായ ദമ്പതികളെ ചൊല്ലി നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ 100ലധികം പേര്‍ക്കെതിരെ കേസ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനില്‍ മിശ്രവിവാഹിതരായ ദമ്പതികളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
ഉത്തര്‍പ്രദേശിലെ ബദൗണ്‍ ജില്ലയിലെ പതിനാറുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയും ഹിന്ദു യുവാവും റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മറ്റൊരു യുവാവുമായി തര്‍ക്കിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഘര്‍ഷം തുടങ്ങിയതാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വീട്ടുകാരെ അറിയിക്കാതെ പെണ്‍കുട്ടി ഇറങ്ങി പോയെന്നും പെണ്‍കുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. മിശ്രവിവാഹിതരായ ദമ്പതികളില്‍ മുസ്‌ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നും കുട്ടിയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനുപിന്നാലെ പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോവാന്‍ ഇരു സമുദായങ്ങളിലെ അംഗങ്ങളും ഒത്തുകൂടുകയായിരുന്നു. പിന്നാലെ സംഘര്‍ഷമുണ്ടാവുകയും പെണ്‍കുട്ടിയുടെ പ്രായത്തെ തുടര്‍ന്നുള്ള വാഗ്‌വാദങ്ങള്‍ നടക്കുകയുമായിരുന്നു.
സംഘര്‍ഷം പെട്ടന്ന് അക്രമത്തിലേക്ക് മാറുകയും കല്ലേറ്, തീയിടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വഴിവെച്ചുവെന്നും പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.
സംഘര്‍ഷം മറ്റ് അനിഷ്ടസംഭവങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ സ്ഥലത്ത് കൂടുതല്‍ സേനയെ നിയോഗിച്ചതായും സി.സി.ടി.വി ദൃശ്യങ്ങള്‍ അവലോകനം ചെയ്തതായും പൊലീസ് അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: communal conflict following intermarriage; case against 100 people including bajrangdal workers