കോമണ്‍ വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം
Commen Wealth Games
കോമണ്‍ വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th April 2018, 8:29 am

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കു മൂന്നാം സ്വര്‍ണം. പുരുഷന്‍മാരുടെ 77 കിലോ ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണു സ്വര്‍ണം നേടിയത്. 317 കിലോയാണ് സതീഷ് ഉയര്‍ത്തിയത്. ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് അഞ്ച് മെഡലുകള്‍ ലഭിച്ചു. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ വിഭാഗത്തില്‍ മല്‍സരിച്ച് ഈ ഇരുപത്തഞ്ചുകാരന്‍ സ്വര്‍ണം നേടിയിരുന്നു.

വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സജ്ഞിതചാനു കഴിഞ്ഞ ദിവസം സ്വര്‍ണ്ണം നേടിയിരുന്നു. ചാനു ആദ്യ ശ്രമത്തില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 108 കിലോയും ഉയര്‍ത്തിയാണ് മെഡല്‍ സ്വന്തമാക്കിയത്.


Read Also : ഡൂപ്ലെസി നാളെ കളിക്കില്ല; നമുക്കുള്ളത് സീനിയര്‍ താരങ്ങളാണ്; ടീമിന്റെ തന്ത്രങ്ങളും അത് അനുസരിച്ചാണ്; ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങ്


 

ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണവും ഭാരോദ്വഹനത്തില്‍ തന്നെയായിരുന്നു. വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ആദ്യ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചത്. ഗെയിംസ് റെക്കോഡോടെയായിരുന്നു ചാനു സ്വര്‍ണ്ണം നേടിയത്. സ്നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തം പേരില്‍ കുറിച്ചത്.

ഈ മാസം 15 വരെ ഗോള്‍ഡ് കോസ്റ്റിലെ വിവിധ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. അതേസമയം ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014 ല്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ആസ്‌ട്രേലിയയിലെത്തിയിട്ടുള്ളത്. മെഡല്‍ പ്രതീക്ഷയുള്ള ഷൂട്ടിങ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഗുസ്തി എന്നിവയിലെ താരങ്ങള്‍ മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. 71 രാജ്യങ്ങളില്‍ നിന്നായി 6000 ത്തോളം അത്ലറ്റുകളാണ് ഗോള്‍ഡ് കോസ്റ്റില്‍ മത്സരിക്കാനെത്തുന്നത്