| Sunday, 12th June 2016, 5:56 pm

അമൃത: ജാസ്മിന്‍ ഷായ്‌ക്കെതിരെ വര്‍ഗീയ പ്രചരണം; പ്രതിരോധിക്കുമെന്ന് ജാസ്മിന്‍ ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:  കൊച്ചി അമൃത ആശുപത്രിയില്‍ നഴ്‌സ് പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്തയില്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായ്‌ക്കെതിരെ നവമാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം. ഹിന്ദു സംരക്ഷണ വേദിയുടെ പേരിലാണ് പ്രചരണം നടക്കുന്നത്. ജാസ്മിന്‍ ഷാ ബിഗ് ന്യൂസ് എന്ന വാര്‍ത്ത മാധ്യമത്തിന്റെ ഡയറക്ടറാണെന്നും അമൃത ആശുപത്രിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് ജാസ്മിന്റെ നേതൃത്വത്തിലാണെന്നുമാണ് പ്രചരണം.

എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ ജാസ്മിന്‍ ഷാ രംഗത്ത് എത്തിയിട്ടുണ്ട്. യു.എന്‍.എ പ്രസിഡണ്ട് എന്ന നിലയില്‍ താനും, ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജിതിന്‍ ലോഹിയും മറ്റു സഹഭാരവാഹികളും പ്രവര്‍ത്തിക്കുന്നത് ഒരു ജാതിയുടെയും, മതത്തിന്റെയും പേരിലുള്ള താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ല,മറിച്ച് മനുഷ്യ വികാരങ്ങള്‍ക്ക് ഇതിനേക്കാളപ്പുറം വില മതിക്കുന്നത് കൊണ്ടാണെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു.

അമൃത ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലടക്കം നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലും, പൊതു സമൂഹത്തനിടയില്‍ ഉയര്‍ന്നു വന്ന ആശങ്കകള്‍ അകറ്റുന്നതിനും ഒരു അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് യു.എന്‍.എ പരാതി നല്‍കിയതും തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടതും ആരെയെങ്കിലും പ്രകോപിപ്പിച്ചെങ്കില്‍ അതിന്റെ പിന്നിലെ താല്‍പര്യം പരിശോധിക്കേണം.

യു.എന്‍.എയുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഞാന്‍ ഡയറക്ടര്‍ ആണെങ്കില്‍ കേരളത്തിലെ മിക്ക മാധ്യമങ്ങളുടെയും ഡയറക്ടര്‍ താനാണെന്ന് പറയേണ്ട സ്ഥിതി വരുമെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി.

നഴ്‌സ് പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് യു.എന്‍.എ പരാതി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more