നീറ്റ് പരീക്ഷ ഇത്തവണ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍: സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും
Daily News
നീറ്റ് പരീക്ഷ ഇത്തവണ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍: സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th May 2016, 2:20 pm

neetന്യൂദല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ അഥവാ നീറ്റ് ഈ വര്‍ഷം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നീറ്റ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. മെയ് 9ലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണിത്.

ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ ഏകീകൃ പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ഇതിനെതിരായ വിവിധ ഹര്‍ജികള്‍ തള്ളുകയും ചെയ്തിരുന്നു.

പുതിയ ഓര്‍ഡിനന്‍സ് വരുന്നതോടെ സംസ്ഥാന സര്‍ക്കാറുകള്‍ക്കും എ.ഐ.ഐ.എം.എസ് പോലുള്ള സ്ഥാനപങ്ങള്‍ക്കും അവരുടേതായ അഡ്മിഷന്‍ പരീക്ഷ നടത്താന്‍ സാധിക്കും.

നീറ്റ് നടപ്പാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതിനിടയിലും നീറ്റ് ഫോര്‍മാറ്റിലുള്ള ആദ്യ റൗണ്ട് പരീക്ഷകള്‍ നടത്തി. രണ്ടാമത്തെ റൗണ്ട് പരീക്ഷ ജൂലൈ 24ന് നടക്കാനിരിക്കയാണ്.

സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഉത്തരവ് ഈ വര്‍ഷം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. പെട്ടെന്ന് നീറ്റ് നടപ്പാക്കുന്നത് ഒട്ടേറെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നായിരുന്നു ഇവരുടെ വാദം.

ഇതേവാദമുയര്‍ത്തി നിരവധി രക്ഷിതാക്കളും കോടതിയെ സമീപിച്ചിരുന്നു.