ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളിയും, പുരുഷന്മാരുടെ 61 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലവുമാണ് ഇന്ത്യക്ക് വേണ്ടി നേടിയത്.
ആദ്യ മെഡല്‍ നേടിയ സങ്കേത് മഹാദേവ് സര്‍ഗര്‍ ആകെ 248 കിലോ ഉയര്‍ത്തിയാണ് വെള്ളി നേടിയത്. 249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. 225 കിലോ ഉയര്‍ത്തിയ ശ്രീലങ്കയുടെ ദിലന്‍ക ഇസുരു കുമാര യോഗദെ വെങ്കലം നേടി.
സ്നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും ഉയര്‍ത്തിയാണ് സര്‍ഗര്‍ വെള്ളി മെഡല്‍ നേടിയത്. സ്നാച്ചില്‍ ആദ്യ ശ്രമത്തില്‍ തന്നെ 107 കിലോ ഉയര്‍ത്തിയ സര്‍ഗര്‍ രണ്ടാം ശ്രമത്തില്‍ അത് 111 കിലോയായി കൂട്ടി. മൂന്നാം ശ്രമത്തിലാണ് താരം 113 കിലോ ഉയര്‍ത്തിയത്. സ്നാച്ച് മത്സരം അവസാനിച്ചപ്പോള്‍ തന്നെ സര്‍ഗര്‍ ഏകദേശം മെഡലുറപ്പിച്ചു. എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു സര്‍ഗര്‍.
എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മത്സരിക്കുന്നതിനിടെ ഇന്ത്യന്‍ താരത്തിന് പരിക്കേറ്റു. ഇതോടെയാണ് സ്വര്‍ണ മെഡല്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ താരം 135 കിലോയുയര്‍ത്തി എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി.
എന്നാല്‍ രണ്ടാം ശ്രമത്തില്‍ താരത്തിന്റെ വലത്തേ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ ഈ ശ്രമം ഫൗളായി. പരിക്ക് വകവെയ്ക്കാതെ മൂന്നാം ശ്രമത്തില്‍ ഭാരമുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ സര്‍ഗര്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു.
ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 142 കിലോയുയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡോടെ അനീഖ് സ്വര്‍ണം നേടി. ഇതോടെ താരം ആകെ ഉയര്‍ത്തിയ ഭാരം സര്‍ഗറിനേക്കാള്‍ മുന്നിലായി. ഈ ഇനത്തിലെ ദേശീയ ചാമ്പ്യന്‍ കൂടിയാണ് സര്‍ഗര്‍. 2021 കോമണ്‍വെല്‍ത്ത് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടാനും സര്‍ഗറിന് സാധിച്ചിട്ടുണ്ട്.
രണ്ടാം മെഡല്‍ നേടിയ ഇന്ത്യയുടെ ഗുരുരാജ പൂജാരി ആകെ 269 കിലോ ഉയര്‍ത്തിയാണ് വെങ്കലം നേടിയത്. സ്നാച്ചില്‍ 118 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 151 കിലോയും ഉയര്‍ത്തിയാണ് താരം വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. ഈ ഇനത്തില്‍ മലേഷ്യയുടെ അസ്നില്‍ ബിന്‍ ബിഡിന്‍ മുഹമ്മദ് സ്വര്‍ണം നേടി. 285 കിലോ ഉയര്‍ത്തിയാണ് താരം സ്വര്‍ണം നേടിയത്. പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളി നേടി.
സ്നാച്ചിലെ ആദ്യ ശ്രമത്തില്‍ 115 കിലോ ഉയര്‍ത്തിയ ഗുരുരാജ രണ്ടാം ശ്രമത്തില്‍ 118 കിലോ ഉയര്‍ത്തി. എന്നാല്‍ 120 കിലോ ഉയര്‍ത്താനുള്ള മൂന്നാം ശ്രമം പാഴായി. സ്നാച്ച് അവസാനിക്കുമ്പോള്‍ താരം നാലാമതായിരുന്നു.
എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തതോടെയാണ് താരം വെങ്കല മെഡല്‍ ഉറപ്പിച്ചത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ 144 കിലോയും രണ്ടാം ശ്രമത്തില്‍ 148 കിലോയും ഉയര്‍ത്തിയ ഗുരുരാജ മൂന്നാം ശ്രമത്തില്‍ 151 കിലോ ഉയര്‍ത്തി വെങ്കലമുറപ്പിച്ചു.