| Thursday, 7th February 2019, 5:20 pm

പ്രിയപ്പെട്ട രാഹുല്‍ഗാന്ധി, മോദി വിരുദ്ധ ആഖ്യാനത്തിന്റെ ഉറവിടം കോണ്‍ഗ്രസ്സല്ല

ഡോ. പി കെ യാസ്സര്‍ അറഫാത്ത്

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കുകയായിരുന്നു. അദ്ദേഹം പറയുന്നത്, ഇന്നത്തെ മോദി വിരുദ്ധ തരംഗം ഉണ്ടാക്കിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണെന്നാണ്.

ബഹുമാനത്തോടെ വിസമ്മതിക്കുകയാണ് രാഹുല്‍.

നിങ്ങള്‍ മറക്കുകയാണ്, ഇന്ത്യയിലെ സിവില്‍ സൊസൈറ്റി പ്രതിരോധങ്ങളെ. കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷങ്ങളും അടുത്ത തിരഞ്ഞെടുപ്പിലും പരാജയം മണത്ത്, സമ്മതിച്ചു വലിയ പ്രതിരോധങ്ങളൊന്നുമില്ലാതെ ഇരുന്ന സമയത്തൊക്കെ എഴുത്തുകാരും, ചിന്തകരും, വിദ്യാര്‍ത്ഥികളും, അധ്യാപകരും കര്‍ഷകരും, ഫെമിനിസ്റ്റുകളും, ആര്‍ട്ടിസ്റ്റുകളും ഇന്ത്യയിലെ തെരുവുകളിലായിരുന്നു. അവര്‍ നിരന്തരം ഫാഷിസ്റ്റു സ്റ്റേറ്റിനെതിരെ ശബ്ദമുയര്‍ത്തുകയായിരുന്നു.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, പ്രതിപക്ഷത്തിന് കഴിയാത്ത, രാഷ്ട്രീയ ആഖ്യാനങ്ങള്‍ അവര്‍ നിരന്തരമായി രചിക്കുകയായിരുന്നു. ചെറുതും വലുതുമായ പത്രമാധ്യമങ്ങള്‍, പ്രാദേശിക പത്രലേഖകര്‍ നിരന്തരമായി പുറത്തു കൊണ്ടുവരികയായിരുന്നു മോദി ഇന്ത്യക്കു ഉണ്ടാക്കികൊണ്ടിരിക്കുന്ന പരിക്കുകള്‍. സാമൂഹ്യമാധ്യമങ്ങളിലെ ചെറുപ്പക്കാരും അല്ലാത്തവരും പ്രതിഷേധിക്കുകയായിരുന്നു രാവും പകലും.

ഇന്ത്യ ഒരിക്കലും കാണാത്ത രീതിയില്‍ ശാസ്ത്രജ്ഞരും ഗവേഷകരും തെരുവിലിറങ്ങുന്നതും കണ്ടു. ഇതായിരുന്നു മോദി കാലഘട്ടത്തിലെ ആദ്യത്തെ മൂന്നുവര്‍ഷത്തിന്റെ അവസ്ഥ. നോട്ടുനിരോധനത്തിന്റെ ആദ്യ ആറുമാസങ്ങളില്‍ പോലും കോണ്‍ഗ്രസ്സിന് മോദിക്കെതിരായ ആഖ്യാനങ്ങള്‍ കൃത്യമായി രചിക്കാന്‍ കഴിഞ്ഞിരുന്നില്ല. മോദി വിരുദ്ധ തരംഗമുണ്ടാക്കാന്‍ ഹൈദരാബാദ്, ജെ.എന്‍.യു, ദല്‍ഹി സര്‍വ്വകലാശാലയിലെയിലെയും മറ്റു ഗവേഷണ സ്ഥാപനങ്ങളിലെ അധ്യാപകരും എഴുത്തുകാരും, ഗവേഷകരും നടത്തിയ വര്‍ഷങ്ങളുടെ പ്രതിരോധം നിങ്ങള്‍ കാണാതെ പോകരുത്.

രവീഷ്‌കുമാര്‍, സായ്‌നാഥ് തുടങ്ങിയവര്‍ നടത്തിയ യാത്രകളും പുറത്തുകൊണ്ടുവന്ന യാഥാര്‍ത്യങ്ങളും ഈ മോദി വിരുദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളെ എങ്ങിനെയാണ് സഹായിച്ചത് എന്നതു പറഞു തീര്‍ക്കാന്‍ പറ്റാത്തതാണ്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ പ്രതിരോധ ആഖ്യാനങ്ങളില്ലാതെ ആശയക്കുഴപ്പത്തില്‍ നിന്നിരുന്ന കോണ്‍ഗ്രസ്സിന് അത് നിരന്തരമായി നിര്‍മ്മിച്ചുകൊടുത്ത് ഇന്ത്യയിലെ സിവില്‍ സൊസിറ്റിയാണ് എന്ന കാര്യം പകല്‍പോലെ തെളിച്ചമുള്ളതാണ്. ആ ആഖ്യാനങ്ങളുടെ ഉടമാവകാശം നിങ്ങള്‍ക്കല്ല.

ഒരുപാര്‍ട്ടിയോടും സ്വയം ബഹുമാനം നഷ്ടപ്പെടുന്ന രീതിയിലുള്ള വിധേയത്വമില്ലാത്തവരും, ഒരു പാര്‍ട്ടിയുടെയും അംഗങ്ങളുമെല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ തീര്‍ത്തതാണ് ഈ പ്രതിരോധം.

കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍, ഇന്ത്യയിലെ സിവില്‍ സൊസൈറ്റി രാഷ്ട്രീയാഖ്യാനങ്ങള്‍ വളരെ ബുദ്ധിപരമായി ഉപയോക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു എന്നുള്ളത് യാഥാര്‍ഥ്യമാണ്. അത് മാത്രമാണ് യാഥാര്‍ത്യം.

രാഷ്ട്രീയം പറയുമ്പോള്‍ ചരിത്രത്തെ മറക്കരുത്. വിജയാശംസകളോടൊപ്പം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു എന്നുമാത്രം



ഡോ. പി കെ യാസ്സര്‍ അറഫാത്ത്

ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അസിസ്റ്റന്റ പ്രൊഫസറാണ് ലേഖകന്‍

Latest Stories

We use cookies to give you the best possible experience. Learn more