2022 കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനലിലെത്തി ഇന്ത്യ. ആതിഥേയരായ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഒന്നാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് റണ്‍സിന് തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ വിജയം.
സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 164, ഇംഗ്ലണ്ട് 20 ഓവറില്‍ ആറിന് 160.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. മുന്‍നിര ബാറ്റര്‍മാരായ സ്മൃതി മന്ദാനയും ഷെഫാലി വര്‍മയും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചുതുടങ്ങി.
ആദ്യ വിക്കറ്റില്‍ 76 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.
എല്ലാ മത്സരങ്ങളിലേലേതെന്ന പോലെ മന്ദാന ഇക്കളിയിലും കൊടുങ്കാറ്റായപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നു. 32 പന്തില്‍ നിന്നും 61 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതോടെ നിരവധി റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു.
ജെമീമ റോഡ്‌റിഗസ് 31 പന്തില്‍ നിന്നും പുറത്താവാതെ 44 റണ്ണും 22 റണ്ണെടുത്ത ജീപ്തി ശര്‍മയുമായിരുന്നു ഇന്ത്യയുടെ സ്‌കോറര്‍മാര്‍. അവസാന ഓവറുകളില്‍ ഇരുവരുടെയും രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് തുണയായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ കാലിടറിയിരുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ പൊരുതിയ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഇന്ത്യയെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു.
41 റണ്ണുമായി ടീമിനെ മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍ നാറ്റ് സൈവറിന്റെ പ്രകടനം ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. 35 റണ്ണെടുത്ത ഡാനി വയറ്റും 31 റണ്ണടിച്ച എമി ജോണ്‍സും പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ വിജയം തടയാന്‍ അതൊന്നും പ്രാപ്തമായിരുന്നില്ല.
ഇംഗ്ലണ്ട് ഇന്നിങ്‌സ് 160ല്‍ അവസാനിച്ചതോടെ ഇന്ത്യ നാല് റണ്‍സിന്റെ വിജയം ആഘോഷിച്ചു.
സ്‌നേഹ റാണയും ദീപ്തി ശര്‍മയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി സ്‌നേഹ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, നാലോവറില്‍ 18 റണ്‍സ് വഴങ്ങിയായിരുന്നു ദീപ്തി ശര്‍മയുടെ വിക്കറ്റ് നേട്ടം.
ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുമായി ഏറ്റുമുട്ടും.
Content highlight: Commonwealth Games 2022: India beats England in semi-final