കോമണ്‍വെല്‍ത്ത് ഗെയിംസ്: 'സേവ് ഗസ' ഗ്ലൗസണിഞ്ഞ മലേഷ്യന്‍ സൈക്ലിസ്റ്റിന് മുന്നറിയിപ്പ്
Daily News
കോമണ്‍വെല്‍ത്ത് ഗെയിംസ്: 'സേവ് ഗസ' ഗ്ലൗസണിഞ്ഞ മലേഷ്യന്‍ സൈക്ലിസ്റ്റിന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th July 2014, 2:47 pm

cy2[] ഗ്ലാസ്‌ഗ്ലോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗാസക്ക് പിന്തുണ പ്രഖ്യാപിച്ച സൈക്ലിസ്റ്റിന് ഗെയിംസ് അധികൃതരുടെ മുന്നറിയിപ്പ്.

“സേവ് ഗസ” എന്ന ഗ്ലൗസണിഞ്ഞ് മത്സരത്തിനിറങ്ങിയ പോക്കറ്റ് റോക്കറ്റ് എന്ന് വിളിപ്പേരുള്ള അസിസുള്‍ ഹസാനി (26) എന്ന മലേഷ്യന്‍ സൈക്ലിസ്റ്റിനാണ് അധികൃതരുടെ താക്കീത്. വ്യാഴാഴ്ച്ച നടന്ന സൈക്ലിങ് മത്സരത്തിലായിരുന്നു സംഭവം.

ഗെയിംസ് എന്നാല്‍ സൗഹൃദ സന്ദേശത്തിന്റെ വേദിയാണെന്നും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വേദിയാക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ ഹസാനിയെ അറിയിച്ചു. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ താക്കീത് നല്‍കി.

താക്കീതുമായി അധികൃതര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഹസാനി തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചു. ഇത് തന്റെ രാഷ്ട്രീയ പ്രതിഷേധമല്ല, മാനുഷിക അനുഭാവത്തോടെയാണ് ഇത്തരമൊരു സന്ദേശം നല്‍കിയതെന്ന് ഹസാനി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഗെയിംസില്‍ അംഗീകരിക്കാന്‍ കഴിയാത്ത പ്രതിഷേധ രീതിയാണ് ഇതെന്ന് താരത്തെ മലേഷ്യന്‍ ടീം മാനേജ്‌മെന്റ് ബോധവത്ക്കരിച്ചിട്ടുണ്ടെന്ന് ഗെയിംസ് ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ഹൂപ്പര്‍ അറിയിച്ചു.