| Saturday, 19th March 2022, 7:59 am

പുനീത് രാജ്കുമാറിന്റെ അവസാന ചിത്രത്തിന്റെ പേരില്‍ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ വര്‍ഗീയ പ്രചാരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ പേരില്‍ വിദ്വേഷ പ്രചാരണം നടത്തി പോസ്റ്റ് കാര്‍ഡ് ന്യൂസ്.

അദ്ദേഹത്തിന്റെ അവസാന ചിത്രത്തിന്റെ പേരിലാണ്
ത്രീവഹിന്ദുത്വ അനുകൂല ഓണ്‍ലൈന്‍ മാധ്യമമായ പോസ്റ്റ കാര്‍ഡ് ന്യൂസ് വര്‍ഗീയത പ്രചരിപ്പിച്ചത്.

മുമ്പും ഇത്തരത്തില്‍ വര്‍ഗീയ വാര്‍ത്തകള്‍ പോസ്റ്റ് കാര്‍ഡ് ന്യൂസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ നടപടികള്‍ നേരിട്ടിട്ടുമുണ്ട്.

പുനീത് രാജ്കുമാറിന്റെ ജന്മദിനമായ വ്യാഴാഴ്ചയാണ് ജെയിംസ് എന്ന ചിത്രം പുറത്തിറങ്ങിയത്. അന്നുതന്നെയായിരുന്നു ഹിജാബ് നിരോധിച്ച നടപടി ശരിവെച്ച കോടതി വിധിക്കെതിരെ മുസ്‌ലിങ്ങള്‍ ബന്ദ് നടത്തിയതും. ഇതും രണ്ടും ചേര്‍ത്തായിരുന്നു വിദ്വേഷ പ്രചരണം.

‘പുനീതിന്റെ ജന്മദിനം തന്നെ എന്തുകൊണ്ടാണ് മുസ് ലിങ്ങള്‍ ബന്ദിന് തെരഞ്ഞെടുത്തത്? ഇതുവഴി കന്നഡ മണ്ണിനെയാണ് മുസ്‌ലിങ്ങള്‍ അപമാനിച്ചത്,’ എന്നായിരുന്നു ചിത്രത്തിന്റെ റിലീസിങ്ങിന്റെയും ബന്ദിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് പോസ്റ്റ് കാര്‍ഡ് ന്യൂസ് പോസ്റ്റ് ചെയ്തത്.

ശാന്തിയുടെ അംബസഡറായിരുന്ന പുനീതിനെ അപമാനിക്കുന്നതാണ് ഇതെന്നും പറഞ്ഞിരുന്നു.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് പുനീതിന്റെ ചിത്രത്തിന്റെ പേരില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍നുള്ള പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ ശ്രമം എന്നാണ് വിമര്‍ശനം.

വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയിയാണ് കശ്മീര്‍ഫയല്‍സ്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

Content Highlights:Communal campaign of postcard news on the last film of Puneet Rajkumar

We use cookies to give you the best possible experience. Learn more